മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ട് ഏക്കറില്‍ അധികം വരുന്ന വളപ്പില്‍ നിന്ന് പോലീസ് വന്‍ ആയുധശേഖരവും രാജ്യദ്രോഹകരമായ കത്തിടപാടുകളും കണ്ടെത്തിയെന്നാണ് ടി.ജി മോഹന്‍ ദാസ് പറയുന്നത്. രണ്ട് പതിറ്റാണ്ട് കാലം ഈ ആയുധ ശേഖരങ്ങളും ദേശദ്രോഹകരമായ കത്തിടപാടുകളും അടങ്ങുന്ന തൊണ്ടി മുതലുകള്‍ ഒരു കോടതിക്ക് മുന്നിലും ഇന്നേ വരെ ഹാജരാക്കിയിട്ടില്ല എന്ന വസ്തുതയില്‍ നിന്ന് മാത്രം ലേഖകന്റെ ഉദ്ദശ്യശുദ്ധി മനസിലാക്കാം. നാസര്‍ മാലിക് എഴുതുന്നു
മഅദനിയുടെ സ്വയം കൃതനാര്‍ത്ഥം എന്ന തലക്കെട്ടില്‍ ടി.ജി മോഹന്‍ദാസ് ഡൂള്‍ ന്യൂസില്‍ എഴുതിയ ലേഖനം വായിച്ചുകഴിഞ്ഞപ്പോള്‍ എനിയ്ക്ക് സംശയം വന്നത് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. ഗീബല്‍സിന്റെ ആത്മാവിന് ഇപ്പോള്‍ സന്തോഷമാവുമോ? ദു:ഖമാകുമോ? എന്ന ഒരേ ഒരു സംശയം. തന്നേക്കാള്‍ നന്നായി തനിയ്ക്ക് ശേഷം തന്റെ സിദ്ധാന്തം പുനരാവിഷ്‌ക്കരിക്കാന്‍ ഒരു അനന്തര അവകാശിയെ കിട്ടിയ സന്തോഷമോ അതോ ഗീബല്‍സിയന്‍ നുണകള്‍ എന്നുള്ള തലക്കെട്ട് തനിയ്ക്ക് ഇനി നഷ്ടമാകുമോ എന്നുള്ള ദു:ഖമോ? എന്തായാലും ഇതില്‍ ഒന്നാകും ഗീബല്‍സിന്റെ ആത്മാവിന്റെ അവസ്ഥ.[]
മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ട് ഏക്കറില്‍ അധികം വരുന്ന വളപ്പില്‍ നിന്ന് പോലീസ് വന്‍ ആയുധശേഖരവും രാജ്യദ്രോഹകരമായ കത്തിടപാടുകളും കണ്ടെത്തിയെന്നും അതിന് മുന്‍പ് 1992 ഓഗസ്റ്റില്‍ മഅദനിക്ക് സ്‌ഫോടനത്തില്‍ കാല്‍ നഷ്ടമായെന്നുമുള്ള ലേഖനത്തിന്റെ തുടക്കത്തിലെ സൂചനകളില്‍ നിന്ന് തന്നെ കാറ്റിന്റെ ദിശ എങ്ങോട്ട് എന്ന് മനസിലായിരുന്നു.
രണ്ട് പതിറ്റാണ്ട് കാലം ഈ ആയുധ ശേഖരങ്ങളും ദേശദ്രോഹകരമായ കത്തിടപാടുകളും അടങ്ങുന്ന തൊണ്ടി മുതലുകള്‍ ഒരു കോടതിക്ക് മുന്നിലും ഇന്നേ വരെ ഹാജരാക്കിയിട്ടില്ല എന്ന വസ്തുതയില്‍ നിന്ന് മാത്രം ലേഖകന്റെ ഉദ്ദശ്യശുദ്ധി മനസിലാക്കാം. ബോംബ് സ്‌ഫോടനത്തില്‍ കാല്‍ തകര്‍ന്നതല്ലാതെ ആര് ബോംബെറിഞ്ഞു എന്നത് പരാമര്‍ശിക്കാത്തത് ലേഖകന്റെ ചിന്താശേഷി ആരുടേയോ തടവറയില്‍ ആണ് എന്ന് വരച്ചുകാണിക്കുന്നു.
എല്ലാ മനുഷ്യാവകാശങ്ങളും കാറ്റില്‍ പറത്തിയാണ് 1998 മാര്‍ച്ച് 31 നാണ് മഅദനിയെ കലൂരിലുള്ള വസതിയില്‍ നിന്ന് പോലീസ് അറസ്‌ററ് ചെയ്യുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ നിലനിന്നിരുന്ന പഴയ വാറണ്ടുമായി എത്തിയാണ് പോലീസ് മഅദനിയെ അറസ്റ്റ് ചെയ്തത് എന്നതില്‍ നിന്നുതന്നെ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകും ഈ ആസൂത്രിത ഗൂഢാലോചനയുടെ പൊരുള്‍.
ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാരെ ഹാജരാക്കാതേയും ജാമ്യത്തുക നല്‍കാതേയും പുറത്തിറങ്ങാതെ ഇരിക്കുകയാണെങ്കില്‍ പോലീസ് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത് എന്‍.എസ്.എ ആക്ട് എന്തിന് ചുമത്തണം?
അറസ്റ്റ് ചെയ്ത പ്രതിയെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം എന്ന സ്വാഭാവിക നിയമ ക്രമങ്ങള്‍ പോലും ഇവിടെ പാലിക്കപ്പെട്ടില്ല എന്നതില്‍ നിന്ന് തുടങ്ങുന്നു മനുഷ്യാവകാശ ധ്വംസനത്തിന്റേയും ഭരണഗൂഢഭീകരതയുടേയും നീണ്ട ഒന്‍പതര വര്‍ഷത്തെ പ്രയാണം.
മാര്‍ച്ച് 31 ന് മഅദനിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരിക്കലും തമിഴ്‌നാട് പോലീസിന്റെ അന്വേഷണത്തിലോ രേഖകളിലോ മഅദനി എന്നൊരാള്‍ ഉണ്ടായിരുന്നില്ല. കോയമ്പത്തൂര്‍ കേസില്‍ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിലും മഅദനിയുടെ പേര് ഉണ്ടായിരുന്നില്ല.
മാര്‍ച്ച് 31 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഒരാഴചയ്ക്ക് ശേഷമാണ് തമിഴ്‌നാട് പോലീസ് മാര്‍ച്ച് പകുതിമുതല്‍ കസ്റ്റഡിയില്‍ ഇരുന്ന താജുദ്ദീന്റെ പേരില്‍ കുറ്റസമ്മതമൊഴി തയ്യാറാക്കി മഅദനിയെ 84 ാം പ്രതിയാക്കുന്നത്. സി.ബി. സി.ഐ.ഡി 84 ാം പ്രതിയാക്കിയ മഅദനിയെ പിന്നീട് 15ാം പ്രതിയും ഒടുവില്‍ 14 ാം പ്രതിയും ആക്കി.
90 ദിവസം കഴിഞ്ഞ് സ്വാഭാവിക ജാമ്യം മഅദനിക്ക് ലഭിച്ചു എന്നും എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു എന്നുമാണ് ടി.ജി മോഹന്‍ ദാസിന്റെ വിചിത്രമായ കണ്ടെത്തല്‍. മഅദനിയുടെ യാത്രകള്‍ മുന്‍കൂട്ടി കണ്ടാകണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷിതത്വ നിയമ പ്രകാരം ഉള്ള കുറ്റം കൂടി ചുമത്തി എന്നും ലേഖകന്‍ പറയുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ കൊടുമുടികളാണ് അദ്ദേഹം താണ്ടുന്നത്.
ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാരെ ഹാജരാക്കാതേയും ജാമ്യത്തുക നല്‍കാതേയും പുറത്തിറങ്ങാതെ ഇരിക്കുന്നതാണോ പോലീസ് കണ്ട മഅദനിയുടെ യാത്ര?. അങ്ങിനെ മഅദനി തന്നെ പുറത്തിറങ്ങാതെ സ്വയം ജയിലില്‍ കഴിയുവാന്‍ ശ്രമിച്ചു എന്നാണ് ലേഖകന്റെ വാദം. അങ്ങനെയെങ്കില്‍ പോലീസ് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത് എന്‍.എസ്.എ ആക്ട് എന്തിന് ചുമത്തണം?.
അടുത്തപേജില്‍ തുടരുന്നു
സ്വാഭാവിക ജാമ്യം അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല എന്നത് ദുരൂഹമായി തുടരുന്നു, ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്‍മാരും മലയാളികളില്‍ നിന്നും ഇന്നും മറച്ചുവെയ്ക്കുന്ന സത്യം എന്ന് ലേഖകന്‍ തന്ത്രപരമായി പരിതപിക്കുന്നു. മഅദനിക്ക് സ്വാഭാവിക ജാമ്യം ലഭിക്കേണ്ട ഒരു ദിവസത്തിന് മുന്‍പ് “07.07.1998 ന് മഅദനിയുടെ മേല്‍ എന്‍.എസ്.എ ആക്ട് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരുന്നു. ജാമ്യം ലഭിച്ചാലും ജയില്‍ മോചിതനാകാന്‍ പറ്റാത്ത അവസ്ഥ”.[]
എന്‍.എസ്.എ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന വ്യക്തിക്ക് എന്‍.എസ്.എ ആക്ട് പ്രകാരമുള്ള ചാര്‍ട്ടില്‍ നിന്നും മുക്തനായാലേ ജാമ്യം ഉണ്ടെങ്കിലും പുറത്തിറങ്ങുവാന്‍ പറ്റൂ എന്ന സാമാന്യ ബോധ്യമുള്ളവര്‍ക്ക് മനസിലാകുന്ന കാര്യമാണ.് ടി.ജി മോഹന്‍ദാസില്‍ നിന്നും ദുരൂഹമായി തുടരുന്ന സത്യം എന്നുള്ളതില്‍ നിന്നും മനസിലായത് എന്ത് നെറികേടുകളേയും വെള്ളപൂശാന്‍ ഉള്ള തന്റെ അതിബുദ്ധി എന്ന് അദ്ദേഹം കരുതുന്ന ബുദ്ധിയില്ലായ്മ മാത്രമാണ്.
എന്‍.എസ്.എ ആക്ട് ചുമത്തപ്പെട്ടശേഷം സി.ആര്‍.പി.സി 167(2) പ്രകാരം സ്റ്റാറ്റിയൂട്ടറി ബെയിലിന് കോയമ്പത്തൂരിലെ അഡ്വക്കറ്റ് സക്കറിയ വഴി അപേക്ഷ സമര്‍പ്പിക്കുകയും മൂന്ന് മാസം കഴിഞ്ഞിട്ടും ചാര്‍ജ്ജ് ഷീറ്റ് ലഭിച്ചിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടുകയും ചെയ്തു. എന്‍.എസ്.എ ആക്ടിന് കീഴിലാണ് മഅദനി തടവിലയത് കൊണ്ട് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞില്ല.
മഅദനിക്ക് വേണ്ടി ഹാജരാകുവാന്‍ വിസമ്മതിച്ച പല മുതിര്‍ന്ന അഭിഭാഷന്‍മാരും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞ കാരണം സംഘ് പരിവാറിന്റെ ഭീഷണിയാണ്
മഅദനിയുടെ ഭാര്യ എന്‍.എസ്.എയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് മഅദനിക്ക് അനുകൂലമായി വിധി വന്നേക്കുമെന്ന് മനസിലാക്കിയ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ 5ാം നമ്പര്‍ കോടതിയില്‍ നിന്ന് ലഭിച്ച ജാമ്യം അതേ കോടതിയെക്കൊണ്ട് തന്നെ 31-12-1998 ല്‍ റദ്ദ് ചെയ്യിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ 167(2) സി.ആര്‍.പി.സി പ്രകാരം ഒരു മജിസ്‌ട്രേറ്റ് നല്‍കുന്ന ജാമ്യം അതേ മജിസ്‌ട്രേറ്റ് കോടതിക്ക് റദ്ദ് ചെയ്യുവാനുള്ള അവകാശം ഇല്ല എന്നതാണ് നിയമം. ഇങ്ങനെ മജിസ്‌ട്രേറ്റ് കോടതി റദ്ദ് ചെയ്ത പല ജാമ്യങ്ങളും മദ്രാസ് ഹൈക്കോടതി തന്നെ പുനസ്ഥാപിച്ചു കൊടുത്ത പല തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായ സുശീല്‍ കുമാര്‍ കേരളത്തിലെ പ്രശസ്ത അഭിഭാഷകന്‍ രാം കുമാര്‍ തുടങ്ങിയവര്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം അത് പറയുകയുണ്ടായി.
മഅദനിയുടെ കാര്യത്തില്‍ നടന്ന ശക്തമായ നീതി നിഷേധത്തില്‍ ഒന്നായിരുന്നു ഇത്. വസ്തുതകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ ഈ നീതി നിഷേധത്തെ കണ്ണും അടച്ച് തടുക്കുകയും കേരളീയ സമൂഹത്തിന്റെ മുന്‍പില്‍ ദുരൂഹമായി ഉയര്‍ന്ന് നില്‍ക്കുന്ന ചോദ്യമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത ലേഖകന്റെ ഭാവന അപാരം തന്നെ.
തമിഴ്‌നാട്ടില്‍ നിന്നും തനിയ്ക്ക് നീതി കിട്ടില്ലെന്നും കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കീഴ്‌ക്കോടതി തൊട്ട് സുപ്രീം കോടതി വരെ മഅദനി പോയി എന്നും ഇതിനായി രണ്ട് വര്‍ഷം ചിലവഴിച്ചു എന്നുമാണ് ലേഖകന്റെ മറ്റൊരു ആരോപണം. ഇതിനായി മഅദനി രണ്ട് വര്‍ഷം പാഴാക്കി എന്നും അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
അധികാരകേന്ദ്രങ്ങളുടെ ഇടപെടലുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥ സംജാതമാകുമ്പോള്‍ നിരവധി കേസുകള്‍ സുപ്രീം കോടതി അതാത് സംസ്ഥാനങ്ങളുടെ പുറത്തേക്ക് മാറ്റി വിചാരണ ചെയ്യുവാന്‍ വിധിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപക്കേസുകള്‍ തന്നെ അതിനുദാഹരണമാണ്.
മഅദനിക്ക് വേണ്ടി ഹാജരാകുവാന്‍ വിസമ്മതിച്ച പല മുതിര്‍ന്ന അഭിഭാഷന്‍മാരും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞ കാരണം സംഘ് പരിവാറിന്റെ ഭീഷണിയാണ്. സംഘ് പരിവാറിന്റെ ഭീഷണിയെ 40 കിലോ മീറ്ററില്‍ അതിസമര്‍ത്ഥമായി ടി.ജി മോഹന്‍ദാസ് മറച്ചുവെയ്ക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതാത് സംസ്ഥാനങ്ങളിലെ ഭാഷകളിലെ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വം പോലീസിനുള്ളൂ. അതുകൊണ്ട് മഅദനി കുറ്റപത്രം തര്‍ജമ ചെയ്യണം എന്ന് പറഞ്ഞത് ശരിയായ തീരുമാനം ആയില്ല. ഇതുമൂലം വീണ്ടു വിചാരണ നീളുവാന്‍ കാരണമായി എന്നും പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നു ലേഖകന്‍.[]
മലയാളിയായ മഅദനിക്ക് തമിഴ് അറിയില്ല എന്ന ഉത്തമബോധ്യം പോലീസിനുണ്ടായിട്ടും തമിഴില്‍ കുറ്റപത്രം നല്‍കിയ നടപടിയെ അദ്ദേഹം ന്യായീകരിച്ച രീതിയാണിത്. മലയാളത്തില്‍ കുറ്റപത്രം വേണം എന്ന് പറഞ്ഞ് കേസ് നടത്തിയതിന് പകരം ആ കാലയളവില്‍ മഅദനി തമിഴ് പഠിക്കുകയാണ് ചെയ്യേണ്ടിയിരുന്നത് എന്ന് ലേഖകന്‍ പറയാഞ്ഞത് വായനക്കാരുടെ നല്ല കാലം.
മാതൃഭാഷയില്‍ കുറ്റപത്രം നല്‍കേണ്ടതില്ല എന്ന വാദം ന്യായീകരിക്കുവാന്‍ അദ്ദേഹം ഉദ്ദരിച്ചത് ഇറ്റാലിയന്‍ നാവികരുടെ വാദം കോടതി തള്ളിയത് കടമെടുത്തതാണ്. എന്നാല്‍ പ്രതിക്ക് മനസിലാകുന്ന രീതിയില്‍ കുറ്റപത്രം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും പല വിധികളും ഉണ്ട് എന്നാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറയുന്നത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.
മഅദനിയുടെ അഭിഭാഷകന്‍ എന്‍.ടി വനമാമലയ്യെ ഏര്‍പ്പാട് ചെയ്തുകൊടുത്തതും കൃഷ്ണയ്യര്‍ ആയിരുന്നു. മഅദനിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍ത്ഥമായി വിഷയം അവതരിപ്പിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു അത്ഭുത വാദമാണ് കോടതി അംഗീകരിച്ചത്. മാതൃഭാഷയില്‍ കുറ്റപത്രം നല്‍കുവാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പറയുന്നില്ല എന്നെഴുതിപ്പിടിപ്പിച്ച ടി.ജി മോഹന്‍ദാസിന്റെ വാദമായിരുന്നില്ല അത്. മറിച്ച് ആയിരക്കണക്കിന് പേജ് വരുന്ന കുറ്റപത്രം ഫോട്ടോ സ്റ്റാറ്റ് എടുത്ത് നല്‍കുവാനുള്ള ഫോട്ടോ കോപ്പി മിഷ്യന്‍ തങ്ങളുടെ കയ്യില്‍ ഇല്ല എന്നാണ്. സത്യാവസ്ഥ ഇതാണെന്നിരിക്കെ ടി.ജി മോഹന്‍ദാസ് തൊണ്ട തൊടാതെ കാര്യങ്ങള്‍ വിഴുങ്ങിയിരിക്കുകയാണ് എന്ന് പറയാന്‍ അധികം ചിന്തിക്കേണ്ട കാര്യമില്ല.
ശങ്കരരാമന്‍ വധക്കേസില്‍ റിമാന്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന സ്വാമി ജയചന്ദ്ര സരസ്വതിക്ക് അയിത്ത ജാതിക്കാരനായ ജയില്‍ കുക്കിന്റെ ഭക്ഷണം കഴിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് ബ്രാഹ്മിണ്‍ കുക്കിനെ വെച്ച് കൊടുത്തത് ഇതേ കോടതികള്‍ ആയിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പറയാത്ത ചാതുര്‍വര്‍ണ്യത്തെ പോലും പുല്‍കിക്കൊണ്ട് ജഡ്ജിമാര്‍ വിധി പറയുമ്പോള്‍ നമുക്ക് കാണുവാന്‍ കഴിയുന്നത് ഇരട്ട നീതിയുടെ ജീര്‍ണ്ണിച്ച മുഖമാണ്.
മഅദനി കോടതി നടപടികളോട് നിസ്സഹകരിച്ചതും വിചാരണയ്ക്ക് തടസ്സമായി എന്ന് ലേഖകന്‍ പറഞ്ഞതല്ലാതെ എങ്ങനെ എന്ന് ഒരിടത്തും വിവരിക്കുന്നില്ല.
രണ്ടായിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച വിചാരണക്കോടതിയില്‍ മഅദനി ഉള്‍പ്പെടെയുള്ള ഒന്‍പത് മലയാളികള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി തനികാചലം മുന്‍പാകെ ജാമ്യ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. ചെന്നൈയിലെ പ്രശസ്ത അഭിഭാഷകന്‍ രാമസ്വാമി ആയിരുന്നു വക്കീല്‍.
4.09.2000 ജാമ്യാപേക്ഷ കോടതി തള്ളുകയുണ്ടായി. ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സ്‌പെഷ്യല്‍ കോടതി ജഡ്ജി തനികാചലം പറഞ്ഞത് മഅദനി കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കാല്‍ നഷ്ടപ്പെട്ട വ്യക്തിയാണെന്നും ബോംബ് സംസ്‌ക്കാരം ഇയാളില്‍ അന്തര്‍ലീനമായിരിക്കുന്നു എന്നുമാണ്.
കേസിന്റെ വിശദാംശങ്ങള്‍ പോലും പരിശോധിക്കാതെ സര്‍ക്കാര്‍ കൊടുത്ത അപസര്‍പ്പകകഥകള്‍ അപ്പാടെ അംഗീകരിച്ച് തികച്ചും നിരുത്തരവാദപരമായി വിധി പറഞ്ഞ ജഡ്ജിയുടെ ബെഞ്ചില്‍ നിന്നും തനിയ്ക്ക് നീതി ലഭിക്കില്ല എന്ന് മനസിലാക്കിയ മഅദനി കേസ് നടത്തുവാന്‍ സഹകരിക്കുവാന്‍ കഴിയില്ല എന്നുപറഞ്ഞതില്‍ ഉള്ളതെന്ന് ടി.ജി മോഹന്‍ദാസിന് ഇതുവരെ മനസിലാക്കുവാന്‍ കഴിയാത്തത് വിധി പറഞ്ഞ ജഡ്ജി തനികാചലത്തിന്റെ കണ്ണിലൂടെ തന്നെ കാര്യങ്ങള്‍ നോക്കി കാണുന്നത് കൊണ്ടാണ്.
ഇതേ കേസിലെ തന്നെ ഒന്നാം പ്രതി പാഷയ്ക്കും മറ്റ് നിരവധി പേര്‍ക്കും പലവട്ടം പരോള്‍ കിട്ടിയിട്ടും ഒരു പരോള്‍ പോലും മഅദനിക്ക് എന്തുകൊണ്ട് നിഷേധിച്ചു എന്നാരും ചോദിക്കരുത്. അതിനുമുണ്ടാകും ഇതുപോലുള്ള മുടന്തന്‍ ന്യായങ്ങള്‍.
മഅദനിക്ക് വേണ്ടി നിയമസഭയെകൊണ്ട് പ്രമേയം പാസാക്കിപ്പിച്ചത് കോടതികളില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകളെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ടി.ജി മോഹന്‍ദാസിന്റെ അടുത്ത കണ്ടുപിടുത്തം.
ഗുജറാത്ത് കലാപം, ബംഗാരു ലക്ഷ്മണിന് എതിരായ കോഴ വിവാദം തുടങ്ങി ഒട്ടേറെ കോളിളക്കം ഉണ്ടാക്കിയ കേസുകളുടെ നിജസ്ഥിതി പുറത്ത് കൊണ്ട് വന്ന ഒരു ദേശീയ മാധ്യമം സ്വന്തം നിലയ്ക്ക് കുടകില്‍ പോയി സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചതിന് മഅദനി എന്ത് പിഴച്ചു
ഉന്നത ബന്ധമുള്ള ആളുകള്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ കോടതി പരിഗണിക്കുന്നത് രണ്ട് ഘടകങ്ങള്‍ ആണ്. സാക്ഷികളെ സ്വാധീനിക്കുമോ തെളിവ് നശിപ്പിക്കുമോ എന്നീ രണ്ട് കാര്യങ്ങള്‍. അതിനാല്‍ മഅദനിക്ക് രാഷ്ട്രീയ നേതൃത്വത്തില്‍ ഉന്നത പിടിപാട് ഉണ്ട് എന്ന് മനസിലാക്കിയ കോടതികള്‍ മഅദനിയുടെ ജാമ്യം നിഷേധിക്കുന്നതിന് നിയമസഭയുടെ പ്രമേയവും കാരണമായി എന്നാണ് ടി.ജി മോഹന്‍ദാസ് കണ്ടെത്തുന്നത്.
സത്യത്തില്‍ മഅദനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള നീതിന്യായങ്ങളില്‍ ഒരിടത്തുപോലും നിയമസഭ പാസാക്കിയ പ്രമേയത്തെ പറ്റി പരാമര്‍ശിക്കുന്നില്ല.
പകരം കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരവാദികള്‍ മോചനമാവശ്യപ്പെട്ടവരില്‍ ഒരാള്‍ മഅദനിയാണെന്ന ഒ.രാജഗോപാലിന്റെ ഗീര്‍വാണവും മഅദനി കേരളത്തില്‍ വന്നാല്‍ ക്രമസമാധാനം തകരുമെന്ന കേരള പോലീസിന്റെ ഫാക്‌സ് സന്ദേശവും അടങ്ങുന്ന കല്ലുവെച്ച നുണകളാണ് ജാമ്യ അപേക്ഷയ്ക്ക് പ്രതികൂലമായി ബാധിച്ചത്.
ടി.ജി മോഹന്‍ദാസ് ഇത്തരം ഒരു കാരണം കണ്ടെത്തിയതിന് പിന്നിലെ ഗൂഢലക്ഷ്യം ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ക്കോ പ്രക്ഷോഭങ്ങള്‍ക്കോ മഅദനി കേസില്‍ ഒന്നും ചെയ്യാന്‍ ഇല്ല എന്നും നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണ് തീരുന്നത് എന്നും വരുത്തി തീര്‍ക്കാനുള്ള തന്ത്രപരമായ ശ്രമമാണ്.അതായത് മഅദനി എന്നൊരു വ്യക്തി കോയമ്പത്തൂരും ഇപ്പോള്‍ ബാംഗ്ലൂരും നേരിടുന്നത് മനുഷ്യാവകാശ ലംഘനമല്ല എന്ന് സാരം.
അടുത്തപേജില്‍ തുടരുന്നു
നിയമവിരുദ്ധ പ്രവര്‍ത്തനതടയല്‍ നിയമമനുസരിച്ച് കള്ളകേസില്‍ കുടുക്കി ചത്തീസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കി ശിക്ഷിച്ച ഡോ. ബിനായക് സെന്നിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതാണ്.[]
നാല്‍പ്പതോളം വരുന്ന ലോകത്തെമ്പാടുമുള്ള നൊബേല്‍ സമ്മാനജേതാക്കളും അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ സംഘടനകളും ശക്തമായി ഇടപെട്ടതിനാല്‍ മാധ്യമശ്രദ്ധ ബിനായക് സെന്നിന്റെ അന്യായ തടവിലേക്ക് എത്തുകയും ഇതുമൂലം ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ താത്പര്യത്തിന് വേണ്ടിയാണോ ബിനായക് സെന്‍ ഇരയായത് അതേ രാഷ്ട്രീയപാര്‍ട്ടിയുടെ തന്നെ മുന്‍ നിയമമന്ത്രിയും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ പ്രശസ്ത അഭിഭാഷകന്‍ രാം ജത്മലാനിയെ തന്നെ ബിനായക് സെന്നിന് വേണ്ടി ജാമ്യം എടുക്കുവാന്‍ കോടതിയില്‍ വരെ എത്തിക്കുന്ന സാഹചര്യവും ഉണ്ടായി.
കോടതികള്‍ ശിക്ഷിച്ച ബിനായക് സെന്‍ വിഷയത്തില്‍ ജനാധിപത്യ ഇടപെടലുകള്‍ മൂലം ഭരണകൂട ഭീകരതയുടെ ഇരയായ ബിനായക് സെന്നിന് മോചനം നേടാന്‍ കഴിഞ്ഞുവെങ്കില്‍ ഒരു കോടതിയും ശിക്ഷിക്കാത്ത മഅദനിയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇത് ആയിക്കൂടാ എന്ന് ആരും ചോദിക്കല്ല, കാരണം പഠിച്ചത് അല്ലേ പാടാന്‍ പറ്റൂ ടി.ജി മോഹന്‍ദാസിന്.
കോയമ്പത്തൂര്‍ കേസിന്റെ നിയമ പോരാട്ടത്തിലെ സാങ്കേതിക തകരാറുകള്‍ ലേഖനത്തില്‍ ഉടനീളം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ലേഖകന്‍ എന്തുകൊണ്ട് മഅദനി ഇങ്ങനെ വേട്ടയാടപ്പെട്ടു എന്നോ വീണ്ടും ബാംഗ്ലൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നോ ഒരിക്കല്‍ പോലും പറയുന്നില്ല.
അതിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകും കോയമ്പത്തൂര്‍ കേസ് 10 വര്‍ഷക്കാലം എങ്ങനെ നീണ്ടുപോയി എന്ന.് കോയമ്പത്തൂരില്‍ എഴുതി തയ്യാറാക്കിയ തിരക്കഥയിലെ പല കഥാപാത്രങ്ങളെയും കണ്ടെത്താനും ചില കഥാപാത്രങ്ങള്‍ തിരക്കഥക്ക് അനുസരിച്ച് അഭിനയിക്കാനും തയ്യറാവതെ വന്നപ്പോള്‍ അധികാരി വര്‍ഗം പരമാവധി വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചത്.
കോയമ്പത്തൂര്‍ കേസില്‍ പ്രതിയായിരുന്ന കൊല്ലം സ്വദേശിയായ ആര്‍മി രാജുവിന്റെ ജയില്‍ മോചനത്തിന് ശേഷമുള്ള ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മാത്രം മതി കോയമ്പത്തൂര്‍ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളുടെ ശക്തിയറിയാന്‍.
പൗരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന കരിനിയമങ്ങള്‍ സ്വരൂപം പുറത്തെടുത്ത എല്ലാ കാലത്തും കോടതികള്‍ക്കും അപ്പുറത്ത് ജനാധിപത്യ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലം കണ്ടിട്ടുണ്ട്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ കരിനിയമത്തിന് എതിരെയും അത് ഉയര്‍ന്ന് വന്നു എന്ന് ബിനായക് സെന്‍ കേസില്‍ തെളിഞ്ഞു.
ഗുജറാത്ത് കലാപം, ബംഗാരു ലക്ഷ്മണിന് എതിരായ കോഴ വിവാദം തുടങ്ങി ഒട്ടേറെ കോളിളക്കം ഉണ്ടാക്കിയ കേസുകളുടെ നിജസ്ഥിതി പുറത്ത് കൊണ്ട് വന്ന ഒരു ദേശീയ മാധ്യമം സ്വന്തം നിലയ്ക്ക് കുടകില്‍ പോയി സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചതിന് മഅദനി എന്ത് പിഴച്ചു.
ഗുജറാത്ത് കേസിലും ബംഗാരു ലക്ഷ്മണന്റെ കോഴ വിവാദ കേസിലും തെഹല്‍ക്ക പുറത്ത് കൊണ്ട് വന്ന ദൃശ്യങ്ങളും രേഖകളും കൂടി സ്വീകരിച്ചാണ് കോടതികള്‍ അതത് കേസുകളില്‍ വിധി പറഞ്ഞത് എന്നതും ഇതോട് ചേര്‍ത്ത് വായിക്കുക.
ഇന്ത്യയിലുള്ള മാധ്യമങ്ങളെ കൂടി നിയന്ത്രിച്ചാലേ മഅദനിക്ക് പുറത്ത് ഇറങ്ങാന്‍ പറ്റൂ എന്ന് ശഠിക്കുന്ന ലേഖകന്റെ വാദം തികച്ചും ബാലിശം ആണ്. ബാംഗ്ലൂര്‍ കേസിന്റെ വിചാരണ പ്രഹസനമാകുമ്പോള്‍ നിയമ സാങ്കേതികതത്തിന്റെ വാലില്‍ തൂങ്ങി അതിനെ ന്യായീകരിക്കുന്ന ടി.ജെ മോഹന്‍ ദാസ് ആരുടേയോ മെഗാഫോണ്‍ ആകാനാണ് കഠിനമായി പരിശ്രമിക്കുന്നത്.
യാഥാര്‍ത്ഥ്യവുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ഇത്തരക്കാര്‍ ഒന്ന് ചിന്തിക്കുക. വൈകിയെത്തുന്ന നീതിയാണ് ഏറ്റവും വലിയ നീതി നിഷേധം. അങ്ങനെ വരുമ്പോള്‍ മഅദനിക്ക് കോയമ്പത്തൂര്‍ കിട്ടിയതും ശക്തമായ അനീതിയാണ്.
പൂര്‍ണമായും കെട്ടിച്ചമച്ച ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും മഅദനിക്ക് ലഭിക്കാന്‍ പോകുന്നത് അനീതി തന്നെയാണ്. ഇങ്ങനെ അന്ധന്മാര്‍ ആനയെ തൊട്ടറിഞ്ഞ പോലെ മഅദനിയുടെ കേസും നിയമനടപടികളും വിലയിരുത്തിയാല്‍ ഇതും ഇതില്‍ വലുതും പറയാം. ഈ ലേഖനം ഒരു കുറ്റപ്പെടുത്തലായി മാത്രം കാണേണ്ട, ഒരു പാട് തിരുത്തലുകളുമാണ്.
മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:
Related Article