|

ഫഹദിന്റെ കൂടെ ആ കഥാപാത്രം ഒഴികെ ബാക്കിയെല്ലാം ചെയ്യാന്‍ ഞാന്‍ ഓക്കേ ആണ്: നസ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യക്ക് പ്രിയങ്കരിയായ നടിയാണ് നസ്രിയ നസിം. നേരം എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയിലൂടെ നായികയായി അരങ്ങേറിയ താരം കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഫഹദ് ഫാസിലിന്റെ കൂടെ ഇനി പെങ്ങളായിട്ട് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് നസ്രിയ നസിം. പെങ്ങളായിട്ട് അഭിനയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത്തരം കഥാപാത്രങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഓക്കേ ആണെന്നും നടി പറയുന്നു.

പ്രമാണി എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ സ്റ്റെപ് സിസ്റ്റര്‍ ആയിട്ടാണ് അഭിനയിച്ചിട്ടുള്ളതെന്നും അതെല്ലാം വിവാഹത്തിന് മുന്‍പായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. ജോഡികള്‍ അല്ലാതെയും അഭിനയിക്കാം എന്നാല്‍ പെങ്ങളായി അഭിനയിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നസ്രിയ നസിം.

‘ഫഹദിന്റെ കൂടെ ഭാവിയില്‍ പെങ്ങളായിട്ട് അഭിനയിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ആ കഥാപാത്രം ഒഴിച്ച് ഫഹദുമായി ബാക്കി എല്ലാ കഥാപാത്രവും ചെയ്യാന്‍ ഞാന്‍ ഓക്കേ ആണ്. പ്രമാണി എന്ന സിനിമയില്‍ ഞാനും ഷാനുവും (ഫഹദ് ഫാസില്‍) ഒന്നിച്ച് അഭിനയിച്ചിരുന്നു. അതില്‍ ഞാന്‍ ഷാനുവിന്റെ സ്റ്റെപ് സിസ്റ്ററാണ്.

അതൊക്കെ കല്യാണത്തിന് മുന്‍പ് ചെയ്തതല്ലേ, ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലല്ലോ. ജോഡികള്‍ അല്ലാതെ അഭിനയിക്കാനും ഓക്കേ ആണ്. എന്നാല്‍ പെങ്ങളായിട്ട് മാത്രം ഇനി പറ്റില്ല,’ നസ്രിയ നസിം പറയുന്നു.

നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാളം സിനിമയാണ് സൂക്ഷ്മദര്‍ശിനി. ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തുന്നത്. നവംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Content Highlight: Nazriya Nazim Says She Is Not Ok With Playing Sister Character With Fahad Fasil