ന്യൂദല്‍ഹി: ജോജു ജോര്‍ജിനും നായാട്ടിനും 2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരത്തിന് ജോജു ജോര്‍ജ് അര്‍ഹനായി.
ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം നായാട്ടിനാണ്. ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. റിമ കല്ലിങ്കലാണ് മികച്ച നടി. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രമാണ് റിമയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.
84 രാജ്യങ്ങളില്‍ നിന്നുള്ള 130-ലധികം സിനിമകള്‍ ആണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ന്യൂദല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ ഗ്രൗണ്ടിലായിരുന്നു മേള നടന്നത്.
ഗിരീഷ് കാസറവള്ളിയാണ് മേളയുടെ ഇന്ത്യന്‍ ഫിലിം ജൂറി അധ്യക്ഷന്‍. നടി മനീഷ കൊയ്‌രാള, ചലച്ചിത്ര നിരൂപകന്‍ സച്ചിന്‍ ചാട്ടെ, ഛായാഗ്രാഹകന്‍ സുദീപ് ചാറ്റര്‍ജി, ഫിലിം എഡിറ്റര്‍ സുരേഷ് പൈ എന്നിവരും ജൂറിയുടെ ഭാഗമായിരുന്നു.
പ്രസന്ന വിത്താനഗെ അധ്യക്ഷനായ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം ജൂറിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ബ്രൂസ് മക്ഡൊണാള്‍ഡ്, തുര്‍ക്കിയിലെ സംവിധായകനായ സ്റ്റാര്‍ യില്‍ദിരിം, ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിന്റെ ഫിലിം പ്രോഗ്രാമര്‍ യങ്-വൂ കിം, സരിം ഫാസി ഫിഹ്രി എന്നിവരായിരുന്നു ഉണ്ടായത്.