ഇന്നലെ നിങ്ങള്‍ കണ്ട പശുക്കള്‍ നരേന്ദ്ര മോദിയുടേതല്ല.
തന്റെ മുന്നിലെ ചില്ലുഗ്ലാസിലെ ദാവ എന്ന ആഫ്രിക്കന്‍ പാനീയത്തില്‍ കാട്ട് തേന്‍ ചേര്‍ത്ത് ഇളക്കിക്കൊണ്ട് ടോമി പറഞ്ഞു. ആ പശുക്കള്‍ ആരുടേതാണ്?
ഉത്തരം ഒരു പുഞ്ചിരിയില്‍ ഒതുക്കി ടോമി തേന്‍ ചേര്‍ത്ത ദാവ കുടിക്കാന്‍ തുടങ്ങി. ഇഞ്ചിനീരും, ചെറുനാരങ്ങ നീരും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് എടുത്ത്, പുതിനയിട്ട് തേന്‍ ഒഴിച്ച് കുടിക്കുന്ന ദാവ ഒരു ദാഹശമനി മാത്രമല്ല, മരുന്ന് കൂടിയാണെന്നാണ് ആഫ്രിക്കന്‍ വിശ്വാസം. ഇത് കുടിച്ചാല്‍ തങ്ങള്‍ക്ക് കൊവിഡ് ഏല്‍ക്കില്ലെന്നും അവര്‍ കരുതുന്നു.
കിഴക്കന്‍ ആഫ്രിക്കയിലെ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലെ, പയ്യന്നൂര്‍ക്കാരന്‍ ഫാറൂഖിന്റെ കുന്നിന്‍ മുകളിലുള്ള റസ്റ്റോറന്റില്‍ ഇരിക്കുകയാണ് ഞങ്ങള്‍. കൃഷി ചെയ്യാന്‍ വേണ്ടി ഭൂമി വാങ്ങുന്നതുമായ ചര്‍ച്ചകള്‍ക്കിടയിലായിരുന്നു ഞങ്ങള്‍.
ഇന്നലെ വൈകുന്നേരം കിഗാലി ബുറൂണ്ടി ദേശീയപാതയുടെ അരികില്‍ കമ്പിവലയിട്ട പുല്‍മേടുകളില്‍ മേഞ്ഞുനടന്ന പശുക്കളെ പറ്റിയാണ് നാട്ടുകാരനായ ടോമിയോട് ഞാന്‍ ചോദിച്ചത്. റുവാണ്ടക്കാരനായ ഇയാളുടെ മുഴുവന്‍ പേര് ടോമി ഇന്‍സു മുരിന്ദി എന്നാണ്. ഒരു റിയല്‍എസ്റ്റേറ്റ് ഏജന്റാണ് ഇയാള്‍.
ഇന്നലെ കിഗാലിയില്‍ നിന്ന് തൊട്ടടുത്ത നാടായ ബുറൂണ്ടി കാണാന്‍ വേണ്ടി യാത്ര തിരിച്ചതായിരുന്നു ഞാനും സുഹൃത്തായ
വടകരയിലെ ലത്തീഫും. റോഡരികിലൂടെ നടന്നുപോകുന്ന സ്‌കൂള്‍ കുട്ടികളെ കണ്ട് ഞങ്ങള്‍ കാര്‍ നിര്‍ത്തി. കൊവിഡൊക്കെ മാറിയെന്ന് തോന്നുന്നു. ആഫ്രിക്കയില്‍ സ്‌കൂളുകള്‍ തുറന്നു. കുട്ടികളോട് കുശലം പറഞ്ഞും അവരുടെ ഫോട്ടോയെടുത്തും നില്‍ക്കുമ്പോള്‍ വിലകൂടിയ ഒരു കാര്‍ വന്ന് ഞങ്ങള്‍ക്ക് അരികില്‍ നിര്‍ത്തി.
ഒരു ചെറുപ്പക്കാരന്‍ കാറില്‍ നിന്നും ഇറങ്ങാതെ ഞങ്ങളെ അഭിവാദ്യം ചെയ്തു. ഇയാളുടെ പേര് അമീഷ് പട്ടേല്‍. കച്ചവടക്കാരനാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നും കുടിയേറിവരാണ് പൂര്‍വികര്‍. ഞങ്ങള്‍ പരിചയപ്പെട്ടു.
കുറച്ചകലെയുള്ള പുല്‍മേടുകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ ചൂണ്ടിക്കാട്ടി ഫോട്ടോയെടുക്കാന്‍ അയാള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. അപ്പോഴാണ് ഞങ്ങള്‍ ആ പശുക്കളെ കാണുന്നത്. ചിത്രമെടുക്കാന്‍ മാത്രം എന്ത് പ്രത്യേകതയാണ് ആ പശുക്കളിലുള്ളത് എന്ന് ഞങ്ങള്‍ ചോദിച്ചു.
നരേന്ദ്ര മോദി നല്‍കിയ പശുക്കളാണത്. മോദിയുടെ പശുക്കള്‍.
ഈ ഫോട്ടോ നിങ്ങള്‍ നാട്ടില്‍ എല്ലാവര്‍ക്കും കാണിക്കണം. അയാള്‍ പറഞ്ഞു. പിന്നെ അയാള്‍ മോദിയുടെ സ്തുതികള്‍ പാടാന്‍ തുടങ്ങി. ഞങ്ങള്‍ ആ പശുക്കളുടെ ഫോട്ടോ എടുത്തു. അയാള്‍ക്ക് സന്തോഷമായി. നന്ദി പറഞ്ഞ് അയാള്‍ കാറോടിച്ചു പോയി.
ഈ പശു പുരാണമാണ് ഞാന്‍ ടോമിയോട് പറഞ്ഞത്. ദാവ മുഴുവന്‍ കുടിച്ചു തീര്‍ത്ത്, ചുണ്ടുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തേന്‍ നാവുകൊണ്ട് നക്കി തുടച്ച് ടോമി ചോദിച്ചു, ‘നിങ്ങള്‍ എന്തിനാണ് പശുവിന്റെ പിന്നാലെ പോവുന്നത്? ‘നിങ്ങള്‍ വന്നത് ഭൂമി വാങ്ങാനല്ലെ?
ആഫ്രിക്കക്കാരനായ നിനക്ക് അറിയില്ലല്ലോ ഇന്ത്യയിലെ പശുവിന്റെ നിലയും വിലയും. എനിക്ക് നന്നായി അറിയാം. ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്, ഇന്ത്യന്‍ പശുക്കളുടെ നില, വില എനിക്കറിയില്ല. കൊവിഡിന് മുമ്പ് ഞാന്‍ ദല്‍ഹിയില്‍ ചികിത്സക്കായി പോയിരുന്നു. ഒരു മാസത്തോളം ഇന്ത്യയിലുണ്ടായിരുന്നു. റോഡില്‍ അലഞ്ഞു നടക്കുന്ന ഒട്ടേറെ പശുക്കളെ ഞാന്‍ കണ്ടു. നിങ്ങള്‍ പറയുന്നത് പശു മാതാവാണെന്ന്, അമ്മ.
അങ്ങനെയാണെങ്കില്‍ അമ്മയെ സംരക്ഷിക്കേണ്ട കടമ മക്കള്‍ക്കില്ലേ? ഏതെങ്കിലും ഒരു മകന്‍ തന്റെ മാതാവിനെ തെരുവില്‍ അലയാന്‍ വിടുമോ? തെരുവില്‍ അലയുന്ന ഒരു പശുവിനെ നിങ്ങള്‍ ഇവിടെ കണ്ടിട്ടുണ്ടോ? ഇല്ല, അല്ലെ. ഞങ്ങള്‍ പശുക്കളെ വീടുകളിലാണ് പോറ്റുന്നത്. ഞങ്ങള്‍ പശുക്കളെ സംരക്ഷിക്കുന്നു. നിങ്ങള്‍ ആരാധിക്കുന്നു എന്ന് പറഞ്ഞു തെരുവില്‍ അലയാന്‍ വിടുന്നു.
പാവം പശുവിന്റെ പേരില്‍ നിങ്ങള്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. പശു ഒരു സാധു ജീവിയാണെന്ന കാര്യം നിങ്ങള്‍ മറക്കുന്നു. ലോകത്തിലെ ഒരു പശുവും ഇന്നുവരെ ആരേയും കൊന്നിട്ടില്ല. പക്ഷെ പശുവിന്റെ പേരില്‍ നിങ്ങള്‍ എത്രപേരെ കൊന്നു? ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ ടോമി എന്നെ തുറിച്ചുനോക്കി.
2018ലാണ് നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ നാട് സന്ദര്‍ശിച്ചത്. ഈ നാട് സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി. അന്ന് ഞങ്ങളുടെ സര്‍ക്കാരിന്റെ ഒരു പദ്ധതിയായിരുന്നു, കരിംഗ പദ്ധതി. ഒരു കുടുംബത്തിന് ഒരു പശു.
ദരിദ്രരായ ഗ്രാമീണര്‍ക്ക് വേണ്ടിയുള്ള ആ പദ്ധതിയിലേക്കാണ് ഇന്ത്യ 200 പശുക്കളെ നല്‍കിയത്. നിങ്ങളുടെ നാട് ഞങ്ങളോട് കാണിച്ച കാരുണ്യം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ചില്ലുഗ്ലാസില്‍ അവശേഷിച്ച അവസാനത്തെ തുള്ളിയും അയാള്‍ കുടിച്ചു
കാരുണ്യത്തിന്റെ ഇന്ത്യ, എങ്ങനെയാണ് നമുക്ക് നഷ്ടമായത്?
മോദിയുടെ പശുക്കള്‍ ഇപ്പോള്‍ എവിടെയാണ്? ഞാന്‍ ചോദിച്ചു. മോദിയുടെ പശുക്കള്‍? സഹോദരാ, ഇന്ത്യന്‍ പശുക്കള്‍ എന്ന് പറയൂ.
മോദി എന്ന വ്യക്തിയുടെ പേരിലല്ല ആ പശുക്കള്‍ അറിയപ്പെടുന്നത്. ഇന്ത്യയുടെ പശുക്കള്‍ എന്ന പേരിലാണ്. അങ്ങ് അകലെ നെറൂ എന്ന ഗ്രാമത്തില്‍ ആ പശുക്കള്‍ സസുഖം ജീവിക്കുന്നു. ആ പശുക്കള്‍ മോദിയുടേതല്ല. ആ പശുക്കള്‍ ഇന്ത്യയുടേതാണ്.
Content Highlight: Nazar Yousuf about cows and cow politics in India and cows in Rwanda that Narendra Modi gifted