അനൗണ്‍സ്മെന്റ് മുതല്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ബേസിലിനെ കുറിച്ച് സംസാരിക്കുകയാണ് നസ്രിയ നസിം. നാല് വര്‍ഷത്തിന് ശേഷം ചെയ്യുന്ന സിനിമയായതുകൊണ്ട് ബേസില്‍ തന്നെ ഒളിമ്പിക് സ്റ്റാര്‍ എന്നാണ് വിളിക്കുന്നതെന്ന് നസ്രിയ പറയുന്നു. ബേസില്‍ സ്വയം അദ്ദേഹത്തെ മന്തിലി സ്റ്റാര്‍ എന്നാണ് വിളിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്രിയ നസിം.
‘നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നതുകൊണ്ട് എന്നെ ബേസില്‍ വിളിക്കുന്നത് ഒളിമ്പിക് സ്റ്റാര്‍ എന്നാണ്. അദ്ദേഹം സ്വയം വിളിക്കുന്നത് മന്തിലി സ്റ്റാര്‍ എന്നുമാണ്. ബേസിലിനെ എല്ലാവര്ക്കും അറിയുന്നതാണ്. അദ്ദേഹം ഒരു തുറന്ന ബുക്കാണ്,’ നസ്രിയ നസിം പറയുന്നു.
പൃഥ്വിരാജിനെ കുറിച്ചും നസ്രിയ സംസാരിച്ചു. പൃഥ്വിരാജ് എപ്പോഴും അലേര്‍ട്ടായി ഇരിക്കുന്ന ആളാണെന്നും എല്ലാവരും വിചാരിക്കുന്നതുപോലെ അദ്ദേഹം സീരിയസ് ആയിട്ടുള്ള ആളല്ലെന്നും നസ്രിയ പറഞ്ഞു. താന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും ആസ്വദിച്ച് ചെയ്തത് അദ്ദേഹത്തിന്റെ കൂടെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എപ്പോഴും അലേര്‍ട്ടായി ഇരിക്കുന്ന താരമാണ് പൃഥ്വിരാജ്. അതിപ്പോള്‍ അഭിനയിക്കുന്ന കാര്യം ആയാലും മറ്റെന്ത് കാര്യം ആയാലും അദ്ദേഹം എപ്പോഴും ഉണര്‍ന്നിരിക്കുന്ന ആളാണ്. പൃഥ്വിരാജ് ഭയങ്കര തമാശക്കാരനാണ്. എല്ലാവരും വിചാരിക്കുന്നത് അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ് എന്നാണ്.
എന്റെ കൂടെ വര്‍ക്ക് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ചിരിച്ച് കംഫര്‍ട്ടബിള്‍ ആയി അഭിനയിച്ചത് പൃഥ്വിരാജിന്റെ കൂടെയാണ്. പിന്നെ നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയുന്ന പോലെ കുറേ ഇംഗ്ലീഷ് വാക്കുകളും അറിയുന്ന ആളാണ് അദ്ദേഹം,’ നസ്രിയ പറയുന്നു.
Content Highlight: Nasriya Nazim Talks About Basil Joseph