| Monday, 17th May 2021, 1:17 pm

അഭിനയം ഓക്കെയാണ്, പക്ഷേ വണ്ണം കുറഞ്ഞ ഒരാളെയാണ് വേണ്ടതെന്ന് മാര്‍ട്ടിന്‍ സര്‍ ; 2 ആഴ്ചകൊണ്ട് 7 കിലോ കുറച്ചു; നായാട്ടിലെ ബിജു പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘നായാട്ടി’ല്‍ പൊലീസിനെ വിറപ്പിച്ച അലമ്പ് പയ്യന്‍ ബിജുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒട്ടും നിനച്ചിരിക്കാതെ ലഭിച്ച കഥാപാത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ബിജുവായി വേഷമിട്ട ദിനീഷ്.

തനിക്ക് എന്തെങ്കിലും സിനിമയില്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനാണെന്നും കഥാപാത്രം ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ദിനീഷ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ചെറിയൊരു ഗസ്റ്റ് ഹൗസ് റെന്റിനെടുത്ത് നടത്തിയും ബോട്ടിംഗ് വേണ്ടവര്‍ക്ക് അത് അറേഞ്ച് ചെയ്ത് കൊടുത്തും എന്റെ ചെറിയ ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു. അപ്പോഴും സിനിമാനടനാകണം എന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടി എന്തുചെയ്യണമെന്ന് അറിയില്ലെങ്കിലും ഒരു സ്റ്റേജില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും എന്നെങ്കിലും സിനിമാനടനാകും എന്നുതന്നെയായിരുന്നു ആഗ്രഹമെന്ന് ദിനീഷ് പറയുന്നു.

കൂടെക്കൂടെ സിനിമാനടനാകണം എന്ന് പറയുമ്പോള്‍ ‘എന്തുവാടേയ് ഇത്’ എന്ന് അവര്‍ ചോദിക്കുമായിരുന്നു. സിനിമാനടന്‍ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു, ദിനീഷ് പറയുന്നു.

ആദ്യമായി ഓഡീഷനു പോകുന്നത് ലാലേട്ടന്റെ 1971 ബിയോണ്ട് ബോഡേഴ്‌സിനു വേണ്ടിയാണ്. അതില്‍ സെലക്ഷന്‍ കിട്ടി. രാജസ്ഥാനില്‍ ഷൂട്ടിംഗിനു പോയി. ആദ്യമായി സിനിമയുടെ ഭാഗമാകാനായി. പിന്നെയും രണ്ട് മൂന്ന് മൂവിയൊക്കെ ചെയ്തു.’

മാര്‍ട്ടിന്‍ സാറിന്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു ഓഡീഷന്‍. ഷാഹി ഇക്ക ഒക്കെ അവിടെ ഉണ്ടായിരുന്നു. ജോലിക്കൊന്നും പോകാത്ത, ആരെയും വകവെയ്ക്കാത്ത ഒരാള്‍ എന്ന രീതിയില്‍ ക്യാരക്ടറിനെക്കുറിച്ച് ചെറുതായി പറഞ്ഞു തന്നു. നായാട്ടിലെ ഒരു സീനിന്റെ ചെറിയൊരു ഭാഗം ചെയ്യാന്‍ പറഞ്ഞു.

മുറുക്കിത്തുപ്പിയത് തൂക്കാന്‍ പറഞ്ഞ് പോലീസ് വിരട്ടുമ്പോള്‍, അതിന് നേരെ വിപരീതമായ എക്‌സപ്രഷന്‍ ഇട്ട് അഭിനയിക്കാനാണ് പറഞ്ഞത്. ഞാന്‍ എന്റേതായ രീതിയില്‍ ചെയ്തുകാണിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോല്‍ സാര്‍ വിളിച്ചു. ഞാന്‍ ചെയ്തത് ഒകെയാണ്, പക്ഷേ സാറിന്റെ മനസില്‍ വണ്ണം കുറഞ്ഞ ഒരാളാണ് ബിജുവായി ഉള്ളതെന്ന് പറഞ്ഞു.

എനിക്കന്ന് ഇതിലും വണ്ണവും വയറും ഉണ്ടായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഷൂട്ടിംഗ് തുടങ്ങാനുള്ളതാണ്. ഞാന്‍ കഷ്ടപ്പെട്ട് ഏഴ് കിലോ കുറച്ചു. അസിസ്റ്റന്റ്‌സിനെ ഒക്കെ വിളിച്ച്, ഞാന്‍ പുതിയ ഫോട്ടോ അയച്ചുകൊടുത്തു. ഒടുവില്‍ മാര്‍ട്ടിന്‍ സാര്‍ എന്നോട് ചെല്ലാന്‍ പറഞ്ഞു. ഒന്നുകില്‍ ബിജു; അല്ലെങ്കില്‍ അവരുടെ കൂടെ ഒരു വേഷം എന്നാണ് ആദ്യം പറഞ്ഞത്. ഷൂട്ടിംഗിന് രണ്ടു ദിവസം മുമ്പ് ഫ്‌ളാറ്റിലേക്ക് വിളിച്ച് എന്റെ മുടി വെട്ടി. എന്നാലും ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ബിജുവാണ് എന്റെ ക്യാരക്ടര്‍ എന്നെനിക്ക് ഉറപ്പായത്.’ ദിനീഷ് പറയുന്നു.

തന്നെപ്പോലെ പുതിയ ഒരാളെ എങ്ങനെ രൂപപ്പെടുത്തണമെന്ന് മാര്‍ട്ടിന് സാറിന് നന്നായി അറിയാമെന്നും കുഞ്ചാക്കോ ബോബനും മറ്റുമായി ഡിസ്‌കഷന്‍ നടക്കുമ്പോള്‍, അത് തന്റെ സീന്‍ അല്ലാതിരുന്നിട്ടും തന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദിനീഷ് പറയുന്നു.

മാര്‍ട്ടിന്‍ മാത്രമല്ല കുഞ്ചാക്കോ, ജോജു, നിമിഷ, ഷാഹി, ഷൈജു ഖാലിദ് എല്ലാവരും അടുപ്പത്തോടെയാണ് ഇടപെട്ടത്. ജോജുചേട്ടനും കുഞ്ചാക്കോ ബോബനും ലൊക്കേഷനില്‍ വച്ച് എന്നോട് സ്‌നേഹത്തോടെ സംസാരിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതമായിരുന്നു. ഇത്രയും വലിയ ആളുകള്‍ എന്നോട് ഇത്ര കാര്യമായി സംസാരിക്കുന്നല്ലോ എന്നാ ഞാന്‍ ചിന്തിച്ചത്.

സിനിമ തീയേറ്ററില്‍ എത്തിയതിന്റെ പിറ്റേന്നു മുതല്‍ ഫോണിലേക്ക് അഭിനന്ദനങ്ങള്‍ എത്തിത്തുടങ്ങിയെന്നും ആദ്യം വിളിച്ചത് ജയസൂര്യയാണെന്നും കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നെന്നും നിമിഷ സജയന്‍ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ അഭിനയത്തെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നെന്നും അതെല്ലാം വലിയ സന്തോഷമാണെന്നും ദിനീഷ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nayattu Movie Villain Dineesh says About His Character

We use cookies to give you the best possible experience. Learn more