ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു.
ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.
മലയാളികളികൾക്ക് ഇഷ്ടമുള്ള ജോഡികളിൽ ഒന്നാണ് ദുൽഖർ സൽമാൻ – നസ്രിയ. സലാല മൊബൈൽസ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമയിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ഓഫ് സ്ക്രീനിലും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്.
ദുൽഖറിന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ തന്റെ ഒരു സിനിമ ഇറങ്ങുന്ന സന്തോഷമാണെന്നും സീതാരാമമൊക്കെ ഇറങ്ങിയപ്പോൾ താൻ ദുൽഖറിനെ വിളിച്ചിരുന്നുവെന്നും നസ്രിയ പറയുന്നു. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും നസ്രിയ പറഞ്ഞു.
‘ദുൽഖറിന്റെ ലക്കി ഭാസ്കർ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കാണാത്തപ്പോൾ പോലും ഞങ്ങൾ തമ്മിൽ നല്ല കോൺടാക്ട് ഉണ്ടാവും. സീതാരാമമൊക്കെ ഇറങ്ങി വലിയ വിജയമായി മാറിയപ്പോൾ എനിക്ക് ഫീൽ ചെയ്തത്, ഇതെന്റെ ഒരു പടത്തിന്റെ റിലീസും സക്സസുമൊക്കെയായിട്ടാണ്.
പുള്ളിയുടെ തെലുങ്കിൽ മെയിനായിട്ടുള്ള ആദ്യത്തെ സിനിമയല്ലേ. എനിക്കിപ്പോഴും ഓർമയുണ്ട് ആദ്യത്തെ ഷോ കണ്ടിറങ്ങുന്ന ഡി.ക്യുവിന്റെ ഒരു വീഡിയോ. അപ്പോൾ തന്നെ ഞാൻ പുള്ളിയെ വിളിച്ചു. ഫോൺ എടുത്തിട്ട്, കുഞ്ഞീ… നീ വിളിച്ചല്ലോ, എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നൊക്കെ അന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ വ്യക്തിപ്പരമായി ഇതൊക്കെ എനിക്ക് വലിയ സന്തോഷമാണ്,’നസ്രിയ പറയുന്നു.
അതേസമയം നാല് വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ അഭിനയിച്ച സൂക്ഷ്മദർശിനി എന്ന സിനിമ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ബേസിൽ ജോസഫ് നായകനായ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്.
Content Highlight: Nazriya About Dulqure Salman’s Movies