മുംബൈ: ലഹരിക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ വിജിലന്‍സ് ചോദ്യം ചെയ്യും. എന്‍.സി.ബിയുടെ തന്നെ വിജിലന്‍സിന്റെ അഞ്ചംഗ സംഘമാണ് വാങ്കഡെയെ ചോദ്യം ചെയ്യുക.
ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ട ലഹരിക്കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നത്.
എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കേസിലെ സാക്ഷികളായ കെ.പി. ഗോസാവിയേയും പ്രഭാകര്‍ സെയിലിനേയും ചോദ്യം ചെയ്യും.
സമീര്‍ വാങ്കഡെയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുറത്തുവന്നിരുന്നു. സമീര്‍ വാങ്കഡെയ്ക്കെതിരെയുള്ള കത്ത് എന്‍.സി.പി നേതാവ് നവാബ് മാലിക് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു എന്‍.സി.ബി ഉദ്യോഗസ്ഥന്റേതാണ് കത്ത്.
ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിക്കുന്നു.
ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തിയ പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണെന്നും കത്തില്‍ പറയുന്നുണ്ട്.
ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്ത് എന്‍.സി.ബി തലവന് കൈമാറുമെന്നാണ് വിവരം.
കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാങ്കഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിംഗ് എന്‍.സി.ബി.യുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയാണ്.
ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: NCB’s vigilance dept to quiz Sameer Wankhede over ‘extortion’ charge on Wednesday