വിവാഹത്തോടെ ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടുനിന്ന മലയാളികളുടെ പ്രിയ താരം നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നു. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം അഞ്ജലി മേനോന് തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ പാര്‍വതിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ചീത്രീകരണം ഊട്ടിയില്‍ ആരംഭിക്കും. “ടു കണ്ട്രീസിനു” ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
നസ്രിയയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാന പുരസ്കാരം നേടിയ പാര്‍വതിയും പൃഥ്വിരാജും നസ്രിയയും ഒന്നിക്കുന്നെന്ന പ്രത്യേകതയുമുണ്ട് ഈ അഞ്ജലി മേനോന് ചിത്രത്തിന്. പറവയുടെ ക്യാമറാമാന് ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിനായും ക്യാമറ ചലിപ്പിക്കുക.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലും നസ്രിയയായിരുന്നു നായിക. യുവാക്കളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സില്‍ പാര്‍വതിയും ശക്തമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു.