ന്യൂദല്‍ഹി: പത്താം തരം പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ സ്രോതസ് എന്നീ ഭാഗങ്ങള്‍ കൂടി ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. പഠനഭാരം കുറക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം.
നേരത്തെ നിരവധി പാഠഭാഗങ്ങള്‍ എന്‍.സി.ആര്‍.ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ എന്‍.സി.ആര്‍.ടി പുറത്തിറക്കിയ പുസ്‌കത്തില്‍ നിന്നാണ് പിരിയോഡിക് ടേബിള്‍ എടുത്ത് കളഞ്ഞത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനഭാരം കുറക്കാന്‍ വേണ്ടിയാണ് പാഠഭാഗങ്ങള്‍ കുറച്ചതെന്ന് എന്‍.സി.ആര്‍.ടിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട്, ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമായ ഉള്ളടക്കങ്ങള്‍ എന്നിവയാണ് എന്‍.സി.ആര്‍.ടി ഒഴിവാക്കുന്നതിന്റെ കാരണമായി പറയുന്നത്.
പരിസ്ഥിതി സുസ്ഥിരത, ഊര്‍ജ സ്രോതസ്, ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
ഇനി ഹയര്‍ സെക്കണ്ടറി തലത്തില്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ കൂടി മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കുകയുള്ളൂ. സയന്‍സ് നിര്‍ബന്ധമായും പഠിക്കുന്ന അവസാന ക്ലാസാണ് പത്താം തരം.
ഹയര്‍ സെക്കണ്ടറി തലത്തില്‍ കെമിസ്ട്രി പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ പിരിയോഡിക് ടേബിള്‍ പഠിക്കാന്‍ സാധിക്കുകയുള്ളൂ.
ഈ വര്‍ഷം ആദ്യം പത്താം ക്ലാസ് സയന്‍സ് പുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ പഠിക്കുമെന്നാണ് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞത്.
content highlight: ncert exclude periodic table and democracy from ncert