ചെന്നൈ: ഈ തലമുറയിലെ രമ്യാകൃഷ്ണനാണ് നയന്‍താരയെന്ന് സംവിധായകന്‍ ആര്‍.ജെ ബാലാജി. മുക്കുത്തി അമ്മന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നയന്‍താരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നേരത്തേയും നിരവധി പേര്‍ അമ്മനായിട്ടുണ്ട്. രമ്യാകൃഷ്ണന്‍ അമ്മനാകുമ്പോള്‍ അവരുടെ കണ്ണില്‍ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടന്‍മാരോടുള്ള വൈരാഗ്യവും കാണാം. ഈ തലമുറയിലെ കുട്ടികള്‍ കഴിഞ്ഞ 20 വര്‍ഷമായി പുതിയ അമ്മനെ കണ്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം നയന്‍താര ഈ കാലത്തെ രമ്യാകൃഷ്ണനായിരിക്കും’, ബാലാജി പറഞ്ഞു.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് മുക്കുത്തി അമ്മന്‍ റിലീസ് ചെയ്യുന്നത്. ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്‍.ജെ ബാലാജി ഒരു കേന്ദ്ര കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തില്‍ ഒരു ദേവിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.
നേരത്തെ നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍ രംഗത്തെത്തിയിരുന്നു.
മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു.
‘ അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ മീര മിഥുന്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റിനു പിന്നാലെ നയന്‍താര ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്ന മീര മിഥുന്‍ നേരത്തെ തമിഴിലെ പല താരങ്ങള്‍ക്കെതിരെയും സമാന ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. നടി തൃഷ തന്റെ ഫാഷന്‍ സ്‌റ്റൈല്‍ കോപ്പിയടിക്കുകയാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നും നേരത്തെ ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുകൂടാതെ നടന്‍ വിജയും സൂര്യയും തമിഴ് സിനിമാമേഖലയില്‍ സ്വജനപക്ഷപാതം കാണിക്കുകയാണെന്നും മീര മിഥുന്‍ ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക