| Monday, 18th November 2024, 9:19 am

ഞങ്ങള്‍ ഒരുമിച്ചുള്ള ആ സീന്‍ ഷാനു ചോദിച്ച് വാങ്ങിയതാണ്, പുള്ളിയുടെ വലിയൊരു ആഗ്രഹമായിരുന്നു അത്: നസ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച രീതിയില്‍ വിജയം കണ്ടിരുന്നില്ല. എന്നിരുന്നാലും ചിത്രത്തില്‍ ഫഹദിന്റെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ചിത്രത്തില്‍ നസ്രിയയും പ്രധാനവേഷത്തിലെത്തിയിരുന്നു. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത്.

ട്രാന്‍സിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നസ്രിയ. ചിത്രത്തില്‍ ഫഹദും നസ്രിയയും ഒരുമിച്ച് സ്ലോ മോഷനില്‍ നടന്നുവരുന്ന സീന്‍ ഫഹദ് ഫാസില്‍ ചോദിച്ചുവാങ്ങിയതാണെന്ന് നസ്രിയ പറഞ്ഞു. അമല്‍ നീരദിന്റെ ഫ്രെയിമില്‍ ഭാര്യയും ഭര്‍ത്താവും സ്ലോ മോഷനില്‍ നടന്നുവരുന്ന ഒരു ഷോട്ട് ഫഹദിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും അങ്ങനെയാണ് അന്‍വര്‍ റഷീദും അമല്‍ നീരദും ആ ഷോട്ട് എടുത്തതെന്നും നസ്രിയ പറഞ്ഞു.

ആ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്റെ മനസില്‍ ആദ്യം ഓര്‍മവരുന്ന സീന്‍ അതാണെന്നും വലിയൊരു ഗ്യാപ്പിന് ശേഷം താനും ഫഹദും ഒന്നിച്ച സിനിമയാണ് ട്രാന്‍സെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം പറഞ്ഞത്.

‘ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഞാനും ഷാനുവും ഒന്നിച്ച സിനിമയായിരുന്നു ട്രാന്‍സ്. ആ സിനിമയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഞങ്ങള്‍ രണ്ടും ഒരുമിച്ച് സ്ലോ മോഷനില്‍ നടന്നുവരുന്ന സീനാണ്. ഷാനു ആ സീന്‍ അന്‍വറിക്കയോടും അമലേട്ടനോടും ചോദിച്ചു വാങ്ങിയതാണ്. പുള്ളിയുടെ വലിയൊരു ആഗ്രഹമായിരുന്നു അമല്‍ നീരദിന്റെ ഫ്രെയിമില്‍ ഭാര്യയും ഭര്‍ത്താവും സ്ലോ മോഷനില്‍ നടന്നുവരുന്നത്. ആ സീന്‍ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു,’ നസ്രിയ പറഞ്ഞു.

അതേസമയം നസ്രിയ പ്രധാനവേഷത്തിലെത്തുന്ന സൂക്ഷ്മദര്‍ശിനി റിലീസിനൊരുങ്ങുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് നസ്രിയ മലയാളസിനിമയുടെ ഭാഗമാകുന്നത്. ബേസില്‍ ജോസഫും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ എം.സി. ജിതിനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നവംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Nazriya shares memories of Trance movie and acting with Fahadh

We use cookies to give you the best possible experience. Learn more