ന്യൂദല്‍ഹി: വര്‍ഗീയത പുലര്‍ത്തുന്ന വാര്‍ത്തകള്‍ നീക്കാന്‍ ന്യൂസ് 18 ചാനലിന് നിര്‍ദ്ദേശം നല്‍കി ന്യൂസ് ബ്രോഡ്കാസ്റ്റിങ് & ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍.ബി.ഡി.എസ്.എ). ചാനലിന് 25000 രൂപ പിഴയും എന്‍.ബി.ഡി.എസ്.എ ചുമത്തിയിട്ടുണ്ട്. അമന്‍ ചോപ്ര അവതരിപ്പിച്ച പ്രൈംടൈം ഷോകള്‍ക്കെതിരെയാണ് നടപടി.
പ്രേക്ഷകരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും, ന്യൂസ് 18 ചാനല്‍ ബ്രോഡ്കാസ്റ്റിങ് എത്തിക്ക്‌സ് ലംഘിച്ചെന്നും എന്‍.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി.
അമന്‍ ചോപ്ര അവതരിപ്പിച്ച അഞ്ച് പരിപാടികളുടെ വീഡിയോ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. മുസ്‌ലിം വിരുദ്ധത നിറഞ്ഞ ഉള്ളടക്കമാണ് വീഡിയോകളിലുണ്ടായിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു.
പരാതി ലഭിച്ച ആദ്യ വീഡിയോയില്‍ ഗര്‍ബ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുസ്‌ലിം യുവാക്കളെ ഗുജറാത്ത് പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. മുസ്‌ലിം യുവാക്കള്‍ മറ്റ് പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നും മറിച്ച് ഹിന്ദുത്വ പരിപാടികളില്‍ ഇവര്‍ക്കുള്ള താത്പര്യത്തിന്റെ ഉദ്ദേശ്യം മറ്റൊന്നാണെന്നുമായിരുന്നു അമന്‍ ചോപ്രയുടെ പരാമര്‍ശം.
പൊലീസിന്റെ അക്രമനടപടിയെ അപലപിക്കാന്‍ ന്യൂസ് 18 മറന്നുപോയെന്നും ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ ഉണര്‍ത്തുമെന്നും എന്‍.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി.
മറ്റൊരു വീഡിയോയില്‍ അമന്‍ ചോപ്ര മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് കാണാം. അവര്‍ ഹിന്ദു സ്ത്രീകളെ കീഴ്‌പ്പെടുത്താന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിപാടിയില്‍ അവതാരകന്‍ പറയുന്നുണ്ട്.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നില്ലെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും അമന്‍ ചോപ്ര പരിപാടിയില്‍ പറഞ്ഞതായും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ഭൂരിപക്ഷമായ ഹിന്ദുക്കളോട് ന്യൂനപക്ഷങ്ങള്‍ക്ക് വെറുപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു അവതാരകന്‍ നിഷ്പക്ഷനായിരിക്കണമെന്നും രാഷ്ട്രീയം ചാനല്‍ പരിപാടികളില്‍ വിളമ്പരുതെന്നും എന്‍.ബി.ഡി.എസ്.എ പറഞ്ഞു.
Content Highlight: NBDSA issues notice to News18 channel for spreading hate contents