| Wednesday, 2nd November 2022, 8:43 pm

മെസി ഒരിക്കലും ആ ടീമില്‍ കളിക്കില്ല, അങ്ങനെ കളിച്ചാല്‍ സീസണ്‍ ടിക്കെറ്റെടുത്ത് എല്ലാ കളിയും ഇരുന്ന് കാണും; വമ്പന്‍ പ്രസ്താവനയുമായി ബാസ്‌കറ്റ് ബോള്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചയായ ട്രാന്‍സ്ഫറുകളിലൊന്നായിരുന്നു അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സ വിട്ട് പി.എസ്.ജിയില്‍ ചേര്‍ന്നത്. കഴിഞ്ഞ സമ്മറില്‍, ഒരു സൂപ്പര്‍ താരമെന്ന നിലയിലേക്ക് തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച കറ്റാലന്‍ ക്ലബ്ബിനോട് നിറകണ്ണുകളോടെ ഗുഡ്‌ബൈ പറഞ്ഞായിരുന്നു താരം പാരീസിലെത്തിയത്.

ഈ സീസണോടു കൂടി പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാന്‍ പി.എസ്.ജി തയ്യാറെടുത്തിരുന്നെങ്കിലും ഖത്തര്‍ ലോകകപ്പിന് ശേഷം മാത്രം കരാറുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാം എന്ന് മെസി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താരത്തെ ബാഴ്‌സയിലേക്കെത്തിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യാന്‍ ബാഴ്‌സ ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി അടക്കമുള്ള പ്രീമിയര്‍ ലീഗ് ടീമുകളും മെസിയുടെ പിന്നാലെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ യൂറോപ്പില്‍ നിന്ന് തന്നെ തട്ടകം മാറ്റാനും അമേരിക്കയിലേക്ക് പറിച്ചുനടാനും മെസി ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമിയിലേക്ക് മെസി ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്.

ഡേവിഡ് ബെക്കാമിന് പുറമെ ഇന്റര്‍ മിയാമിയുടെ ഉടമകളായ ജോര്‍ജ് മാസ്, ജോസ് മാസ് എന്നിവര്‍ മെസിയുടെ പിതാവായ ജോര്‍ജ് മെസിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മെസി ഒരിക്കലും ഇന്റര്‍ മിയാമിയില്‍ എത്തില്ലെന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ മിയാമിയുടെ എല്ലാ മത്സരവും താന്‍ സ്‌റ്റേഡിയത്തിലെത്തി കാണുമെന്നും പറഞ്ഞിരിക്കുകയാണ് എന്‍.ബി.എ (NBA) സൂപ്പര്‍ താരം ജോഷ് ഹാര്‍ട്ട്. പോര്‍ട്ട്‌ലാന്‍ഡ് ട്രെയില്‍ ബ്ലേസേഴ്‌സ് (Portland Trail Blazers) താരമായ ഹാര്‍ട്ട് മെസിയുടെ ആരാധകനാണ്.

ട്വിറ്ററിലൂടെയാണ് മെസി ഇന്റര്‍ മിയാമിയിലെത്തുകയാണെങ്കില്‍ താരത്തിന്റെ എല്ലാ മത്സരങ്ങളും കാണുമെന്ന് ജോഷ് ഹാര്‍ട്ട് പറഞ്ഞത്.

അതേസമയം, മികച്ച പ്രകടനമാണ് മെസി പി.എസ്.ജിയില്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ സീസണില്‍ മങ്ങിയെങ്കിലും തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധമാണ് താരം പി.എസ്.ജിയില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

ലീഗ് വണ്ണിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും പി.എസ്.ജിയുടെ മുന്നേറ്റത്തിലെ പ്രധാന ഘടകങ്ങളിലൊന്ന് മെസി മാജിക് തന്നെയാണ്.

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പാണ് മെസി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. കോപ്പാ അമേരിക്കക്കും ഫൈനലിസിമക്കും ശേഷം അര്‍ജന്റീനയെ ലോകകിരീടം ചൂടിക്കാന്‍ തന്നെയാവും മെസിയും സംഘവും ഒരുങ്ങുന്നത്.

Content highlight: NBA star Josh Hart about Lionel Messi’s arrival to Inter Miami

We use cookies to give you the best possible experience. Learn more