ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു. 150 കോടിയാണ് ചിത്രം നേടിയത്. ഒ.ടി.ടി റിലീസിന് ശേഷം ആവേശം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. രംഗന്‍ എന്ന ഗ്യാങ്സ്റ്ററായാണ് ഫഹദ് ആവേശത്തില്‍ വേഷമിട്ടത്.
മാസും ആക്ഷനും കോമഡിയും ഇമോഷനും എല്ലാം കൃത്യമായ അളവില്‍ ചേര്‍ന്ന കഥാപാത്രമായിരുന്നു രംഗന്‍. ഫഹദ് ആ കഥാപാത്രത്തെ ഗംഭീരമായി പകര്‍ന്നാടിയെന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ ചേര്‍ന്നാണ് ആവേശം നിര്‍മിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നസ്രിയ.
ചിത്രത്തില്‍ ഫഹദിന്റെ ഐക്കോണിക് ഡയലോഗായ ‘എടാ മോനെ’ തന്റെ കോണ്‍ട്രിബ്യൂഷനാണെന്ന് പലരും പറഞ്ഞത് കേട്ടെന്നും എന്നാല്‍ ആ ഡയലോഗിന്റെ സ്രഷ്ടാവ് ജിത്തു മാധവന്‍ തന്നെയാണെന്ന് നസ്രിയ പറഞ്ഞു. ആ ഡയലോഗ് താന്‍ പറഞ്ഞ മോഡുലേഷന്‍ മാത്രമേ സിനിമയിലെടുത്തതെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. സെറ്റിലെത്തിയ സമയത്ത് താന്‍ ആ ഡയലോഗ് ഫഹദിന്റെയടുത്ത് തന്റേതായ സ്റ്റൈലില്‍ പറഞ്ഞത് ജിത്തു കേട്ടെന്നും നസ്രിയ പറഞ്ഞു.
രംഗന്‍ എന്ന ക്യാരക്ടറിന് വേണ്ടി ഫഹദ് റഫറന്‍സായി എടുത്തത് ചട്ടമ്പിനാടായിരുന്നെന്നും അതിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി നല്ല രസമുണ്ടായിരുന്നെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ഫഹദ് തന്നെ പല സ്റ്റേജിലും പറഞ്ഞിട്ടുണ്ടെന്നും ആ സെറ്റ് നല്ല രസകരമായ അനുഭവമായിരുന്നെന്നും നസ്രിയ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു നസ്രിയ.
‘ആവേശത്തിലെ എടാ മോനെ എന്ന ഡയലോഗ് എന്റെ കോണ്‍ട്രിബ്യൂഷനല്ല. സ്‌ക്രിപ്റ്റില്‍ ഓള്‍റെഡി ജിത്തു അത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ സെറ്റിലെത്തി ആ ഡയലോഗൊക്കെ വായിക്കുമായിരുന്നു. എന്നിട്ടാണ് ഞാന്‍ ഷാനുവിനെയും ബാക്കിയുള്ളവരെയുമൊക്കെ ‘എടാ മോനെ’ എന്ന് വിളിച്ചത്. ആ മോഡുലേഷന്‍ ജിത്തുവിനും ഷാനുവിനും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അത് സിനിമയിലേക്കെടുത്തത്.
അതുപോലെ മമ്മൂട്ടിയങ്കിളിന്റെ ചട്ടമ്പിനാടാണ് ഷാനു ആ ക്യാരക്ടറിന് റഫറന്‍സായി എടുത്തത്. അത് ഷാനു പല സ്റ്റേജിലും പറഞ്ഞിട്ടുണ്ട്. സെറ്റ് എപ്പോഴു മൊത്തം നല്ല വൈബായിരുന്നു. തമാശയും കളിയും ചിരിയുമൊക്കെയായി നല്ലോണം എന്‍ജോയ് ചെയ്യാന്‍ പറ്റി,’ നസ്രിയ പറയുന്നു.
Content Highlight: Nazriya says that Chattambinadu was reference for Fahadh’s character in Aavesham movie