Entertainment
ലാലേട്ടന്റെ ആ സീന്‍ ഓര്‍ത്താല്‍ ഇന്നും കരച്ചില്‍ വരും; അതില്‍ മകളായി അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു: നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 20, 09:49 am
Wednesday, 20th November 2024, 3:19 pm

ബ്ലെസി സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു തന്മാത്ര. പത്മരാജന്റെ ‘ഓര്‍മ’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുങ്ങിയത്. അല്‍ഷിമേഴ്സ് രോഗം ബാധിച്ച രമേശന്‍ നായറായി ഈ ചിത്രത്തില്‍ എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.

അദ്ദേഹത്തിന് പുറമെ മീര വാസുദേവ്, നെടുമുടി വേണു തുടങ്ങിയവരായിരുന്നു തന്മാത്രയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. സിനിമയില്‍ മോഹന്‍ലാലിന്റെ മക്കളായി എത്തിയത് അര്‍ജുന്‍ ലാലും ബേബി നിരഞ്ജനയുമായിരുന്നു.

എന്നാല്‍ തന്മാത്രയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിക്കാന്‍ ബ്ലെസി തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് നടി നസ്രിയ. തന്നെ സംവിധായകന്‍ ആദ്യം തന്മാത്രയിലേക്കായിരുന്നു വിളിച്ചതെന്നും അതില്‍ അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് മമ്മൂട്ടി ചിത്രമായ പളുങ്കില്‍ അഭിനയിച്ചതെന്നും നസ്രിയ പറയുന്നു.

തന്മാത്ര സിനിമയുടെ അവസാനം മോഹന്‍ലാല്‍ മരിക്കുന്ന സീന്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോഴും കരച്ചില്‍ വരുമെന്നും നടി പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ച സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നസ്രിയ.

‘ആ സിനിമയുടെ അവസാനം ലാലേട്ടന്‍ കിടക്കുന്ന ഒരു സീനുണ്ട്. അതേ കിടത്തത്തില്‍ തന്നെയാണ് അദ്ദേഹം മരണപ്പെടുന്നത്. ആ സീന്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും കരച്ചില്‍ വരും.

എന്നെ അഭിനയിക്കാനായി ബ്ലെസി അങ്കിള്‍ ആദ്യം വിളിച്ചത് തന്മാത്രയിലേക്കായിരുന്നു. പക്ഷെ എനിക്ക് അത് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ പളുങ്കില്‍ അഭിനയിക്കുന്നത്. ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാന്‍ അഭിനയിക്കേണ്ടത്,’ നസ്രിയ പറയുന്നു.

Content Highlight: Nazriya Talks About Thanmathra And Mohanlal