Film Review
Nayattu Movie Review | എവിടെയും ഓടിയെത്താനാകാതെ നായാട്ടും പൊലീസും
അന്ന കീർത്തി ജോർജ്
2021 Apr 08, 03:40 pm
Thursday, 8th April 2021, 9:10 pm

മികച്ച ഒരു കഥയും ചിന്തയും, കെട്ടറുപ്പില്ലാത്ത തിരക്കഥ കൊണ്ടും ചില യാഥാര്‍ത്ഥ്യങ്ങളെ ഓവര്‍ലുക്ക് ചെയ്തുകൊണ്ടുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടും ഏവറേജ് നിലവാരത്തിലേക്ക് താഴ്ന്നുപോയ ചിത്രമാണ് നായാട്ട്. പൊലീസുകാര്‍ സമൂഹത്തിലെ ഒട്ടുമിക്ക ഘടകങ്ങളുടെയും ഇരകളാകേണ്ടി വരുന്നത് എങ്ങനെയെന്ന് കാണിച്ചു തരാനുള്ള കഠിനമായ ശ്രമമാണ് നായാട്ടില്‍ നടക്കുന്നത്. പക്ഷെ ഇതും പൂര്‍ണ്ണമായും വിജയിക്കുന്നില്ല.

പൊലീസ് സംവിധാനത്തെ, അതിനകത്തുള്ള വെറും മനുഷ്യരായ പൊലീസുകാരെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ, വോട്ടുബാങ്കുകളെ, സര്‍ക്കാരിനെ, വ്യക്തിജീവിതങ്ങളെ തുടങ്ങിയവയെ എല്ലാം ഒരു പരിധി വരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ചിത്രം സമീപിച്ചിട്ടുള്ളത്. മലയാള സിനിമകളില്‍ പലപ്പോഴും കാണാറുള്ള അവസാനം എങ്ങനെയെങ്കിലും ശുഭമാക്കിയെടുക്കാനുള്ള ശ്രമം നടത്താത്തതാണ് ചിത്രത്തിന്റെ പറയാവുന്ന ഒരു പ്ലസ് പോയിന്റ്.

ചിത്രത്തില്‍ ഉടനീളം പൊലീസുകാര്‍ വേട്ടയാടപ്പെടുകയാണ്. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഡി.ജി.പി മുതല്‍ ഏറ്റവും താഴേക്കിടയിലുള്ള കോണ്‍സ്റ്റബിള്‍ വരെ നിരന്തരം ചൂഷണം ചെയ്യപ്പെടുകയും ആക്ഷേപിക്കപ്പെടുകയുമാണ്. സ്വന്തം നിലനില്‍പ്പിന്റെ പേരില്‍ ഇവര്‍ക്ക് പലപ്പോഴും തങ്ങളുടെ കൂട്ടത്തിലുള്ളരെ ചതിക്കേണ്ടി വരുന്നു, അവര്‍ക്കെതിരെ നടക്കുന്ന അനീതികളോട് വരെ മിണ്ടാതിരിക്കേണ്ടി വരുന്നു അത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങള്‍ പ്രധാന കഥയിലും പ്ലോട്ടിലേക്ക് കടക്കുന്ന സമയത്തും പലപ്പോഴായി കാണിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരിടത്ത് സത്യം പറഞ്ഞതിന്റെ പേരില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കിടക്കുന്ന സഞ്ജീവ് ഭട്ടിനെയും പരാമര്‍ശിക്കുന്നുണ്ട്.

ട്രെയ്‌ലറില്‍ ജോജു ജോര്‍ജിന്റെ കഥാപാത്രം പറയുന്നത് പോലെ മുകളില്‍ നിന്നുള്ളവര്‍ ക്വട്ടേഷന്‍ പറഞ്ഞാല്‍ ഏറ്റെടുക്കുകയല്ലാതെ നിവൃത്തിയില്ലാത്ത പൊലീസുകാരാണ് നായാട്ടിലെ കേന്ദ്രകഥാപാത്രങ്ങള്‍. ജോസഫിന് തിരക്കഥയൊരുക്കിയ മുന്‍ പൊലീസുകാരന്‍ കൂടിയായ ഷാഹി കബീര്‍ ഈ ചിത്രത്തില്‍ കുറച്ചു കൂടെ റിയലിസ്റ്റിക്കായി പൊലീസിനെ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം നടത്തിയിട്ടുണ്ട്.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം ചിത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്. പക്ഷെ പൂര്‍ണ്ണമായും പൊലീസിനൊപ്പമാണ്, പൊലീസിന്റെ പക്ഷത്ത് മാത്രമാണ് അപ്പോഴും നായാട്ട് നില്‍ക്കുന്നത്. സൂക്ഷമമായ സ്വാഭാവികതയോടെ ഈ രംഗങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പൊലീസിനെ വെള്ള പൂശാനുള്ള ശ്രമങ്ങള്‍ ശക്തമാവുകയാണ്. മാത്രമല്ല ചിത്രം പറയാനുദ്ദേശിക്കുന്ന പൊലീസിന്റെ നിസ്സഹായവസ്ഥ ഒരു പരിധി കഴിയുമ്പോള്‍ ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുമുണ്ട്.

ട്രെയ്‌ലറില്‍ കാണുന്നതുപോലെ അപ്രതീക്ഷിതമായി തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ഒരു പ്രശ്‌നത്തില്‍ പെട്ടുപോകുന്ന മൂന്ന് പൊലീസുകാരും അതിനു മുന്‍പ് നടന്ന ചെയിന്‍ ഓഫ് ഇവന്റ്‌സ് ആ പ്രശ്‌നത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതും പിന്നീട് അതൊരു വന്‍കുരുക്കായി തീരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ത്രില്ലര്‍ സ്വഭാവമുള്ള കഥയില്‍ സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള ശ്രമമാണ് നായാട്ട് നടത്തുന്നത്.

നായാട്ടിലെ ഏറ്റവും പ്രോബ്ലമാറ്റിക്കായി തോന്നിയ ഭാഗം ദളിത് സംഘടനകളോടും അവരുടെ പ്രതിഷേധങ്ങളോടും ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങളോടും വളരെ ശത്രുതാപരമായ രീതിയില്‍ ചിത്രം ഇടപെടുന്നതാണ്. തുടക്കം മുതല്‍ അവസാനം വരെ, ദളിതരെ തൊട്ടാല്‍ പ്രശ്‌നമാകുമെന്നത് പൊലീസുകാര്‍ക്കും രാഷ്ട്രീയകാര്‍ക്കും സര്‍ക്കാരിനുമെല്ലാം മുകളില്‍ തൂങ്ങികിടക്കുന്ന ഡെമോക്ലീസിന്റെ വാളുപോലെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദളിത് മനുഷ്യര്‍ വേട്ടയാടപ്പെടുന്നതിന്റെ സാമൂഹ്യപശ്ചാത്തലങ്ങളെ മുഴുവന്‍ ചിത്രം അവഗണിക്കുകയാണ്.

പൊലീസിനെ വേട്ടയാടുന്നതില്‍ പ്രധാനികള്‍ രാഷ്ട്രീയക്കാരും സര്‍ക്കാരുമാണെന്നും ദളിതരെ ഉപയോഗിച്ച് വോട്ടുബാങ്ക് രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പുകളില്‍ നടക്കുന്നതെന്നും ചിത്രം പറഞ്ഞുവെക്കുന്നുണ്ടെങ്കിലും പല ഘട്ടങ്ങളിലും അതേ കുറ്റക്കാരുടെ ഗണത്തില്‍ തന്നെയാണ് ദളിത് സമൂഹത്തെയും ഉള്‍പ്പെടുത്തുന്നത്. ഒരു സന്ദര്‍ഭത്തില്‍ താനും ദളിതനാണെന്ന് ജോജു ജോര്‍ജിന്റെ പൊലീസ് കഥാപാത്രം പറയുന്നത് പോലും നേരത്തെ പറഞ്ഞ കാഴ്ചപ്പാടുകളെ അടിവരയിട്ട് ഉറപ്പിക്കും പോലെയാണ്.

കുഞ്ചാക്കോ ബോബന്റെ പ്രവീണ്‍ മൈക്കിളിനെയാണ് നായകന്‍ എന്ന നിലയില്‍ പ്രൊജക്ട് ചെയ്യുന്നതെങ്കിലും കഥാപാത്രത്തിലും അഭിനയത്തിലും സ്‌കോര്‍ ചെയ്യുന്നത് മണിയപ്പനും മണിയപ്പനെ അവതരിപ്പിച്ച ജോജു ജോര്‍ജുമാണ്. മണിയപ്പന്റെ കഥയാണ് കുറച്ചു കൂടെ വ്യക്തമായി നായാട്ട് പിന്തുടരുന്നതും പ്രേക്ഷകന് കൂടുതല്‍ അടുപ്പം തോന്നുന്നതും.

ജോജു ജോര്‍ജ് സാധാരണ പൊലീസുകാരനായി നല്ല അഭിനയം കാഴ്ച വെക്കുന്നുണ്ട്. എവിടെയും ഓവറാക്കാതെ ശരീരഭാഷയിലും ഡയലോഗ് ഡെലിവറയിലുമെല്ലാം സ്വാഭാവിക കൊണ്ടുവന്ന്, തുടക്കത്തിലെ രസികനും പിന്നീട് ടെന്‍ഷനും നിരാശയുമെല്ലാം മാറിമാറി വരുന്ന മണിയപ്പനായി ജോജു ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

നിമിഷ സജയന്റെ സുനിത വളരെ വിശ്വസനീയത തോന്നുന്ന കഥാപാത്രസൃഷ്ടിയാണെങ്കിലും ക്യാരക്ടര്‍ ഡെവലപ്പ്‌മെന്റില്ലാതെ മുരടിച്ചുപോയ അവസ്ഥയിലാണ്. മുന്‍ ചിത്രങ്ങളിലേതു പോലെ തന്റെ റോള്‍ ഏറ്റവും സ്വാഭാവികതയോടെ നിമിഷ സജയന്‍ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രനിര്‍മ്മിതിയിലെ പോരായ്മകള്‍ ഈ കഥാപാത്രത്തെ ദുര്‍ബലമാക്കുകയാണ്.

ഇതേ അവസ്ഥയില്‍ തന്നെയാണ് കുഞ്ചാക്കോ ബോബന്റെ പ്രവീണ്‍ മൈക്കിളും. തുടക്കം മുതല്‍ അവസാനം വരെ പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും ഇയാളുടെ കഥാപാത്രത്തിന് വലിയ ഉയര്‍ച്ചതാഴ്ചകള്‍ വന്നതായി പ്രേക്ഷകന് തോന്നില്ല. അതുകൂടാതെ മറ്റു രണ്ട് പേരും സ്വാഭാവിക അഭിനയത്തിലൂടെ ഈ കുറവുകള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ അവിടെയും കുറച്ച് കഷ്ടപ്പെടുകയാണ്.

മുഖ്യമന്ത്രിയായെത്തുന്ന ജാഫര്‍ ഇടുക്കി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. സ്‌ക്രീനില്‍ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം കൗശലക്കാരനും കര്‍ക്കശക്കാരുനമായ മുഖ്യമന്ത്രിയായി ജാഫര്‍ ഇടുക്കി ഞെട്ടിക്കുന്നുണ്ട്.

ചിത്രത്തില്‍ ചെറിയൊരു കഥാപാത്രമായെത്തുന്ന അനില്‍ നെടുമങ്ങാട് ഒരു നിമിഷം നമ്മളെ സിനിമയുടെ പുറത്തേക്ക് കൊണ്ടുപോയി സങ്കടപ്പെടുത്തും. വളരെ കുറച്ചു ഡയലോഗുകളെ ഉള്ളുവെങ്കിലും ആ നടന്റെ മരണം മലയാള സിനിമയിലെ നഷ്ടം തന്നെയാണെന്ന് നായാട്ട് ഓര്‍മ്മിപ്പിക്കും.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന വടംവലി മത്സരത്തിലെ മുറുകി മുറുകി പോകുന്ന കയറിന്റേത് പോലെ ഒരു പിരിമുറക്കം കാണുന്ന പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന കഥയെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ നായാട്ട് പരാജയപ്പെടുകയാണ്.

ചിത്രത്തിലെ രണ്ട് പാട്ടുകളും നായാട്ടിന്റെ വേഗതയെ വീണ്ടം കുറയ്ക്കുന്ന ഏച്ചുകൂട്ടലുകളായാണ് തോന്നിയത്. അപ്പലാളെ എന്ന ഗാനം ചിത്രത്തിന്റെ റിലീസിന് മുന്‍പേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടപ്പോള്‍ തോന്നിയ ഭംഗി ചിത്രത്തില്‍ വന്നപ്പോള്‍ നഷ്ടപ്പെടുകയായിരുന്നു.

കുഞ്ചാക്കോ ബോബന്റെ പ്രവീണ്‍ മൈക്കിള്‍ വയ്യാത്ത അമ്മയുടെ ബ്ലൗസും അടിവസ്ത്രങ്ങളും കഴുകിയിടുന്നതും നിമിഷ സജയന്റെ കഥാപാത്രമായ സുനിതയ്ക്ക് സാനിറ്ററി പാഡുകള്‍ വാങ്ങി വരുന്നതുമൊക്കെ പാട്ടിനോളം ഏച്ചുകൂട്ടലുകളില്ലാതെ അവതരിപ്പിക്കപ്പെടുന്നുണ്ട്.

പൊലീസിന്റെ നിസ്സഹായവസ്ഥ കാണിക്കാനായി ഏകേദശം മുഴുവന്‍ സമൂഹത്തെയും കുറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ നായാട്ട് പാതിവഴിയില്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ്. അതേസമയം നായാട്ടിലെ സിനിമാറ്റിക് കുറവുകള്‍ക്കപ്പുറത്തേക്ക് സിനിമ മുന്നോട്ടുവെയ്ക്കുന്ന പല കാര്യങ്ങളും വരും ദിവസങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ പല ചര്‍ച്ചകള്‍ക്കും വഴി വെച്ചേക്കാം.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.