കോഴിക്കോട്: എന്‍സി.സി കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച്ചപറ്റിയെന്ന് എന്‍.സി.സി. എന്‍.സി.സി ഡെപ്യൂട്ടി കമാന്‍ഡന്റ് നന്ദകുമാറാണ് തങ്ങളുടെ വീഴ്ച്ച വ്യക്തമാക്കിയത്. അതേസമയം സംഭവത്തില്‍ എന്‍.സി.സിക്കെതിരെ ആരോപണവുമായി മരിച്ച ധനുഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. എന്‍.സി.സി നല്‍കിയ വിശദീകരണം വിശ്വസിക്കാനാവില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ധനുഷിന്റെ മരണം സംബംന്ധിച്ച കാരണം കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് ഡപ്യൂട്ടി കമാന്‍ഡന്റ് നന്ദകുമാര്‍ പറഞ്ഞു. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എന്‍.സി.സി ക്യാമ്പിലെ പരിശീലനത്തിനിടെയാണ് ധനുഷ് വെടിയേറ്റ് മരിച്ചത്. സ്വന്തം തോക്കില്‍ നിന്നാണ് വെടിയേറ്റത് എന്നാണ് ഒദ്യോഗിക വിശദീകരണം. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ മേല്‍നോട്ടമില്ലാതെ തോക്ക് ഉപയോഗിക്കാന്‍ എന്‍.സി.സി കേഡറ്റുകളെ അനുവദിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ആരോപണമുയരുന്നുണ്ട്.