| Tuesday, 20th December 2022, 10:35 am

അകവും പുറവും വെളുത്തവര്‍; നമ്മള്‍ എത്രത്തോളം വംശീയവാദികള്‍

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ടി.ജി. മോഹന്‍ദാസിന്റെ വംശീയ ട്വീറ്റ് കണ്ടപ്പോള്‍ എനിക്ക് ഹബീബയെ ആണോര്‍മ വന്നത്, ആഫ്രിക്കയിലെ ടുണീഷ്യയില്‍ ജനിച്ച്, ഫ്രാന്‍സിലേക്ക് കുടിയേറി, ഫ്രഞ്ച് പൗരത്വം എടുത്ത്, ലണ്ടനില്‍ ജോലി ചെയ്തിരുന്ന ഹബീബയെ കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്.

ഹബീബ വെളുത്ത് സുന്ദരിയായിരുന്നു. ഈ പറഞ്ഞ വാചകത്തില്‍ ഒരു കുഴപ്പമുണ്ട്, അത് എനിക്ക് മനസിലാക്കിതന്നതും അവളായിരുന്നു. ലണ്ടനില്‍ ഒരു പ്രോജെക്ടിനായി ഒരു വര്‍ഷത്തോളം താമസിച്ചപ്പോള്‍ ഉള്ള എന്റെ കൂട്ടുകാരി ആയിരുന്നു ഹബീബ.

ഞാന്‍ ആദ്യം താമസിച്ച ഹോട്ടലിലെ റിസെപ്ഷനിറ്റ്. ആദ്യമായി ലണ്ടനില്‍ എത്തിയ എനിക്ക് അവിടുള്ള സബ്വേ ആയ ‘ട്യൂബില്‍’ യാത്ര ചെയ്യാനും, താമസിക്കാന്‍ ഒരു വീട് കണ്ടുപിടിക്കാനും അവള്‍ സഹായിച്ചു.

വാരാന്ത്യങ്ങളില്‍ പോകേണ്ട ക്ലബ്ബുകള്‍ ഏതൊക്കെയാണെന്നും പിക്കാഡ്ഡലി സര്‍ക്കസ് എന്ന ലണ്ടനിലെ ടൈം സ്‌ക്വയറില്‍ ഏതൊക്കെ പറ്റിക്കലുകള്‍ ആണ് ഒറ്റയ്ക്ക് പോകുന്ന ആണുങ്ങളെ കാത്തിരിക്കുന്നത് എന്നെല്ലാം അവള്‍ പറഞ്ഞുതന്നു.

പലപ്പോഴും എന്നെ സഹായിക്കാന്‍ എന്റെ കൂടെ വരികയും ചെയ്തു. ട്യൂണിഷ്യയില്‍ ജനിച്ചു, ഫ്രഞ്ച് പൗരത്വം എടുത്ത ഹബീബ എപ്പോഴും ഈ രണ്ട് രാജ്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അവളും ഒരു കൂട്ടുകാരിയും കൂടി ഒരു അപാര്‍ട്‌മെന്റ് ഷെയര്‍ ചെയ്തു താമസിക്കുകയായിരുന്നു. കൂടുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയ ഒരു ദിവസം അവള്‍ എന്നെ ഒരു ഫോട്ടോ കാണിച്ചു.

ഹബീബയും ഒരാളും കൂടി ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഒരു ബിക്കിനി ഇട്ടു നില്‍ക്കുന്ന ഹബീബ വെളുത്തു അതി സുന്ദരി ആയിരുന്നു. അടുത്ത് നില്‍ക്കുന്നത് നേരെ വിപരീതമായി കറിച്ചട്ടിയുടെ അടിഭാഗം പോലെ കറുത്ത ഒരാള്‍. നല്ല ഉയരവും മസിലും എല്ലാം ഉള്ള, നല്ല വെളുത്ത പല്ലുകള്‍ കാട്ടി സുന്ദരമായി ചിരിച്ചുകൊണ്ട് ഹബീബയുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ചിത്രം.

‘ഇതെന്റെ ബോയ് ഫ്രണ്ട് ആണ് കെവിന്‍.’ അവള്‍ പറഞ്ഞു.
‘ഈ കറുമ്പനോ?’ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. ‘നീ ഇത്ര വംശീയ വാദി ആണോടാ?’ ഹബീബ ചൂടായി.

നാട്ടില്‍ നിന്ന് അധികം നാള്‍ പുറത്തുനിന്നിട്ടില്ലാത്ത എനിക്ക് എന്റെ ചോദ്യം ഒരു വംശീയവാദം ആയെന്ന് അന്ന് മനസിലായില്ല. നമ്മുടെ നാട്ടില്‍ വെളുത്ത പെണ്‍കുട്ടികള്‍ക്ക് കറുത്ത കാമുകന്മാരെ അധികം കണ്ടിട്ടില്ല. വെളുത്ത ആണുങ്ങള്‍ കറുത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കുന്നത് കണ്ടിട്ടേ ഇല്ല. ഇത്ര മാത്രം കറുത്ത നായകന്മാരുള്ള തമിഴ് സിനിമയില്‍ മരുന്നിന് ഒരു രാധികയെ മാത്രം ആണ് കുറച്ചെങ്കിലും കറുത്ത നായികയായി കണ്ടിട്ടുള്ളത്, ബാക്കി എല്ലാവരും തൊലി വെളുത്ത മലയാളികളോ ഉത്തരേന്ത്യാക്കാരോ ആണ്.

‘ഇവന്‍ കെനിയയില്‍ നിന്ന് പാരിസില്‍ കുടിയേറിയതാണ്. ഇപ്പോള്‍ പാരിസില്‍ പൊലീസുകാരന്‍ ആണ്. നീ ഇവന്റെ തൊലി നിറം മാത്രം കാണുന്നതെന്താണ്. ഇവനെ ഞാന്‍ ഒരിക്കല്‍ പരിചയപ്പെടുത്തി തരാം’ അന്ന് താമസസ്ഥലത്ത് തിരിച്ചെത്തി ഞാന്‍ കുറെ ആലോചിച്ചു.

ശരിക്കും അവള്‍ പറയുന്നത് കാര്യമാണ്, പക്ഷെ വെളുത്ത ഒരു പെണ്‍കുട്ടി ഇത്ര കറുത്ത ആളുടെ കാമുകി ആയി നില്‍ക്കുന്നത് അന്നത്തെ എന്റെ ഇന്ത്യന്‍ മനസിന് മുഴുവന്‍ ആയി ഉള്‍കൊള്ളാന്‍ ആയില്ല എന്നുള്ളതാണ് സത്യം.

കുറെ നാള്‍ കഴിഞ്ഞു ലണ്ടനിലെ ഒരു കാപ്പിക്കടയില്‍വെച്ചാണ് ഹബീബ അവനെ നേരിട്ട് പരിചയപ്പെടുത്തുന്നത്. ഫോട്ടോയില്‍ കണ്ട പോലെ തന്നെ സുന്ദരമായ ചിരിയുമായി ചെറുപ്പക്കാരന്‍. കൈ മുറുക്കെ പിടിച്ചു ഒരു ഹാന്‍ഡ് ഷേക്ക്. പുള്ളി ഫ്രഞ്ച് ആണ് പ്രധാനമായി സംസാരിക്കുന്നത്. മുറി ഇംഗ്ലീഷിലാണ് ഞങ്ങള്‍ സംസാരിച്ചത്.

ഹബീബ അവന്റെ കൈ പിടിച്ചു കൊണ്ട് അടുത്തിരുന്നു. ‘ഞാന്‍ ഇന്ത്യയില്‍ നിന്നാണ്’ ഞാന്‍ പറഞ്ഞുതുടങ്ങി. ‘എനിക്കറിയാം, ഹബീബ പറഞ്ഞിരുന്നു, ഞങ്ങളുടെ നാട്ടില്‍ കെനിയയിലും കുറെ ഇന്ത്യക്കാരുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ റെയില്‍വേ പണിക്ക് കൊണ്ടുവന്നവരുടെ പിന്‍തലമുറക്കാര്‍. ഇപ്പോള്‍ കെനിയയിലെ പണക്കാരായ ബിസിനെസുകാരെല്ലാം ഗുജറാത്തികളാണ്. നിങ്ങള്‍ ഗുജറാത്തി ആണോ?’

‘ഇല്ല ഞാന്‍ കേരളം എന്ന തെക്കന്‍ സംസ്ഥാനത്തു നിന്നാണ്. ‘
‘എനിക്കറിയാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ പൊളിറ്റിക്കല്‍ സയന്‍സ് മാസ്റ്റേഴ്‌സ് ചെയ്തതാണ്,

അങ്ങിനെ തുടങ്ങിയ ആ സംസാരം മണിക്കൂറുകളോളം നീണ്ടു. രാഷ്ട്രീയം, ലോക സിനിമ, സോഷ്യല്‍ സൈക്കോളജി തുടങ്ങി ഖലീല്‍ ജിബ്രാന്‍ വരെ നീണ്ട അന്ന് രാത്രിയോടെ ഞാന്‍ കെവിന്റെ ഒരു ആരാധകനായി എന്നതാണ് സത്യം. അത്ര ആഴവും പരപ്പുമുള്ള അറിവ്. അവന്റെ നിറം എന്റെ മനസിലേക്ക് വന്നതേ ഇല്ല.

ഹബീബയുടെ സെലെക്ഷന്‍ വളരെ നന്നായി എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ പറ്റിയും, ഫിജിയില്‍ ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി ആയതിനെ കുറിച്ചും മറ്റും വളരെ വിശദമായി കെവിന്‍ സംസാരിച്ചു.

പോകുന്നതിന് മുന്‍പ് കെവിന്‍ പറഞ്ഞു.

‘നീ മുസ്‌ലിമല്ലേ, ഹബീബയും മുസ്‌ലിം ആണ്. അവളുടെ ടുണീഷ്യയിലുള്ള ബാപ്പയും ഉമ്മയും ഈ ബന്ധത്തിന് എതിരാണ്. അവര്‍ക്ക് എന്റെ നിറവും വംശവും ആണ് പ്രശ്‌നം. നീ അവരോട് സംസാരിച്ചു എങ്ങിനെ എങ്കിലും സമ്മതിപ്പിക്കാന്‍ നോക്കാമോ?’

ശരി എന്ന് പറഞ്ഞു ഇറങ്ങിയ ഞാന്‍ ജോലിത്തിരക്കില്‍ അക്കാര്യം മറന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ലണ്ടനിലെ ജോലി കഴിഞ്ഞു ന്യൂയോര്‍ക്കിലേക്കു തിരിച്ചു പോവുകയും ചെയ്തു.

ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വേറെ ഒരു പ്രോജക്ടിന് വേണ്ടി ലണ്ടനില്‍ വീണ്ടും എത്തുന്നത്. വന്ന ഉടനെ ഹബീബയെ വിളിച്ചു. താമസസ്ഥലം ശരിയാക്കാം എന്ന് അവള്‍ പറഞ്ഞു. അപ്പോഴേക്കും നഗരത്തിന് പുറത്തേക്ക് അവള്‍ താമസം മാറിയിരുന്നു. ഒരു ദിവസം വൈകുന്നേരമാണ് അവളുടെ വീട്ടില്‍ ഞാന്‍ പോകുന്നത്.
കോളിങ് ബെല്‍ അടിച്ചു കാത്തു നിന്ന എന്റെ മുന്‍പിലേക്ക് ഒരു തവിട്ടുനിറമുള്ള പെണ്‍കുട്ടി ഇറങ്ങി വന്നു. അത് ഹബീബ തന്നെ ആണെന്ന് കണ്ടു പിടിക്കാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി.

നല്ല വെളുത്തിരുന്ന ഇവള്‍ക്കിത് എന്ത് പറ്റി എന്നാണ് ഞാന്‍ അത്ഭുതപ്പെട്ടു. വല്ല ത്വക് രോഗവും പിടിച്ചോ എന്നായിരുന്നു എന്റെ മനസില്‍ ആദ്യം വന്ന സംശയം.

‘നീ പേടിക്കണ്ട, ഞാന്‍ എന്റെ തൊലിയുടെ നിറം മാറ്റി, കുറെ നാളുകള്‍ നീണ്ടുനില്‍ക്കുന്ന തരത്തില്‍ പെര്‍മനെന്റ് ടാനിങ് ചെയ്തു,’ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ വിരലില്‍ ഒരു എന്‍ഗേജ്‌മെന്റ് മോതിരം ഞാന്‍ കണ്ടു. പുറകെ കെവിന്‍ വന്നു.
‘അവളോട് ഞാന്‍ പറഞ്ഞതാണ് വേണ്ടെന്നു. പിന്നെ അവള്‍ക്കു ഇഷ്ട്ടം കറുത്ത നിറമുള്ള തൊലിയോടാണ്. ഓരോരുത്തരുടെ സ്വകാര്യ കാര്യം ആണല്ലോ. ഞങ്ങള്‍ അടുത്ത മാര്‍ച്ചില്‍ കല്യാണം കഴിക്കുകയാണ്. നീ വരണം,’

ഞാന്‍ രണ്ട് പേരെയും കെട്ടിപിടിച്ചു. വെളുപ്പും കറുപ്പും വെറും നിറങ്ങള്‍ ആണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ കൂട്ടുകാര്‍. തിരിച്ചുപോകുന്ന ട്രെയിനില്‍ ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ ഒരു പരസ്യം ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എന്റെ മുഖത്ത് ഒരു ചിരി പടര്‍ന്നു. കറുത്തവരെ വെളുപ്പിക്കണോ? കറുപ്പും വെളുപ്പും വെറും നിറങ്ങള്‍ മാത്രമല്ലെ?

പണ്ടായിരുന്നെങ്കില്‍ അകത്തും പുറത്തും വെളുപ്പുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഹബീബ എന്ന വാചകത്തില്‍ ഞാനീ പോസ്റ്റ് അവസാനിപ്പിച്ചേനെ, പക്ഷെ ഇപ്പോള്‍ കണ്ണുകള്‍ തുറക്കപ്പെട്ടതുകൊണ്ട് അകത്തും പുറത്തും നന്മയുള്ളവളായിയുന്നു ഹബീബ എന്ന് ഞാനാ വാചകത്തെ തിരുത്തിയെഴുതുന്നു. വെളുപ്പും നന്മയും തന്മില്‍ അല്ലെങ്കില്‍ തന്നെ എന്ത് ബന്ധം….

നോട്ട്: ഫ്രാന്‍സില്‍ അനേകം വേറെ രാജ്യക്കാരുണ്ട്, അതില്‍ പലതും ചരിത്രത്തിന്റെ ഭാഗമായി സംഭവിച്ച കുടിയേറ്റങ്ങളാണ്. ഉദാഹരണത്തിന് ഫ്രാന്‍സില്‍ അനേകം അള്‍ജീരിയക്കാരും, മൊറോക്കകാരും ഉണ്ട്, കാരണം ഇന്ത്യയെ ബ്രിട്ടീഷുകാര്‍ ഭരിച്ച പോലെ, അള്‍ജീരിയയും മൊറോക്കയും ഫ്രാന്‍സ് ഭരിച്ചിരുന്ന രാജ്യങ്ങളാണ്.

ഇന്ത്യയിലെ തന്നെ ഫ്രഞ്ച് അധീനതയില്‍ ഉണ്ടായിരുന്ന മയ്യഴി(മാഹി), പോണ്ടിച്ചേരി ഒക്കെ സ്വതന്ത്രമായി ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന അനേകം പേര്‍ക്ക് ഫ്രാന്‍സ് പൗരത്വം കൊടുത്തിരുന്നു, കുറെ പേര് ഫ്രാന്‍സിലേക്ക് പോയി, അനേകം പേര് ഇന്ത്യന്‍ പൗരത്വം എടുത്ത് നാട്ടില്‍ തന്നെ നിന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകത്തിന്റ പശ്ചാത്തലം തന്നെ ഇതാണ്.

എന്നാല്‍ ഫ്രാന്‍സില്‍ അനേകം ജര്‍മന്‍കാരും ബ്രിട്ടീഷുകാരും ഒക്കെ കുടിയേറ്റക്കാരായി ഉണ്ട്, അത് പക്ഷെ തൊലിവെളുപ്പ് നോക്കി നടക്കുന്നവര്‍ക്ക് കണ്ണില്‍ കാണില്ല. ലോകത്തിലെ ഏറ്റവും വംശീയ ചിന്താഗതിയുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന്, ആഫ്രിക്കയില്‍ നിന്നുള്ള പല യാത്രക്കാരും പറഞ്ഞിട്ടുണ്ട്. കറുത്ത തൊലിയോടുള്ള ഈ വംശീയ വിദ്വേഷം ഇന്ത്യയിലെ മാത്രം സംഭവമല്ല. ബരാക് ഒബാമ പ്രസിഡന്റ് ആകാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന സമയത്ത് ഡൊണാള്‍ഡ് ട്രമ്പ് ഒബാമ അമേരിക്കയില്‍ ജനിച്ച ആളല്ല, മറിച്ച് കെനിയയില്‍ ജനിച്ച ആളാണെന്ന് ഒരു വിദ്വേഷപ്രചാരണം അഴിച്ചുവിട്ടത് നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാവും.

രണ്ട് തവണ ഒബാമ തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും, പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ തോല്‍ക്കാനുള്ള ഒരു കാരണം, കറുത്ത വര്‍ഗക്കാരോടുള്ള വംശീയ വെറുപ്പാണ് എന്ന് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ Everybody Lies എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

വംശീയ തമാശകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്യപ്പെടുന്ന സഥലങ്ങളിലാണ് ട്രമ്പിന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയിരിക്കുന്നത്. ഫ്രാന്‍സില്‍ കുറച്ച് ശതമാനം മാത്രമുള്ള ആഫ്രിക്കന്‍ വംശജര്‍ എങ്ങിനെയാണ് ഫ്രഞ്ച് ടീമിലെ പകുതിയോളം സ്ഥാനത്ത് ഉള്ളത് എന്നൊരു ചോദ്യം ചിലരെങ്കിലും മനസ്സില്‍ കരുതിക്കാണും.

അതിനൊരു സാമ്പത്തിക കാരണമുണ്ട്. ആഫ്രിക്കയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ആളുകളോ അവരുടെ മക്കളോ ഒക്കെ പാരിസിന് അടുത്തുള്ള ചേരിസമാനമായ ഘെട്ടോകളില്‍ (ഗൂഗിള്‍ : Banlieues) ആണ് എത്തിപെടുന്നത്. അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് അക്രമത്തിലേക്കോ ലഹരിമരുന്നിലേക്കോ പോകാതെ ഒരു നല്ല ജീവിതം സാധ്യമാകാനുള്ള നല്ലൊരു വഴിയാണ് നന്നായി ഫുടബോള്‍ കളിച്ച് ഒരു യൂറോപ്യന്‍ ക്ലബ്ബില്‍ ചേരുക എന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരു നൂല്‍പാലത്തിലെ നടപ്പ് കഴിഞ്ഞ്, അവരവരുടെ പരിശ്രമം കൊണ്ടാണ് ഫ്രഞ്ച് ദേശീയ ടീമില്‍ ആഫ്രിക്കന്‍ വംശജര്‍ എത്തിപ്പെടുന്നത്.

എംബാപ്പെ ഇതുപോലെ Bondy എന്ന ദരിദ്ര പ്രേദേശത്ത് സോക്കര്‍ കളിച്ചു വളര്‍ന്ന ഒരാളാണ്. സ്‌പോര്‍ട്‌സ്, പണ്ട് എല്ലാ കാര്യത്തിനും പരസ്പരം കൊന്നുനടന്നിരുന്ന, മനുഷ്യരെ ഒന്നാക്കുന്ന ഒരു ഏര്‍പ്പാടാണ്. അതില്‍ തന്നെ ഇത്തരം വിദ്വേഷം വിതറുന്നവരെ മലയാളികള്‍ പൊതുയിടത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണ്. മലയാളി സമൂഹത്തില്‍ നിന്ന് പൂര്‍ണമായും മുറിച്ചുമാറ്റേണ്ട ഒരു കാന്‍സര്‍ ആണ് മോഹന്‍ദാസിന്റെ പോലുള്ള വംശീയ വിദ്വേഷികളെ ….

Content Highlight: Nazeer Hussain Kizhakkedathun’s write up on TG Mohandas racist tweet

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

We use cookies to give you the best possible experience. Learn more