| Friday, 14th May 2021, 12:41 pm

'മരണം വരെ അഭിനയിക്കും' എന്നാണ് അന്ന് പിരിയുമ്പോള്‍ അനിലേട്ടന്‍ പറഞ്ഞത്; ഓര്‍മ പങ്കുവെച്ച് 'നായാട്ടി'ലെ എസ്. പി അനുരാധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ ചിത്രം നായാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് നിരവധി ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ എസ്. പി അനുരാധയായി വേഷമിട്ട പുതുമുഖം യമ എന്ന ആര്‍ട്ടിസ്റ്റിനെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ചിത്രത്തില്‍ അടുത്തിടെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും അഭിനയിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഓര്‍മ പങ്കുവെക്കുകയാണ് യമ. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യമ അനില്‍ നെടുമങ്ങാടിനെക്കുറിച്ച് പറഞ്ഞത്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ യമയുടെ സീനിയറായി പഠിച്ചതാണ് അനില്‍ നെടുമങ്ങാട്. ആദ്യം അനിലിനെ വലിയ പരിചയം ഒന്നുമില്ലായിരുന്നെങ്കിലും ചിത്രീകരണം തുടങ്ങിയപ്പോള്‍ പെട്ടെന്ന് തന്നെ നല്ല കൂട്ടായി എന്നാണ് യമ പറയുന്നത്.

റിട്ടയര്‍ ആവാന്‍ കാലത്ത് സിനിമയിലേക്ക് വന്ന നടനാണ് താനെന്നാണ് അനില്‍ പറയാറുള്ളതെന്നും യമ പറഞ്ഞു.

‘മുന്‍പേ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. പക്ഷേ സുഹൃത്തുക്കള്‍ ആയിരുന്നില്ല. നായാട്ടില്‍ അഭിനയിച്ചപ്പോള്‍ പഠനകാലത്തെക്കുറിച്ചും ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ടീച്ചേഴ്സിനെക്കുറിച്ചും പിന്നെ നാടകത്തെക്കുറിച്ചും ഒക്കെ പറഞ്ഞുപറഞ്ഞ് ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി. പഠിക്കുന്ന കാലത്തു തന്നെ അനിലേട്ടന്‍ നല്ല ആക്ടറായി അറിയപ്പെട്ടിരുന്നു. സിനിമ ഇഷ്ടവുമായിരുന്നു. അവസരങ്ങള്‍ വന്നത് വൈകിയാണെന്നു മാത്രം. ‘റിട്ടയര്‍മെന്റ് സമയത്ത് ജോലി കിട്ടിയ ആളാണ് ഞാന്‍’ എന്ന് അനിലേട്ടന്‍ പറയുമായിരുന്നു,’ യമ പറഞ്ഞു.

ഒരു ബ്രേക്കിന് വേണ്ടിയാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്ന് ഷൂട്ടിംഗ് അവസാനിക്കുന്ന വേളയില്‍ താന്‍ അനിലിനോട് പറഞ്ഞു. എന്നാല്‍ മരണം വരെ സിനിമയില്‍ തന്നെ ഉണ്ടാകുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും യമ ഓര്‍ത്തെടുക്കുന്നു.

‘ഷൂട്ട് കഴിഞ്ഞ് പിരിയുമ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഞാനൊരു ബ്രെയ്ക്കിനു വേണ്ടി സിനിമയില്‍ വന്നതാണ്. ഇനി ഈ ഭാഗത്ത് ഉണ്ടാകില്ല’. അപ്പോള്‍ അനിലേട്ടന്‍ പറഞ്ഞത്, ‘മരിക്കുന്നത് വരെ അഭിനയവുമായി ഞാനിവിടെത്തന്നെ ഉണ്ടാകും’ എന്നാണ്. ഷൂട്ടിംഗ് കഴിഞ്ഞിട്ടും മെസേജുകള്‍ ഒക്കെ അയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അനിലേട്ടന്‍ പോയി എന്നറിഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കായിപ്പോയി. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി, പരിചയം പുതുക്കി, പെട്ടെന്ന് കൂട്ടായ ഒരാള്‍, ഇത്രപെട്ടന്ന് കടന്നുപോയപ്പോള്‍ അത് വിശ്വസിക്കാന്‍ പോലും പ്രയാസമുള്ളതു പോലെ,’ യമ പറഞ്ഞു.

2020 ഡിസംബര്‍ 25നാണ് തൊടുപുഴ മലങ്കര ഡാമില്‍ വെച്ച് അനില്‍ മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nayattu movie fame Yama talking about actor Anil Nedumangad

We use cookies to give you the best possible experience. Learn more