Advertisement
Film News
ഭാവന സ്റ്റുഡിയോസിന് പുതിയ നായകനും നായികയും; സംവിധായകനായി ഹിറ്റ് മേക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 04, 02:17 pm
Tuesday, 4th July 2023, 7:47 pm

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. റൊമാന്റിക് കോമഡിയായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളും’ ‘സൂപ്പര്‍ ശരണ്യ’യും ഒരുക്കിയ സംവിധായകന്‍ ഗിരീഷ് എ.ഡിയാണ്. നസ്‌ലനും മമിതാ ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് ഇത്.

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗിരീഷ് എ.ഡിക്കൊപ്പം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇതാദ്യമായാണ് ഭാവന സ്റ്റുഡിയോസില്‍ നിന്നും റോം കോം ജോണറില്‍ ഒരു സിനിമ വരുന്നത്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒ. ബേബിയാണ് ഒടുവില്‍ ഭാവന സ്റ്റുഡിയോസിന്റെ നിര്‍മാണത്തില്‍ പുറത്തുവന്ന ചിത്രം. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്തത്.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ, ദേവ്ദത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Nazlan and Mamitha Baiju are playing the lead roles in bhavana studios’ new film