| Wednesday, 11th July 2018, 11:03 am

വിദ്യാഭ്യാസത്തിലെ കാവിവത്കരണം സ്ഥിരീകരിച്ച് ആര്‍.എസ്.എസ്; തങ്ങള്‍ ആവശ്യപ്പെട്ട പലമാറ്റങ്ങളും എന്‍.സി.ഇ.ആര്‍.ടി വരുത്തിയിട്ടുണ്ടെന്ന് സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങളുടെ നിര്‍ദേശ പ്രകാരം എന്‍.സി.ഇ.ആര്‍.ടി ടെക്‌സ്റ്റു പുസ്തകങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ആര്‍.എസ്.എസ്. ആര്‍.എസ്.എസിന്റെ കീഴിലുള്ള ശിക്ഷ സംസ്‌കൃതി ഉഠ്ഥന്‍ ന്യാസ് ആണ് അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്.

ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പി.ജി.ഡി.എ.വി കോളജിന്റെ 14ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദ്യാഭ്യാസ സമ്പ്രദായത്തെ മുഴുവന്‍ പരിഷ്‌കരിക്കുകയെന്നത് ഏറെ സമയമെടുക്കും. വ്യവസ്ഥിതിയില്‍ നിന്നും എല്ലാ മുന്‍വിധികളും നമ്മള്‍ ഇല്ലാതാക്കണം. ഞങ്ങളുടെ സംഘടന നല്‍കിയ ശുപാര്‍ശ പ്രകാരമുള്ള ഒട്ടനവധി മാറ്റങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി ഇതിനകം വരുത്തിക്കഴിഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും.” ന്യാസ് നാഷണല്‍ സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു.


Also Read:ബ്രസീലിനോട് തോറ്റാല്‍ സന്തോഷത്തോടെ മടങ്ങാമായിരുന്നു, ഫ്രാന്‍സ് കളിച്ചത് ഫുട്‌ബോളല്ല: ബെല്‍ജിയന്‍ ഗോളി


ആര്‍.എസ്.എസിനു കീഴിലുള്ള വിദ്യാഭാരതി കഴിഞ്ഞവര്‍ഷം എന്‍.സി.ഇ.ആര്‍.ടിയ്ക്ക് അഞ്ചുപേജുള്ള ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. ഹിന്ദി പുസ്തകത്തില്‍ നിന്നും ഉര്‍ദു വാക്കുകള്‍, രബീന്ദ്രനാഥ ടാഗോളിന്റെയും മിര്‍സ ഗാലിബിന്റെയും കവിതകള്‍ എന്നിവയടക്കം ഒട്ടേറെ കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്വാമി വിവേകാനന്ദന്‍, മഹാറാണാ പ്രതാപ്, ശിവജി മഹാഋഷി അരവിന്ദ് എന്നിവരുടെ ജീവിതം ഹൈലറ്റ് ചെയ്യാനും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആര്‍.എസ്.എസ് പറയുന്നു.

തങ്ങള്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ ആര്‍.എസ്.എസ് മറ്റു പല പുസ്തകങ്ങളും പുനപരിശോധനാ വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.


Also Read:പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ വാഹനം ലഭിച്ചില്ല; മാതാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്


“കൂടാതെ പൗരാണിക വിദ്യാഭ്യാസ സമ്പ്രദായത്തെയും പ്രത്യയശാസ്ത്രങ്ങളെയും കുറിച്ചുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പുരോഗമനത്തിന്റെ ലക്ഷണമാണ്.” കോത്താരി പറഞ്ഞു.

പുസ്തകങ്ങള്‍ പുനപരിശോധിക്കുന്നത് ഡിസംബര്‍ വരെ തുടരുമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്.

We use cookies to give you the best possible experience. Learn more