ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും പ്രേക്ഷകമനസില്‍ ഇടംപിടിച്ച താരമാണ് നസ്രിയ. മലയാളത്തിന് പുറമേ തമിഴിലും സാന്നിധ്യമറിയിച്ച നസ്രിയക്ക് തെന്നിന്ത്യയാകെ വലിയ ആരാധക വൃന്ദമാണുള്ളത്. തമിഴിലും മലയാളത്തിലുമായി സജീവമായി നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. സ്വഭാവികമായും ഇതിനു ശേഷം നസ്രിയയ്ക്ക് അവസരങ്ങള്‍ കുറഞ്ഞിരുന്നു.
തിരിച്ചു വരവിനെ പറ്റിയുള്ള ചോദ്യങ്ങള്‍ അന്ന് പലരും ചോദിച്ചിരുന്നു എന്ന് പറയുകയാണ് നസ്രിയ. എന്നാല്‍ ഇന്ന് ആളുകളുടെ കാഴ്ചപ്പാട് മാറിയെന്നും തിരിച്ചു വരവിനെ പറ്റിയുള്ള ചോദ്യങ്ങള്‍ കുറഞ്ഞുവെന്നും പറയുകയാണ് നസ്രിയ. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ പ്രതികരണം.
‘കല്യാണം കഴിഞ്ഞപ്പോഴേ ഞാന്‍ അതിനെ പറ്റി ചിന്തിച്ചിരുന്നു. അങ്ങനെയൊരു ബ്രേക്കിനെ പറ്റി ഞാന്‍ പ്ലാന്‍ ചെയ്തിട്ട് പോലുമില്ലായിരുന്നു. ഫഹദ് ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ അതിനെ പറ്റി ആരും സംസാരിക്കുന്നില്ല. ഞാന്‍ എന്തുകൊണ്ട് ബ്രേക്ക് എടുത്തു എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഞാന്‍ അങ്ങനെയൊരു ബ്രേക്ക് പ്ലാന്‍ ചെയ്തിട്ടില്ല. അത് പതിയെ മാറും. ഇപ്പോള്‍ അധികമാരും അങ്ങനെ ചോദിക്കാറില്ല. തിരിച്ചു വരവിനെ പറ്റി ചോദിക്കുന്നത് പഴയതിനെക്കാള്‍ കുറഞ്ഞു,’ നസ്രിയ പറഞ്ഞു.
തെലുങ്ക് നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാവുന്ന അണ്ടേ സുന്ദരാനികിയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന നസ്രിയയുടെ ചിത്രം. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ പത്തിന് റിലീസ് ചെയ്യും.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്നുണ്ട്. അണ്ടേ സുന്ദരാനികിയില്‍ താന്‍ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്തതെന്ന് അടുത്തിടെ നദിയ മൊയ്തു അറിയിച്ചിരുന്നു. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Nazriya says that today people’s perspective has changed and there are less questions about coming back