| Thursday, 20th May 2021, 2:15 pm

ജോജുവിനെയും കുഞ്ചാക്കോയെയും നിമിഷയെയും കടത്തിവെട്ടി മാര്‍ട്ടിന്‍ പ്രക്കാട്ട്; നായാട്ട് മേക്കിംഗ് വീഡിയോയിലെ സംവിധായകന്റെ പ്രകടനം ചര്‍ച്ചയാകുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായാട്ട് സിനിമയുടെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഓരോ സീനിലും വളരെ കൃത്യമായി നിര്‍ദേശം നല്‍കുന്നതോടൊപ്പം ഒട്ടുമിക്ക ഭാഗങ്ങളും മാര്‍ട്ടിന്‍ പ്രക്കാട്ട് അഭിനയിച്ചു കാണിക്കുന്നുണ്ട്. ജോജു ജോര്‍ജിനും കുഞ്ചാക്കോ ബോബനും നിമിഷക്കുമെല്ലാം ഓരോ സീനിലും താന്‍ എന്താണ് കൃത്യമായി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു നല്‍കുന്നുണ്ട്.

പൊലീസ് സ്റ്റേഷനില്‍ വെച്ച് ബൈജു എന്ന കഥാപാത്രവുമായി ജോജു ജോര്‍ജിന്റെ മണിയന്‍ പൊലീസ് ഉണ്ടാക്കുന്ന വാക്കുതര്‍ക്കം മുതല്‍ പിന്നീട് അത് അടിപിടിയില്‍ കലാശിക്കുന്നത് വരെയുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതാണ് മേക്കിംഗ് വീഡിയോയിലുള്ളത്.

മണിയന്‍ പൊലീസ് തല്ലുമ്പോള്‍ നിലത്തുവീഴുന്ന ബൈജുവിനോട് ‘നിലത്തുവീണാല്‍ റബര്‍പന്ത് പോലെ തിരിച്ചുവരണം’ എന്നാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നിര്‍ദേശം. ഈ വാചകങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീറും അഭിനയരംഗങ്ങളില്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

നായാട്ട് ഏറെ വാര്‍ത്താ പ്രാധാന്യം പിടിച്ച് പറ്റിയ ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൊലീസുകാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ചിത്രം ദളിത് സമൂഹത്തെ യാഥാര്‍ത്ഥ്യത്തോട് ചേരുന്ന വിധത്തിലല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nayattu movie making video, Martin Prakkatt, Kunchacko Boban, Joju George, Nimisha Sajayan

We use cookies to give you the best possible experience. Learn more