മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീ യു സൂണ്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍. സിനിമയുടെ ഒന്നാം വാര്‍ഷികവേളയിലാണ് ഹൃദയഹാരിയായ കുറിപ്പുമായി ദര്‍ശന എത്തിയത്.
അഭിനയം തുടങ്ങി പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും ആദ്യമായി അഭിനയിക്കാനെത്തുന്നതു പോലുള്ള പുതുമ നല്‍കിയ ഷൂട്ടിംഗ് അനുഭവമായിരുന്നു സീ യു സൂണിന്റേതെന്നാണ് ദര്‍ശന ഇന്‍സ്റ്റഗ്രാമിലെഴുതിയത്. സീ യു സൂണിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘2011ലാണ് ഞാന്‍ ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അന്ന് ആദ്യമായി സ്റ്റേജില്‍ കയറിയ ആ അനുഭവം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, സീ യൂ സൂണ്‍ എനിക്ക് സമാനമായ അനുഭവം സമ്മാനിച്ചു. ഇതും ഈ സിനിമ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാകുന്നതിലെ ഒരു ഘടകമാണ്.
ഇപ്പോള്‍ സീ യു സൂണ്‍ ഇറങ്ങി ഒരു വര്‍ഷം പിന്നിടുകയാണ്. വളരെയധികം പ്രതിസന്ധികള്‍ നേരിട്ട് ഈ ചിത്രം പൂര്‍ത്തിയാക്കിയവരെ ഞാന്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. അനുമോളോടും സീ യു സൂണിനോടും മനോഹരമായ ടീമിനോടും ഒരുപാട് നന്ദി,’ ദര്‍ശനയുടെ പോസ്റ്റില്‍ പറയുന്നു.
ദര്‍ശനയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായ നസ്രിയയും ഇക്കൂട്ടത്തിലുണ്ട്. ഇമോഷണലാക്കി കളഞ്ഞല്ലോയെന്നാണ് നസ്രിയ പോസ്റ്റിന് താഴെ പറഞ്ഞത്. ഈ സിനിമയും ദര്‍ശനയും ഏറെ സ്‌പെഷ്യലാണെന്നും നസ്രിയ പറഞ്ഞു.
2020 സെപ്റ്റംബര്‍ ഒന്നിനാണ് സീ യൂ സൂണ്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്‌ക്രീനും വീഡിയോ കോളുകളുമായിരുന്നു ചിത്രത്തില്‍ പ്രധാനമായും കടന്നുവന്നിരുന്നത്. ചിത്രത്തിന്റെ ഈ പരീക്ഷണാത്മക അവതരണം പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
മഹേഷ് നാരായണന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചത്. സബിന്‍ ഉരളിക്കണ്ടിയും മഹേഷും ചേര്‍ന്നായിരുന്നു ക്യാമറ. ഗോപി സുന്ദറായിരുന്നു സംഗീതം.
ഫഹദ് ഫാസിലും റോഷന്‍ മാത്യുവും ദര്‍ശനയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.