ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.
നടി മേഘ്ന രാജുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്രിയ. മേഘ്നയെ താൻ ദിയ എന്നാണ് വിളിക്കാറുള്ളതെന്നും ദിയ തന്റെ ചോര തന്നെയാണെന്നും നസ്രിയ പറയുന്നു. ഒന്നുമില്ലാതിരുന്ന കാലത്ത് ദിയ തന്നെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അത് വലിയ പോസിറ്റീവ് എനർജി തന്നിട്ടുണ്ടെന്നും നസ്രിയ കോർട്ടിച്ചേർത്തു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു നസ്രിയ. 2013 ൽ റിലീസായ മാഡ് ഡാഡ് എന്ന ചിത്രത്തിൽ നസ്രിയയുടെ അമ്മയായി മേഘ്‌ന അഭിനയിച്ചിരുന്നു.
‘അതിനെ സൗഹൃദം എന്ന് പറയാനാവില്ല. എന്റെ ചോര തന്നെയാണെന്നാണ് വിശ്വാസം. അമ്മയെന്നോ ചേച്ചിയെന്നോ പറയാം. ദിയ എന്നാണ് വിളിക്കാറുള്ളത്. ഞാൻ ചെറിയ റോളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ദിയ അന്ന് വലിയ നടിയാണ്.
താരമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്കു കിട്ടിയ ആ സ്നേഹവും പ്രയോറിറ്റിയും തന്ന പോസിറ്റീവ് എനർജി വലുതായിരുന്നു. ദിയക്ക് മകൻ ജനിക്കും മുൻപ് ഉണ്ടായ മകളാണ് ഞാൻ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ കുരുത്തക്കേടൊക്കെ പോയി പറയാൻ പേടി ഇന്നുമുണ്ട്,’നസ്രിയ പറയുന്നു.
കുറച്ചുനാളുകൾക്ക് ശേഷം നസ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂക്ഷ്മദർശിനി എന്ന ചിത്രം ഈയിടെ ഇറങ്ങി മികച്ച അഭിപ്രായം നേടിയിരുന്നു. ബേസിൽ ജോസഫ് നായകനായ സിനിമ ഒരു വ്യത്യസ്ത ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
Content Highlight: Nazriya Nasim About Meghna Raj