|

നസീറിന്റെ ഉമ്മ വീഡിയോ കോള്‍ ചെയ്ത് പ്രാര്‍ത്ഥന അറിയിച്ചു; ആരോടും പകയില്ലാത്ത രാഷ്ട്രീയമെന്ന് ചാണ്ടി ഉമ്മന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നല്‍കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ്. മുന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സി.ഒ.ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നല്‍കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ അവര്‍ക്ക് നേരിട്ട് വരാന്‍ പറ്റില്ലെന്ന് അറിയിച്ചതായി ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ കല്ലെറിയുന്ന സാഹചര്യം ഇനിയുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ വരാന്‍ പറ്റില്ലെന്ന് ഉമ്മ അറിയിച്ചു. ഫോണില്‍ വീഡിയോ കോളിലൂടെ പ്രാര്‍ത്ഥന അറിയിച്ചു. നമ്മുടെ നാട്ടില്‍ ഏത് രാഷ്ട്രീയം വേണമെന്ന ചോദ്യമുണ്ട്. സ്‌നേഹത്തിന്റെ പാതയാണ് വേണ്ടത്.

ഇന്ത്യയുടെ ഭാവി വാഗ്ദാനമായ രാഹുല്‍ ഗാന്ധി അവര്‍കള്‍ സ്‌നേഹത്തിന്റെ കട തുടങ്ങുകയായിരുന്നു ചെയ്തത്. ആരോടും പക ഇല്ലാത്ത രാഷ്ട്രീയമാണ് ഇവിടെ വേണ്ടത്. മുഖ്യമന്ത്രിയെ കല്ലെറിയുന്ന ഒരു സാഹചര്യം ഇനിയൊരു മുഖ്യമന്ത്രിക്കും ഉണ്ടാകാന്‍ പാടില്ല. എന്റെ അപ്പ വേട്ടയാടപ്പെട്ടത് പോലെ ഒരു രാഷ്ട്രീയ നേതാവും വേട്ടയാടപ്പെടാന്‍ പാടില്ല.

ഈ തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാകണം. ഇങ്ങനെ ഒരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാന്‍ പാടുണ്ടോ. ആ ചോദ്യം കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മുന്നില്‍ ഞാന്‍ ഉന്നയിക്കുകയാണ്. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ച ചെയ്യണം,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്റെ ജീവിതത്തില്‍ ദൈവതുല്യരായി കാണുന്ന വ്യക്തിയാണ് അപ്പയെന്നും അദ്ദേഹമില്ലാത്ത തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നത് എളുപ്പമല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മാതാവ് നേരിട്ട് ഹാജരാകാത്തത് കൊണ്ട് 10001 രൂപ ഗൂഗിള്‍പേ വഴിയാണ് കൈമാറുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കാറ് തടഞ്ഞ് കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സി.ഒ.ടി നസീര്‍. നേരത്തെ കേസ് നടക്കുന്നതിനിടെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉമ്മന്‍ചാണ്ടി എടുത്തിരുന്നു. പിന്നീട് സി.ഒ.ടി നസീര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

അതേസമയം 11.30ഓടെ ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടി ഉമ്മനെ അനുഗമിച്ചിരുന്നു.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കോട്ടയം ആര്‍.ഡി.ഒ വിനോദ് രാജിന് മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.

content highlights: Nazir’s mother made a video call and prayed; Chandi Oommen said politics without grudge against anyone