പളുങ്കില്‍ ആ സീനെടുക്കുമ്പോള്‍ ആക്ഷന്‍ പറഞ്ഞാല്‍ മാത്രമാണ് മമ്മൂട്ടി അങ്കിള്‍ എന്റെ കൈ വിട്ടിരുന്നത്: നസ്രിയ
Entertainment
പളുങ്കില്‍ ആ സീനെടുക്കുമ്പോള്‍ ആക്ഷന്‍ പറഞ്ഞാല്‍ മാത്രമാണ് മമ്മൂട്ടി അങ്കിള്‍ എന്റെ കൈ വിട്ടിരുന്നത്: നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2024, 3:44 pm

ബ്ലെസി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പളുങ്ക്. മമ്മൂട്ടി നായകനായ ഈ സിനിമയില്‍ ലക്ഷ്മി ശര്‍മ, നിവേദിത, നസ്രിയ, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയിരുന്നത്.

നസ്രിയയുടെ കരിയറിലെ ആദ്യ സിനിമയായിരുന്നു പളുങ്ക്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് നടി അഭിനയിച്ചത്. പളുങ്കില്‍ ഇന്നും പ്രേക്ഷകര്‍ കണ്ട് കരയുന്ന സീനായിരുന്നു, നസ്രിയ അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രം മരിച്ചതിന് ശേഷമുള്ള മമ്മൂട്ടിയുടെ സീനുകള്‍.

സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ മമ്മൂട്ടി കരഞ്ഞ സീനുകള്‍ തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്ന് പറയുകയാണ് നസ്രിയ. താന്‍ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആറിലോ അഞ്ചിലോ പഠിക്കുകയായിരുന്നെന്നും മമ്മൂട്ടി സീനുകള്‍ എടുക്കുന്നതിന് മുമ്പ് വരെ തന്റെ കൈ പിടിച്ചിട്ടാണ് ഇരുന്നതെന്നും നടി പറയുന്നു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്രിയ.

‘പളുങ്കില്‍ മമ്മൂട്ടി അങ്കിള്‍ കരയുന്ന ആ സീന്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മരിച്ച് കഴിഞ്ഞിട്ട് എന്നെ ശവപ്പെട്ടിയില്‍ കിടത്തിയിട്ട് എടുത്ത ഒരു സീന്‍ ഉണ്ടായിരുന്നു. അന്ന് മമ്മൂട്ടി അങ്കിള്‍ എന്റെ തൊട്ടടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആറിലോ അഞ്ചിലോ പഠിക്കുകയായിരുന്നു. എന്നിട്ടും എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ചില കാര്യമുണ്ട്. മമ്മൂട്ടി അങ്കിള്‍ ആ സീന്‍ എടുക്കുന്നതിന് മുമ്പ് വരെ എന്റെ കൈ പിടിച്ചിട്ടാണ് ഇരുന്നത്. ആക്ഷന്‍ പറയുമ്പോള്‍ മാത്രമാണ് അദ്ദേഹം എന്റെ കൈ വിട്ടത്.

പിന്നെ കട്ട് പറഞ്ഞാല്‍ പെട്ടെന്ന് തന്നെ ആ പെട്ടി തുറന്ന് എന്നെ എഴുന്നേല്‍പ്പിക്കുമായിരുന്നു. അങ്കിള്‍ എന്റെ പൊന്നേയെന്ന് പറഞ്ഞ് കരയുന്ന സീനില്‍ എനിക്ക് ശരിക്കും എന്റെ ഡാഡ് കരയുന്നത് പോലെയാണ് തോന്നിയത്.

ആ സിനിമയുടെ ജേര്‍ണി എനിക്ക് അത്രയും വ്യക്തമായി ഓര്‍മയുണ്ട്. മമ്മൂട്ടി അങ്കിളിനെയും മറക്കാനായിട്ടില്ല,’ നസ്രിയ പറയുന്നു.


Content Highlight: Nazriya Talks About Mammootty And Palunku Movie