ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.വണ്ടിയോടിക്കുമ്പോള്‍ എപ്പോഴും സ്പീഡ് ശ്രദ്ധിക്കാന്‍ തന്റെ പങ്കാളി ഫഹദ് ഫാസില്‍ പറയാറുണ്ടെന്ന് നസ്രിയ പറയുന്നു. ഇന്റര്‍വ്യൂവിനായി താനും ബേസില്‍ ജോസഫും വന്നപ്പോള്‍ താനാണ് ഡ്രൈവ് ചെയ്തതെന്നും ബേസിലിന് തന്റെ ഡ്രൈവിങ് പേടിയാണെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്രിയ നാസിം.
‘വണ്ടിയോടിക്കുമ്പോള്‍ സ്പീഡ് ശ്രദ്ധിക്കണമെന്ന് ഷാനു (ഫഹദ് ഫാസില്‍) എപ്പോഴും എന്നോട് പറയാറുണ്ട്. ഇടക്കിടക്ക് അക്കാര്യം പറയും. ഇന്ന് ഞാനും ബേസിലും കൂടെ ഇങ്ങോട്ട് വരുമ്പോള്‍ ഞാനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. എന്നിട്ട് ബേസില്‍ വീഡിയോ കോള്‍ ചെയ്ത് എലിയോട് (എലിസബത്ത്) പറയുകയാണ് ‘എടി എലി നസ്രിയയാണ് വണ്ടി ഓടിക്കുന്നത്, എനിക്ക് തോന്നുന്നില്ല ഞാന്‍ ഇന്ന് വീട്ടിലേക്ക് എത്തുമെന്ന്’ എന്ന്.
വണ്ടി ഓടിക്കുമ്പോള്‍ ഇവന്‍ കണ്ടക്ടറിനെ പോലെയായിരുന്നു ഇരുന്നത്. ഇടത്തോട്ട്, വലത്തോട്ട്, ബൈക്ക്, വണ്ടി എന്നൊക്കെ പറഞ്ഞ് ചെവിക്ക് സ്വര്യം തന്നിട്ടില്ല,’ നസ്രിയ നസിം പറയുന്നു.
നസ്രിയ, ബേസില്‍ ജോസഫ് എന്നിവരൈ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അയല്‍വാസികളായ ഇമ്മാനുവേലും പ്രിയദര്‍ശിനിയുമായാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് സൂക്ഷ്മദര്‍ശിനി.