പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നസ്രിയ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്.
ബേസില്‍ ജോസഫാണ് സൂക്ഷ്മദര്‍ശിനിയിലെ നായകന്. എം.സി. ജിതിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് സൂക്ഷ്മദര്‍ശിനിയുടെ ഏറ്റവും വലിയ പ്രത്യേകത.
തനിക്ക് ഈ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വളരെയേറെ അഭിമാനം തോന്നുന്നുണ്ടെന്ന് പറയുകയാണ് നസ്രിയ. കഥ കേട്ട ഉടനെ തനിക്ക് സൂക്ഷ്മദര്‍ശിനിയുടെ ഭാഗമാകണമെന്ന് തീരുമാനിച്ചിരുന്നെന്നും ഈ സിനിമ തന്റെ തൊപ്പിയിലെ ഒരു തൂവലാകുമെന്ന് ഉറപ്പായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി രേഖ മേനോന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്രിയ. തനിക്ക് ഓരോ തവണയും ഒരു സിനിമ തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ കാരണങ്ങളുണ്ടെന്നും നടി പറയുന്നു.
‘എനിക്ക് ഈ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വളരെയേറെ അഭിമാനം തോന്നുന്നുണ്ട്. ഈ കഥ കേട്ട ഉടനെ ഞാന്‍ എനിക്ക് സൂക്ഷ്മദര്‍ശിനിയുടെ ഭാഗമാകണമെന്ന് തീരുമാനിച്ചിരുന്നു. ഈ സിനിമ എന്റെ തൊപ്പിയിലെ ഒരു തൂവല്‍ ആകുമെന്ന് ഉറപ്പായിരുന്നു.
എനിക്ക് ഓരോ തവണയും ഓരോ സിനിമ തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ കാരണങ്ങളുണ്ട്. എല്ലാവരും എന്താണ് ആ കാരണമെന്ന് എന്നോട് ചോദിക്കാറുണ്ട്. സൂക്ഷ്മദര്‍ശിനി തെരഞ്ഞെടുക്കാന്‍ കാരണം ഈ കഥാപാത്രം ചെയ്തതില്‍ ഞാന്‍ എന്നും അഭിമാനിക്കും എന്നത് തന്നെയാണ്,’ നസ്രിയ പറഞ്ഞു.
Content Highlight: Nazriya Talks About Sookshma Darshini Movie