| Saturday, 21st September 2019, 4:26 pm

യുവര്‍ ഓണര്‍, മഅദനി നേരിടുന്ന നീതിനിഷേധം പരമോന്നത നീതിപീഠത്തിന്റെ പരാജയം കൂടിയാണ്

നാസര്‍ മാലിക്‌

മഅദനി ഉള്‍പ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ നാലുമാസങ്ങള്‍ കൊണ്ട് തീര്‍ക്കാമെന്ന് കര്‍ണ്ണാടക പ്രോസിക്യൂഷന്‍ ഉറപ്പ് നല്‍കിയത് മഅദനിയുടെ ജാമ്യ ഹരജി പരിഗണിക്കുന്ന ഘട്ടത്തിലാണ്. ഈ ഉറപ്പിന് പുറത്തായിരുന്നു ബാംഗ്ലൂര്‍ വിട്ട് പോവരുത് എന്ന നിബന്ധന പോലും സുപ്രീം കോടതി വെക്കുന്നത്.

മറ്റൊരു കാരണം കര്‍ണ്ണാടക പ്രോസിക്യുഷന്‍ ഉന്നയിച്ചത് മഅദനി സാക്ഷികളെ സ്വാധീനിക്കും എന്നതാണ്. മഅദനിക്കെതിരായ പ്രധാന സാക്ഷികളുടെ പ്രോസിക്യുഷന്‍ വിസ്താരം കഴിഞ്ഞപ്പോള്‍ ആരും തന്നെ മഅദനിക്ക് എതിരായി കോടതിയില്‍ മൊഴി നല്‍കിയിട്ടില്ല എന്ന വസ്തുത നില നില്‍ക്കുന്നു. ഉപാധിയോട് കൂടിയ ജാമ്യത്തില്‍ ഇരിക്കെ തന്നെയാണ് മഅദനിയുടെ മരണാസന്നമായി കിടക്കുന്ന മാതാവിനെ കാണുവാന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി മഅദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി വിചാരാണ കോടതിയെ സമീപിച്ചത്, അവിടെ പോലും ലക്ഷങ്ങള്‍ സുരക്ഷയുടെ ഭാഗമായി മഅദനി ജി.എസ്.ടി ഉള്‍പ്പെടെ കെട്ടി വെക്കണമെന്ന വിചിത്ര വാദമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഉന്നയിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ മഅദനി സമീപിച്ചപ്പോള്‍ ‘നിങ്ങള്‍ ആരോടാണ് കളിക്കുന്നത് എന്നുള്ള ബോധ്യം നിങ്ങള്‍ക്ക് വേണമെന്നാണ്’ കര്‍ണ്ണാടക സര്‍ക്കാറിനോട് സുപ്രീം കോടതി പറഞ്ഞത്. അതില്‍ തന്നെയില്ലേ യുവര്‍ ഓണര്‍ സുപ്രീം കോടതിക്ക് തന്നെ പല വട്ടം ബോധ്യമായ വസ്തുതയാണ് ഞാന്‍ ഇവിടെ കുറിക്കുന്നതെന്ന കാര്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നും പരമോന്നത നീതിപീഠത്തിന് നല്‍കിയ വാക്ക് കാറ്റില്‍പറത്തി കൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത് ബഹുമാനപ്പെട്ട കോടതിയുടെ ഭാഷ കടമെടുത്താല്‍ കളിക്കുന്നത് എന്ന് പറയാം

നാല് മാസങ്ങള്‍ കൊണ്ട് വിചാരണ തീരുമെന്ന് സുപ്രീം കോടതിയില്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടും നിലവില്‍ അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ഇഴഞ്ഞാണ് നീങ്ങിയത്. ഒരു ഘട്ടത്തില്‍ സാക്ഷി വിസ്താരം വരെ പൂര്‍ത്തിയായതാണ് എന്നാല്‍ പ്രോസിക്യുഷന്‍ വീണ്ടും സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം ചോദിച്ചത് പ്രത്യേക കോടതി പരിഗണിക്കുകയും സാക്ഷികളെ വീണ്ടും വിസ്തരിക്കുകയും ചെയ്തു. എന്നിട്ടും മഅദനി ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് എതിരെ വിശ്വാസ്യയോഗ്യമായ തെളിവോ എതിരെയുള്ള സാക്ഷി മൊഴികളോ സമര്‍ത്ഥിക്കുന്നതില്‍ പ്രോസിക്യുഷന്‍ പൂര്‍ണ്ണ പരാജയമായിരുന്നു. അങ്ങിനെ ഇരിക്കെയാണ് നിലവില്‍ വാദം കേട്ടുകൊണ്ടിരുന്ന വിചാരണ കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റിയതും പകരം ജഡ്ജിയെ നിശ്ചയിക്കാത്തത് കൊണ്ട് മാസങ്ങളായി വിചാരണ നീണ്ടുപോയതും. കുറേക്കാലം കേസിന്റെ വിചാരണ നടപടികള്‍ മുന്നോട്ട് പോകുന്നത് ജഡ്ജിയില്ലാത്ത കോടതിയില്‍ ആയിരുന്നു. നിലവില്‍ പുതിയ ജഡ്ജി വന്നു. എന്നാലും സാക്ഷികളെ ഹാജര്‍ ആക്കുന്നതിലും വിചാരണ വേഗം തീര്‍ക്കുന്നതിലും പ്രോസിക്യൂഷന്‍ പഴയ നിലപാടില്‍ തന്നെയാണ്.

കര്‍ണ്ണാടക പ്രോസിക്യുഷന്‍ മഅദനി ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതി നിഷേധിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ പോലും എന്ത് നിസ്സാരമായാണ് ഒരു സ്റ്റേറ്റ് കൊഞ്ഞനം കുത്തുന്നത്. എത്ര ലളിതമായാണ് സുപ്രീം കോടതിയെ ഒരു സ്റ്റേറ്റിന്റെ പ്രോസിക്യുഷന്‍ പറ്റിക്കുന്നത്. ഒരു ഇന്ത്യന്‍ മുസ്‌ലിമിന് നീതി നിഷേധിക്കാന്‍ അത്യുന്നത നീതി ന്യായ സംവിധാനങ്ങളെ വരെ പറഞ്ഞു കബിളിപ്പിക്കാം. ജഡ്ജിയില്ലാതെ കോടതി നടപടികളുമായി മുന്നോട്ട് പോകാം, വിസ്തരിച്ച സാക്ഷികളെ തന്നെ വീണ്ടും വീണ്ടും വിസ്തരിച്ചു മാനസിക പീഡനം നടത്തി സ്റ്റേറ്റിന് അനുകൂലമായ മൊഴിയുണ്ടാക്കാം. ആരും ഇവിടെ ചോദ്യം ചെയ്യില്ല കാരണം ആത്യന്തികമായി ഒരു ഇന്ത്യന്‍ പൗരന്‍ അവസാന അത്താണിയായി കാണുന്ന സുപ്രീം കോടതിയെ തന്നെയാണല്ലോ ആദ്യം കര്‍ണ്ണാടക സ്റ്റേറ്റ് കബിളിപ്പിച്ചത്! അതിനപ്പുറമുള്ള സംവിധാനങ്ങളെ എന്തിന് അവര്‍ ഭയക്കണം!!!

നാലുമാസം കൊണ്ട് വിചാരണ തീര്‍ക്കാമെന്ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി അഞ്ച് വര്‍ഷമായിട്ടും വിചാരണ നീളുകയാണ്. ഇവിടെ മഅദനിയുടെ മുന്‍കാല ജയില്‍ പീഡന പര്‍വ്വത്തിന്റെ ചില നിയമ വ്യവഹാരങ്ങളിലേക്ക് കൂടി കടന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. ജാമ്യമോ പരോളോ ഇല്ലാതെയാണ് മഅദനി കോയമ്പത്തൂര്‍ കേസില്‍ വിചാരണ നേരിട്ടത്. നീണ്ട പത്ത് വര്‍ഷക്കാലം വിചാരണ കോടതി തൊട്ട് സുപ്രീം കോടതിയില്‍ വരെ ജാമ്യത്തിനായി മഅദനി പലവട്ടം ഹരജി നല്‍കി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മാത്രം മുഖവിലക്ക് എടുത്ത് അവയെല്ലാം ബഹുമാനപ്പെട്ട കോടതികള്‍ തള്ളുകയാണ് ചെയ്തത്. ഒടുവില്‍ പത്ത് വര്‍ഷങ്ങള്‍ ശേഷം പൂര്‍ണ്ണ നിരപരാധി എന്ന് പറഞ്ഞു വിചാരണ കോടതി മഅദനിയെ വെറുതെ വിട്ടു.

ഇതിന് ശേഷം സംഘപരിവാര്‍ ഉന്നയിച്ച പ്രധാന ആരോപണം മഅദനി സര്‍ക്കാരുകളെ രാഷ്ട്രീയമായി സ്വാധീനിച്ചു കൊണ്ടാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ( ഈ പച്ചക്കള്ളം ഇന്നും സംഘപരിവാര്‍ നേതാക്കളും മഅദനി വിരുദ്ധരും ഒരു ഉളുപ്പുമില്ലാതെ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും വിളിച്ചു കൂവുന്നുണ്ട് ). എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നോക്കാം. മഅദനി ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടതിന് എതിരെ തമിഴ്‌നാട് ബി.ജെ.പി ഘടകം ചെന്നൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

ഇതില്‍ വാദം കേട്ട ജഡ്ജി പറഞ്ഞത് ‘ പ്രോസിക്യുഷന്‍ ഇത്രയധികം കള്ള തെളിവുകളും കള്ള സാക്ഷികളും ഉണ്ടാക്കിയ മറ്റൊരു കേസ് തമിഴ് നാടിന്റെ നീതി ന്യായ ചരിത്രത്തില്‍ കാണില്ല. ഈ കേസ് ഒരു നിലക്കും നിലനില്‍ക്കില്ല എന്നാണ് ‘. ചെന്നൈ ഹൈക്കോടതി പറഞ്ഞ വിധി ഇങ്ങനെ ആയിരിക്കെയാണ് സംഘ്പരിവാര്‍ ഉള്‍പ്പെടുന്നവര്‍ മഅദനി പ്രോസിക്യുഷനെ സ്വാധീനിച്ചു എന്ന ഗീബല്‍സിനെ വെല്ലുന്ന നുണ ഇന്നും പറയുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. തുടര്‍ന്ന് സുപ്രീം കോടതിയില്‍ പോയപ്പോള്‍ ഫയലില്‍ പോലും സ്വീകരിക്കാതെ മഅദനിയെ ശിക്ഷക്കണമെന്ന ഹരജി തള്ളുകയാണ് ഉണ്ടായത്. പ്രോസിക്യൂഷന്‍ ഇത്രക്ക് കള്ള സാക്ഷികളെ ഹാജരാക്കിയ കള്ള തെളിവുകള്‍ സൃഷ്ടിച്ച കേസെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ കേസില്‍ മഅദനി തന്റെ നിരപരാധിത്വം ബോധ്യമാക്കാന്‍ പത്ത് വര്‍ഷങ്ങള്‍ ജാമ്യം പോലും ഇല്ലാതെ നിയമ പോരാട്ടം നടത്തി വന്നു എന്നത് തന്നെ നമ്മുടെ ജുഡീഷ്യറിക്ക് അല്ലെ കളങ്കം ഏല്‍പിച്ചത്? ഇന്നും നിലവില്‍ അത് തന്നെയല്ലേ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്? അത് പരമോന്നത നീതി പീഠം വരെ എത്തി നില്‍ക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് മഅദനി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ഇന്ത്യന്‍ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ ഇടപെടല്‍ ഇവിടെ അനിവാര്യമാണ്. നാലുമാസം എന്നത് അഞ്ച് വര്‍ഷമായി പോയിട്ടും എന്തെ നിങ്ങള്‍ വിചാരണ തീര്‍ത്തില്ല എന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് സ്വമേധയാ ചോദിക്കേണ്ട ബാധ്യത സുപ്രീം കോടതിക്ക് ഉണ്ട്. അവിടെയാണ് കോടതിയുടെ അന്തസ്സ് ഉയര്‍ത്തി കാണിക്കേണ്ടത്. അവിടെയാണ് സ്റ്റേറ്റ് എന്നതിന് അപ്പുറം ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തേണ്ട വിവേചനാധികാരത്തിന്റെ സത്യ കേന്ദ്രമാറ്റി സുപ്രീം കോടതി ഉയരേണ്ടത്.

യുവര്‍ ഓണര്‍ കാശ്മീരില്‍ ഞാന്‍ വേണ്ടി വന്നാല്‍ നേരിട്ട് പോകുമെന്ന് താങ്കള്‍ പറഞ്ഞു, അതേ ആര്‍ജ്ജവത്തോടെ പറയണം, വേണ്ടി വന്നാല്‍ ഞാന്‍ ബാംഗ്ലൂര്‍ കേസ് നടക്കുന്ന ട്രയല്‍ കോര്‍ട്ടില്‍ പോകുമെന്ന്? ഇനി ഇതൊക്കെ പറഞ്ഞത് കൊണ്ട് എന്നെ തൂക്കില്‍ ഏറ്റുമെങ്കില്‍ ഞാന്‍ സന്തോഷവാനാണ്. യുവര്‍ ഓണര്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ അന്തസിന് വേണ്ടി നിലകൊണ്ടത് ആണല്ലോ ഞാന്‍ ‘ ശഹീദ് ‘ ആവുന്നത് അതായത് ബുമാന്യരായ സുപ്രീം കോടതി ജഡ്ജിമാര്‍ ഒക്കെ അലങ്കരിക്കുന്ന ആ സ്ഥാനത്തിന് വേണ്ടി !

നാസര്‍ മാലിക്‌

We use cookies to give you the best possible experience. Learn more