| Monday, 18th November 2024, 12:41 pm

എന്റെ സിനിമകളില്‍ വിചാരിച്ചതിനേക്കാള്‍ ഇമ്പാക്ടുണ്ടാക്കിയ സീന്‍; അന്ന് സ്‌ക്രീനിലത് കാണാന്‍ ഞാന്‍ കാത്തിരുന്നു: നസ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.ആര്‍. മുരുഗദോസ് നിര്‍മിച്ച് ആറ്റ്‌ലി സംവിധാനം ചെയ്ത സിനിമയായിരുന്നു രാജാ റാണി. 2013ല്‍ പുറത്തിറങ്ങിയ ഈ സിനിമ ആറ്റ്‌ലിയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു. നയന്‍താര, ആര്യ, ജയ് തുടങ്ങിയവര്‍ ഒന്നിച്ച രാജാ റാണിയില്‍ നസ്രിയയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ രാജാ റാണിയില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സീനിനെ കുറിച്ച് പറയുകയാണ് നസ്രിയ.

താന്‍ ആക്‌സിഡന്റില്‍ മരിക്കുന്ന സീനിനെ കുറിച്ചാണ് നടി സംസാരിച്ചത്. ആ സീന്‍ ഷൂട്ട് ചെയ്ത ശേഷം എങ്ങനെയാകും സ്‌ക്രീനില്‍ വരുന്നതെന്ന് കാണാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും നസ്രിയ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് രാജാ റാണിയില്‍ ഏറ്റവും ഇഷ്ടമുള്ള സീന്‍ ഞാന്‍ തട്ടിപോകുന്ന സീനാണ്. എല്ലാവരെയും ഒരുപാട് വിഷമിച്ച ഒരു സീനായിരുന്നു അത്. എന്റെ സിനിമകളില്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ ഇമ്പാക്ട് ഉണ്ടാക്കിയ സീനായിരുന്നു അത്. ഷൂട്ട് ചെയ്യുന്ന സമയത്ത് റോപ്പിലും മറ്റും തൂക്കി കയറ്റിയാണ് ആ സീനെടുത്തത്.

റോപ്പും ആക്ഷനുമൊക്കെയുള്ള എന്റെ ആദ്യ സിനിമയായിരുന്നു അത്. ചെയ്ത് കഴിഞ്ഞ ശേഷം എങ്ങനെയാകും സ്‌ക്രീനില്‍ വരുന്നതെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ വളരെ ഇമ്പാക്ടുള്ളതായി തോന്നി. അത് തന്നെയാണ് രാജാ റാണിയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍,’ നസ്രിയ പറയുന്നു.

നസ്രിയ നായികയായി എത്തിയ മറ്റൊരു ചിത്രമായിരുന്നു നേരം. അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. ഈ സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍ നിവിന്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്നതാണെന്നും നസ്രിയ അഭിമുഖത്തില്‍ പറഞ്ഞു.


Content Highlight: Nazriya Talks About Her Fav Scene In Raja Rani Movie

We use cookies to give you the best possible experience. Learn more