| Friday, 20th May 2022, 9:08 am

പുഴുവിന്റെ ആദ്യ ഭാഗത്താണ് വയലന്‍സ്; അത് മനസ്സിലാകണമെങ്കില്‍ വേറെ പാഠങ്ങള്‍ പഠിക്കണം

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

നിങ്ങള്‍ ഒരു സിനിമാ സംവിധായകന്‍ അല്ലെങ്കില്‍ സംവിധായിക ആണെന്ന് കരുതുക. താഴെ പറയുന്ന സീന്‍ നിങ്ങള്‍ ചിത്രീകരിക്കുന്നു എന്നും മനസ്സില്‍ ചിന്തിക്കുക. നിങ്ങളാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതും അവരോട് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നതുമെല്ലാം. ഒരു നല്ല സംവിധായകന്‍ ആകണമെങ്കില്‍ മനസ്സില്‍ ഓരോ സീനും ഒരു സ്‌ക്രീനില്‍ എന്ന പോലെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കണം. ഇത് വായിക്കുമ്പോള്‍ ഈ സംഭവങ്ങള്‍ നിങ്ങള്‍ മനസ്സില്‍ കാണണം. എന്നിട്ട് മാത്രം തുടര്‍ന്ന് വായിക്കുക.

‘ഒരു പ്രശസ്ത വക്കീല്‍ ആണ് ഈ സീനിലെ പ്രധാന കഥാപാത്രം. ഈ വക്കീല്‍ തന്റെ കക്ഷിയെ കാണാനായി യാത്ര പുറപ്പെടുന്നു. ഒരു സ്‌കൂട്ടറിലാണ് വക്കീല്‍ പോകുന്നത്. നഗരത്തിനടുത്തുള്ള ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു റസ്റ്ററന്റിലാണ് കക്ഷി വരാമെന്ന് പറഞ്ഞിട്ടുള്ളത്. വക്കീല്‍ അവിടെയെത്തി സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തു കക്ഷിയെ കാണാനായി പോകുന്ന വഴിക്ക്, മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ പെട്ടെന്ന് വക്കീലിനെ ആക്രമിക്കുന്നു. അസഭ്യം പറയുന്നു, വക്കീലിന്റെ കയ്യിലെ ഫോണെടുത്ത് വലിച്ചെറിയുന്നു. ഒരു നിമിഷത്തേക്ക് പകച്ചുപോയ വക്കീല്‍ പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുക്കുകയും അക്രമിയെ നേരിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കുറെ പേര്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു’.

ഇത്രയും നിങ്ങള്‍ മനസ്സില്‍ കണ്ടുകഴിഞ്ഞുവെങ്കില്‍ മാത്രം താഴെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക.

1. വക്കീല്‍ കഥാപാത്രം ഒരു പുരുഷന്‍ ആയിരുന്നോ സ്ത്രീ ആയിരുന്നോ?

2. വക്കീല്‍ കഥാപാത്രം ഒരു ദളിത് ആയിരുന്നോ ബ്രാഹ്മണന്‍ ആയിരുന്നോ?

3. വകീല്‍ കഥാപാത്രം അഭിനയിച്ച ആള്‍ കറുത്തിട്ട് ആയിരുന്നോ വെളുത്തിട്ട് ആയിരുന്നോ?

3. വഴക്കിട്ട ആള്‍ കറുത്തിട്ട ആയിരുന്നോ വെളുത്തിട്ട് ആയിരുന്നോ?

4. വഴക്കിട്ട ആള്‍ ഒരു ‘ഉയര്‍ന്ന’ ജാതിയില്‍ പെട്ട ഒരാള്‍ ആയിരുന്നോ?

ഇത് വായിച്ച ഭൂരിപക്ഷം പേരും ഒരു ദളിത് സ്ത്രീയെ മേല്‍പറഞ്ഞ സീനിലെ വക്കീലായി മനസ്സില്‍ കണ്ടുകാണില്ല എന്നുറപ്പാണ്. അത്രയ്ക്ക് പുരോഗമനമൊന്നും നമ്മുടെ നാട്ടില്‍ ആയിട്ടില്ല. പക്ഷെ ഞാന്‍ ഒരു കഥ പോലെ പറഞ്ഞ സംഭവം യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ്. കോഴിക്കോട് ബീച്ചില്‍ വെച്ച് അഭിഭാഷകയായ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം. ആ വക്കീല്‍ കറുത്ത നിറമുള്ള ദളിത് സ്ത്രീ ആയിരുന്നു. പക്ഷെ നമ്മുടെ പലരുടെയും മനസ്സില്‍ വക്കീലായി വന്നത് ‘ഉന്നത’ കുലജാതനായ കഴുത്തില്‍ രുദ്രാക്ഷം ഇട്ട നരസിംഹത്തിലെ ‘നന്ദഗോപാല്‍ മാരാര്‍’ തരത്തിലുള്ള വക്കീലോ മറ്റോ ആയിരിക്കും.

എന്തായാലും ഒരു ദളിത് സ്ത്രീ വക്കീലിനെ അത്ര പെട്ടെന്ന് മനസ്സില്‍ ആലോചിക്കാന്‍ മാത്രം നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല, കാരണം അത്രയ്ക്ക് മാത്രം ദളിത് വക്കീലന്മാരെ തന്നെ കേരളവും കണ്ട് തുടങ്ങിയിട്ടില്ല. (ഞാനുള്‍പ്പടയുള്ള ആളുകള്‍ ഈ ബയാസിന്റെ അടിമകളാണ്, ചിലര്‍ അത് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മാത്രം. പുരുഷന്മാര്‍ ഫെമിനിസം സംസാരിക്കുന്നത് പോലെയാണ് ജാതിയുടെ തിക്തഫലം അനുഭവിക്കാത്തവര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത്. അനുഭവവും ആനുഭാവവും വേറെ വേറെ സംഗതികളാണ്)

സുപ്രീംകോടതിയില്‍ തന്നെ മുപ്പത്തിമൂന്ന് ജഡ്ജിമാരില്‍ വെറും രണ്ടുപേരാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ളത്. വെറും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപന്‍ ബ്രാഹ്മണര്‍ മനുഷ്യര്‍ക്ക് കിട്ടാവുന്ന എല്ലാ ഗുണങ്ങളും ലഭിച്ച് മുന്‍ജന്മ സത്കര്‍മ ഫലമായി ജനിച്ചവരാണെന്ന് പ്രസംഗിച്ചത്. അടുത്ത ജന്മത്തില്‍ ബ്രാഹ്മണന്‍ ആകണമെന്ന് വാശി പിടിക്കുന്ന സിനിമാ നടന്‍ രാജ്യസഭാംഗമായിരുന്നതും കേരളത്തില്‍ നിന്നാണ്. സര്‍ക്കാര്‍ സര്‍വീസിലും രാഷ്ട്രീയത്തിലും, അധികാരത്തിലും മാധ്യമങ്ങളിലും അനര്‍ഹമായ തോതില്‍ പ്രാതിനിധ്യം ഉള്ള ഇവര്‍തന്നെ ജാതി സംവരണത്തിന് എതിരെ തരം കിട്ടുമ്പോള്‍ സംസാരിക്കുന്നതും കാണാം.

ജാതി പ്രവര്‍ത്തിക്കുന്നത് വളരെ നിശബ്ദമായി നമ്മുടെ മനസുകളില്‍ തന്നെയാണ് എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ ചിന്താ പരീക്ഷണം പറഞ്ഞത്. ഇത് നമ്മുടെ നാട്ടിലെ മാത്രം പ്രശ്‌നമല്ല, പ്രസിഡന്റ് ആകുന്നതിന് ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അമേരിക്കയില്‍ ഒരു സംസ്ഥാനത്തെ സെനറ്റര്‍ ആയിരിക്കുന്ന സമയത്ത്, ഒരു മീറ്റിങ്ങില്‍ പങ്കെടുത്ത ബരാക് ഒബാമയോട്, അദ്ദേഹം റസ്റ്ററന്റിലെ ഒരു ജോലിക്കാരന്‍ ആണെന്ന് തെറ്റിദ്ധരിച്ച്, ഒരു വെള്ളക്കാരന്‍ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞുവിട്ട സംഭവം ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ ജാതിയും അമേരിക്കയിലെ വര്‍ണവെറിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയാണ്. കറുത്തവര്‍ വില്ലന്മാരും വെളുത്തവര്‍ നായകരും ആയ ഇന്ത്യന്‍ സിനിമകള്‍ നമ്മള്‍ എത്ര കണ്ടതാണ്. കറുത്തവര്‍ അല്ലെങ്കില്‍ ദളിത് ജാതിക്കാര്‍ എത്ര ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചാലും അവരുടെ കഴിവ് വീണ്ടുംവീണ്ടും തെളിയിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ അവര്‍ അംഗീകരിക്കപ്പെടില്ല.

ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്ദ ബിരുദവും, ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് രണ്ട് ഡോക്ടറേറ്റുകളും കിട്ടിയ, ഇന്ത്യ കണ്ട ഏറ്റവും വലിയ ജ്ഞാനിയായ ബാബാസാഹേബ് അംബേദ്കറെ പോലും വെറുമൊരു ദളിത് നേതാവായിട്ടാണ് നമ്മള്‍ കാണുന്നത്.

അതേസമയം ഒരു ബ്രാഹ്മണന്‍ ആണെങ്കില്‍ പത്താം ക്ലാസ് പാസ്സായിട്ടില്ലാത്ത ഒരാളാണെങ്കില്‍ പോലും സമൂഹം ഭയഭക്തി ബഹുമാനത്തോടെ കാണും എന്നതാണ് ഇന്നത്തെ സാമൂഹിക യാഥാര്‍ഥ്യം. പൂണൂലും കുറച്ച് മന്ത്രങ്ങളും അറിഞ്ഞാല്‍ നമ്മുടെ നാട്ടിലെ റോക്കറ്റ് വിടാന്‍ പോലും അവരുടെ അനുമതി വേണ്ടിവരും. ജനനം കൊണ്ടുതന്നെ തങ്ങള്‍ ആരൊക്കെയോ ആണെന്ന് കരുതിയിരിക്കുന്ന നാര്‍സിസ്റ്റുകളാണ് ഇവര്‍.

അമേരിക്കയിലെ വംശീയതയും ഇന്ത്യയിലെ ജാതിയെയും താരതമ്യപ്പെടുത്തിക്കൊണ്ട് ‘കാസ്റ്റ്’ എന്ന പുസ്തകമെഴുതിയ ഇസബെല്‍ വില്‍ക്കേഴ്സാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ നിരീക്ഷിച്ച ഒരു കാര്യം ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ആരൊക്കെ ഏത് ജാതിയില്‍ പെടുന്നു എന്ന് ഒരു പിടിയുമില്ലാതിരുന്ന അവര്‍ ജാതിയെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ ഒരു സെമിനാറില്‍ വെച്ച്, ആരൊക്കെയാണ് ‘ഉന്നത’ ജാതിക്കാര്‍, ആരൊക്കെയാണ് ‘താഴ്ന്ന’ ജാതിയില്‍ പെടുന്നത് എന്ന് കൃത്യമായി, ആളുകളുടെ ശരീരഭാഷ നിരീക്ഷിച്ച്, പറയാന്‍ കഴിഞ്ഞു എന്നെഴുതിയിട്ടുണ്ട്.

ഇന്ത്യയിലെ ജാതിയെ കുറിച്ച് വളരെ വിശദമായി ആഴത്തില്‍ സംസാരിച്ച ഒരു ദളിത് പ്രൊഫെസ്സറെ അധികാര മനോഭാവത്തോടെ ചോദ്യം ചെയുകയും മറ്റും ചെയ്ത, ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പകുതി വിവരം പോലുമില്ലാത്ത ഒരു ‘ഉന്നത’ കുലജാതയെ തിരിച്ചറിയാന്‍ വളരെ എളുപ്പമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ആളുകളുടെ ശരീരഭാഷ തന്നെ തങ്ങള്‍ ‘ഉയര്‍ന്നത്’ ‘താഴ്ന്നത്’ എന്ന് കരുതുന്ന ജാതികളുടെ സാനിധ്യത്തില്‍ വ്യത്യാസപ്പെടുന്നു എന്നുള്ള കൗതുകപൂര്‍വമായ എന്നാല്‍ സത്യമായ ഒരു നിരീക്ഷണം. പഠിക്കുന്ന സമയത്ത് ഇത് കണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് വളരെ പെട്ടെന്ന് അവര്‍ പറയുന്നത് മനസിലാവുകയും ചെയ്തു.

ഞാന്‍ എം.സി.എ കോഴ്‌സ് ചേരാനായി തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ഒരു സമാന അനുഭവമുണ്ടായി. സംസ്ഥാനതലത്തില്‍ ഇരുപത്തിനാലാം റാങ്ക് ഉണ്ടായിരുന്ന എന്നോട് അവിടെയിരുന്ന അദ്ധ്യാപകന്‍ ചോദിച്ചത് മുസ്‌ലിം ക്വാട്ട ആണോ എന്നാണ്. സംവരണത്തെ കുറിച്ചും അതിന്റെ അടിയൊഴുക്കളെ കുറിച്ചും, വിദ്യാര്‍ഥികള്‍ ചേരുന്ന സമയത്ത് അവിടെയിരിക്കുന്ന അദ്ധ്യാപകര്‍ സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചൊന്നും ഒരു പിടിയും ഇല്ലാതിരുന്ന ഞാന്‍ എനിക്കറിയില്ല എന്ന് മറുപടി നല്‍കുകയും ചെയ്തു. കോളേജ് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളുടെ സംവരണം ശരിയായി നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ വിദ്യാര്‍ത്ഥി സംവരണമൊക്കെ നിശബ്ദമായി അട്ടിമറിക്കപ്പെടും.

മേല്പറഞ്ഞ ലോകത്തിന്റെ നേര്‍ വിപരീതമാണ് പുഴു എന്ന സിനിമ അവതരിപ്പിക്കുന്ന ലോകം.നായകന്‍ കറുത്തും വില്ലന്‍ വെളുത്തുമിരിക്കുന്ന, നായകന്‍ ദളിതനും വില്ലന്‍ ബ്രാഹ്മണനും ആയിരിക്കുന്ന ഒരു ലോകക്രമം. ഏതാണ്ട് ഇടവേള കഴിയുന്നത് വരെ യാഥാര്‍ഥ്യത്തോട് വളരെയടുത്ത് നില്‍ക്കുന്നത് കൊണ്ടും, മേല്പറഞ്ഞ പോലെ നമ്മള്‍ ഇങ്ങിനെയുള്ള സംഭവങ്ങളോട് വളരെയധികം ബയാസ് ആയതുകൊണ്ടും, ഇതില്‍ കഥ ഇല്ലല്ലോ, ഇതൊരു അവാര്‍ഡ് സിനിമയാണോ, വളരെ പതുക്കെയാണല്ലോ പോകുന്നത് എന്നൊക്കെ സംശയിച്ച് പോകുന്ന, അത്ര യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന, വളരെ നിശബ്ദമായി വയലന്‍സ് അവതരിപ്പിക്കുന്ന ഒരു സിനിമ.

ദളിത് നായകന്‍ താന്‍ പ്രണയിച്ച് വിവാഹം കഴിച്ച ‘ഉന്നത’ ജാതി പങ്കാളിയെ അവളുടെ വീട്ടുകാരുടെ മുന്നില്‍ വെച്ച് അഭിമാനത്തോടെ തല ഉയര്‍ത്തിപിടിച്ച് വരുന്നത് നമ്മുടെ നിലവിലുളള കാഴ്ചശീലങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ്. പലരും പറയുന്ന പോലെ അവസാനത്തില്‍ അല്ല മറിച്ച് സിനിമയുടെ ആരംഭത്തിലാണ് ഈ സിനിമയിലെ ഏറ്റവും വലിയ വയലന്‍സുകള്‍ നടക്കുന്നത്.

പക്ഷെ ഇതിലെ പല രംഗങ്ങളും വയലന്‍സ് ആണെന്ന് കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് മനസിലാകണമെന്നില്ല. ഉദാഹരണത്തിന്, ലിഫ്റ്റില്‍ വെച്ച് പിറ്റ്സ കൊണ്ടുവരുന്ന യുവാവിനെ കണ്ടിട്ട്, ഇതൊക്കെ ആളുകള്‍ എങ്ങനെ കഴിക്കുന്നു എന്ന് അത്ഭുതപെടുന്നത് വയലന്‍സ് ആയി നമുക്ക് കാണാന്‍ സാധിക്കില്ല. മറ്റൊരു ജാതിയില്‍ പെട്ടയാളെ വിവാഹം കഴിച്ചത് കൊണ്ട് വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയ സഹോദരിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചിട്ട് കൈ തുടച്ചു കഴിഞ്ഞിട്ട് അറപ്പോടെ മുഖം തിരിക്കുന്ന സീനും വയലന്‍സ് ആയി നമുക്ക് അനുഭവപ്പെടില്ല. ‘നമ്മളെ’ പോലുള്ളവര്‍ക്ക് മാത്രമേ ഫ്‌ലാറ്റ് വാടകക്ക് കൊടുക്കൂ എന്നൊക്കെ പറയുന്നതും നമുക്ക് വയലന്‍സ് ആയി അനുഭവപ്പെടില്ല.

ഇതൊക്കെ വയലന്‍സ് ആണെന്ന് മനസിലാകണമെങ്കില്‍ നമ്മള്‍ക്ക് ഒരു പുതിയ സാംസ്‌കാരിക വിദ്യാഭ്യാസം ലഭിക്കണം. സ്‌കൂളുകളില്‍ ഇത് വിഷയമായി തന്നെ പഠിപ്പിക്കണം. ജാതി അടിസ്ഥാനമാക്കി സി.ബി.ഐ ഡയറിക്കുറിപ്പുകള്‍ മുതല്‍ അനേകം സിനിമകള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള നമ്മുടെ നിശബ്ദ ബയാസ് മാറ്റിയെടുക്കാന്‍ അങ്ങനെ മാത്രമേ കഴിയൂ. അടുത്ത തലമുറയിലേക്ക് ഈ ജാതിചിന്തകള്‍ എങ്ങനെയാണ് കടത്തിവിടുന്നത് എന്ന് വ്യക്തമായി വില്ലനും മകനുമായുള്ള രംഗങ്ങളില്‍ കാണിക്കുന്നുണ്ട്. സ്‌കൂളിന് പുറത്ത്, വീടുകളുടെ അകത്ത് നടക്കുന്ന നിശബ്ദ ക്ലാസുകള്‍ ആണത്. നമ്മള്‍ അവരെ പോലെയല്ല, വ്യത്യസ്തരാണ്, അവരെ ദൂരെ നിര്‍ത്തണം, നമ്മള്‍ എന്തോ ആഭിജാത്യം ഉള്ളവരാണ് എന്നൊക്കെയുള്ള പഠനങ്ങള്‍ വീടുകളിലെ ഇത്തരം ചെറിയ സംഭാഷണങ്ങളിലാണ് കുട്ടികള്‍ പഠിക്കുന്നത്.

ഇതിലെ നായകനെ പോലെ വേറെ ഒരു സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ച ഒരാളാണ് ഞാന്‍. മുസ്‌ലിങ്ങളുടെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കില്ല എന്നാണു എന്റെ ഭാര്യയുടെ പെരിയപ്പ അന്നെന്നോട് പറഞ്ഞത്. വെള്ളം കുടിച്ചില്ലെങ്കില്‍ ചായ ഉണ്ടാക്കിത്തരാം എന്ന അനവസരത്തിലെ തമാശ മറുപടിയായി പറഞ്ഞു, എന്നല്ലാതെ ആ പറഞ്ഞതിലെ വയലന്‍സ് അന്നെനിക്ക് മാനസിലായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ മകള്‍ ഒരു ക്രിസ്ത്യന്‍ യുവാവിനെ പ്രേമിച്ച് വിവാഹം ചെയ്തു. ഏതാണ്ട് ജാതിമത ചിന്തകള്‍ ഒന്നുമില്ലാത്ത വിശാലമനസ്‌കര്‍ ആയി അവര്‍ മകളുടെ വിവാഹം നടത്തികൊടുത്തപ്പോള്‍ എന്ത് സംഭവിച്ചു ഞാന്‍ അത്ഭുതപ്പെട്ടു.

വലിയ ബിസിനസുകാരുടെ കുടുംബത്തിലേക്കാണ് മകള്‍ വിവാഹം ചെയ്തു പോയതെന്ന് അറിഞ്ഞപ്പോള്‍ ആ അത്ഭുതം അവസാനിക്കുകയും ചെയ്തു. വേറെ ജാതിയില്‍ നിന്ന് കുട്ടികളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ല എന്ന് പറയുന്ന പലരും മറുവശത്ത് യൂസഫലിയുടെയോ വില്‍ സ്മിത്തോ ഒക്കെയാണെങ്കില്‍ വിശാലമനസ്‌കരാവുന്നത് കാണാം. വേറെ ജാതിയില്‍ പെട്ട സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് പോയിട്ട് എന്റെ ഭാര്യയുടെ മാതാപിതാക്കള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കാതെ പോന്ന സംഭവങ്ങള്‍ ഒക്കെ ഈ സിനിമ കണ്ടപ്പോള്‍ ഓര്‍മ വന്നു.

പുഴുവിനോട് എനിക്കുള്ള ഒരു വിയോജിപ്പ്, സിനിമയുടെ അവസാനത്തോട് അടുപ്പിച്ചുള്ള രംഗങ്ങളോടാണ്. ഇന്ത്യയിലെ ‘ഉന്നത’ ജാതിക്കാര്‍ ഈ നൂറ്റാണ്ടില്‍ കാര്യങ്ങള്‍ നടത്തുന്നത് നേരിട്ടുള്ള വയലന്‍സ് വഴിയല്ല. മറിച്ച് വളരെ നിശബ്ദമായി കാര്യങ്ങള്‍ നടത്തിയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന സമയത്ത് ഉണ്ടായ ഒരു പുകിലും, സംവരണം എന്തിനാണോ നിലവില്‍ വന്നത്, അതിന്റെ നേര്‍ വിപരീത ദിശയിലുള്ള, ‘സവര്‍ണ’ സംവരണം നടപ്പിലാക്കിയപ്പോള്‍ അത് കണ്ടില്ല എന്നത് തന്നെ കാര്യങ്ങള്‍ എത്ര സ്മൂത്ത് ആയിട്ടാണ് ഇവര്‍ നടപ്പിലാകുന്നത് എന്നതിന്റെ ഉദാഹരണമാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതില്‍ നിന്ന് മുക്തം അല്ല. കാരണം സമൂഹത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. അതുപോലെ ഇതില്‍ വില്ലനെ കൊല്ലാനായി ‘പുഴു’ ആയി വരുന്ന ആളുടെ കഥകള്‍ ഒക്കെ വിഷയത്തില്‍ നിന്ന് സ്ഥാനം തെറ്റി വന്നത് പോലെയും തോന്നി.

അവസാന ഭാഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍, സീരിയസ് ആയി പല ആവര്‍ത്തി കാഴ്ച ആവശ്യപ്പെടുന്ന ഒരു സിനിമയായിട്ടാണ് പുഴു എനിക്കനുഭവപെട്ടത്. മറ്റു പലര്‍ക്കും വളരെ വ്യത്യസ്തങ്ങളായ അനുഭവം ആയിരിക്കാന്‍ എല്ലാ സാധ്യതകളും ഉണ്ട്. അല്ലെങ്കിലും നമ്മള്‍ നായകന്റെ സ്ഥാനത്ത് നമ്മളെ തന്നെ പ്രതിഷ്ഠിച്ചാണല്ലോ സിനിമ കാണുന്നത്, അതുകൊണ്ട് നമ്മുടെ അനുഭവങ്ങളുടെ പശ്ചാത്തലം സിനിമാ ആസ്വാദനത്തെ വളരെയധികം സ്വാധീനിക്കുമെന്ന് തോന്നുന്നു.

Content Highlight: Nazeer Hussain Kizhakkedathu writes about Puzhu movie experience and about real life incidents

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

We use cookies to give you the best possible experience. Learn more