സിനിമാ മേഖലയിലെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദിന്റെ ആക്ടിങ്ങിനെക്കുറിച്ച് നസ്രിയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഫഹദ് ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വരാന്‍ പോലും സമ്മതിക്കാറില്ലെന്നാണ് നസ്രിയ പറയുന്നത്. നാനിയും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം ആഹാ സുന്ദരായുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
ഫഹദ് ഫാസില്‍ എന്ന നടനും നാനി എന്ന നടനും തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് തോന്നിയിട്ടുള്ളത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നസ്രിയ.
”ശരിക്ക് പറഞ്ഞാല്‍ ഇവര്‍ തമ്മില്‍ കൂടുതല്‍ സാമ്യതകളാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാനിയായാലും ഫഹദായാലും, രണ്ട് പേരും സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മു്‌മ്പേ ലൊക്കേഷനിലെത്തും. ഷൂട്ടിങ്ങ് കഴിഞ്ഞാലും അവിടെ ഉണ്ടാകും.
ഷൂട്ടിങ്ങ് പ്രോസസില്‍ മാത്രം നില്‍ക്കുന്ന ആള്‍ക്കാരല്ല.
വ്യത്യാസം പറയുകയാണെങ്കില്‍, ഫഹദ് കുറച്ചുകൂടി ഒരു മെതേഡ് ആക്ടര്‍ ആണെന്ന് തോന്നുന്നു. ഫഹദ് ഫുള്‍ ടൈം ആ ക്യാരക്ടറിന്റെ മൂഡില്‍ ആയിരിക്കും. എന്നെപ്പോലും അടുത്തേക്ക് വരാന്‍ സമ്മതിക്കില്ല.
‘ഒന്ന് കുറച്ച് അങ്ങോട്ടേക്ക് മാറി നടക്കുമോ പ്ലീസ്. ഡോണ്ട് ഡിസ്ട്രാക്ട് മീ’ എന്ന് പറയും,” നസ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘കം ഡിസ്ട്രാക്ട് മീ’ എന്നായിരിക്കും ഞാന്‍ പറയുക എന്നായിരുന്നു ഇതിന് നാനി നല്‍കിയ രസകരമായ കമന്റ്.
”കൂടുതലും എനിക്ക് ഇവര്‍ തമ്മില്‍ സാമ്യതകളാണ് തോന്നിയിട്ടുള്ളത്. പ്രീ പ്രൊഡക്ഷന്‍ മുതല്‍, ഷൂട്ടിങ്ങ് സമയത്തും അത് കഴിഞ്ഞും, എല്ലാം കഴിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് വരെ ഇവര്‍ രണ്ട് പേരും ഫുള്‍ ടൈം പടത്തിന്റെ കൂടെയാണ്,” നസ്രിയ കൂട്ടിച്ചേര്‍ത്തു.
തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പേര് അണ്ടേ സുന്ദരാകിനി എന്നാണ്. ജൂണ്‍ പത്തിനാണ് ആഹാ സുന്ദര റിലീസ് ചെയ്യുന്നത്.
മൈത്രി മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്.
നദിയ മൊയ്തു, രോഹിണി, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യാഥാസ്ഥിതികമായ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള യുവാവിന്റെയും ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള യുവതിയുടെയും പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ലീല, സുന്ദര്‍ എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്.
Content Highlight: Nazriya about the acting style of Fahadh Faasil