ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു.
ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്. നസ്രിയയുടെ ചിത്രങ്ങളില്‍ ഒരുപാട് ആരാധകരുള്ള സിനിമയാണ് 2022ല്‍ റിലീസായ തെലുങ്ക് ചിത്രം അന്‍ടേ സുന്ദരാനികി.
വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. ആഹാ സുന്ദര എന്ന പേരില്‍ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയിരുന്നു. നിരൂപകര്‍ക്കിടയില്‍ മികച്ച പ്രശംസ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് നസ്രിയ.
തന്റെ ഏത് സിനിമ റിലീസായാലും അതിന്റെ ആദ്യത്തെ വെള്ളിയാഴ്ച മാത്രമേ ആ സിനിമയെപ്പറ്റി ആലോചിക്കാറുള്ളൂവെന്ന് നസ്രിയ പറഞ്ഞു. പ്രതീക്ഷിച്ച ലെവലില്‍ എത്തിയില്ലെന്ന് കണ്ടാല്‍ അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കാറില്ലെന്നും സോഷ്യല്‍ മീഡിയയും മറ്റ് കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.
അന്‍ടേ സുന്ദരാനികി മികച്ചൊരു സിനിമയാകുമെന്ന് തന്നെയാണ് കരുതിയതെന്നും എന്നാല്‍ പ്രേക്ഷകര്‍ അത് ആ സമയത്ത് ഏറ്റെടുത്തിരുന്നില്ലെന്നും നസ്രിയ പറഞ്ഞു. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഒരുപാട് പേര്‍ ആ സിനിമയെപ്പറ്റി സംസാരിച്ച് കണ്ടുവെന്നും തിയേറ്ററില്‍ ലഭിക്കാത്ത സ്വീകാര്യത ഒ.ടി.ടിയില്‍ ലഭിച്ചെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററില്‍ ഹിറ്റാക്കത്തില്‍ താന്‍ ഒരിക്കലും പ്രേക്ഷകരെ കുറ്റം പറയില്ലെന്നും അന്ന് ആ സിനിമ ശ്രദ്ധിക്കാതെ വിട്ട പലരും പിന്നീട് ആ സിനിമയെക്കുറിച്ചും അതിലെ തന്റെ ക്യാരക്ടറിനെക്കുറിച്ചും പറഞ്ഞ് മെസേജ് അയക്കാറുണ്ടെന്നും നസ്രിയ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു നസ്രിയ.
‘എന്റെ ഏത് സിനിമ റിലീസായാലും ആദ്യത്തെ വെള്ളിയാഴ്ച മാത്രമേ ഞാന്‍ അതിനെപ്പറ്റി ചിന്തിച്ച് ബോതേര്‍ഡ് ആകാറുള്ളൂ. പ്രേക്ഷകര്‍ക്ക് ഇഷ്ടമായെന്നറിഞ്ഞാല്‍ സന്തോഷം തോന്നും. അതേസമയം അത് പ്രതീക്ഷിച്ച രീതിയില്‍ വര്‍ക്കായില്ല എന്നറിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി അധികം ചിന്തിക്കാന്‍ നില്‍ക്കാറില്ല. സോഷ്യല്‍ മീഡിയ നോക്കും, അല്ലെങ്കില്‍ വേറെ എന്തെങ്കിലുമൊക്കെ ചെയ്യും.
മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് അന്‍ടേ സുന്ദരാനികി ചെയ്തത്. പക്ഷേ തിയേറ്ററില്‍ ഉദ്ദേശിച്ച രീതിയില്‍ ആ പടം വര്‍ക്കായില്ല. പക്ഷേ ഒ.ടി.ടി റിലീസിന് ശേഷം പലരും ആ സിനിമയെ പ്രശംസിച്ച് മെസ്സേജയച്ചു. തിയേറ്ററില്‍ ആ സിനിമ സ്വീകരിക്കപ്പെടാത്തതില്‍ ഞാന്‍ ഓഡിയന്‍സിനെ കുറ്റം പറയില്ല. കാരണം ഒ.ടി.ടിയില്‍ കണ്ടപ്പോള്‍ അവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇന്നും പലരും ആ സിനിമയെപ്പറ്റിയും എന്റെ ക്യാരക്ടറിനെപ്പറ്റിയും സംസാരിക്കാറുണ്ട്,’ നസ്രിയ പറയുന്നു.
Content Highlight: Nazriya Nazim about the failure of Ante Sundaraniki movie