| Thursday, 12th December 2024, 8:04 am

'പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍'; ധനുഷുമായുള്ള വിവാദത്തില്‍ മറുപടിയുമായി നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നയന്‍താരയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്സ് റിലീസ് ചെയ്ത ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ എന്ന ഡോക്യുമെന്ററിയും അതിനെ ചുറ്റിപ്പറ്റിയും നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ ഡോക്യുമെന്ററിക്കെതിരെ 10 കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തതിന് നയന്‍താര ധനുഷിനെതിരെ തുറന്ന കത്ത് പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ മാലപ്പടക്കത്തിന് തിരിതെളിഞ്ഞത്.

ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് ഫൂട്ടേജ് ഉപയോഗിച്ചതിന് എന്‍.ഒ.സി ലഭിക്കാന്‍ നയന്‍താരയ്ക്ക് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. നാനും റൗഡി താന്റെ നിര്‍മാതാവ് ധനുഷ്, ക്ലിപ്പ് ഉപയോഗിച്ചതിന് നയന്‍താരയില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. നയന്‍താര ഇതേതുടര്‍ന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ധനുഷിന് ഒരു തുറന്ന കത്തെഴുതിയതോടെ വലിയ വിവാദമായി മാറിയിരുന്നു.

ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാരോപിച്ച് ധനുഷ് അടുത്തിടെ മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരക്കും വിഘ്‌നേഷ് ശിവനുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. നയന്‍താര ഇതെല്ലാം ചെയ്തത് പബ്ലിസിറ്റിക്കും ഡോക്യൂമെന്ററിയുടെ പ്രചരണത്തിനും വേണ്ടിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ധനുഷ് തന്നോട് സംസാരിക്കാന്‍ വിസമതിച്ചതിനാല്‍ തനിക്ക് വേറെ വഴിയില്ലാത്തതിനാലാണ് തുറന്ന കത്തുമായി പോകേണ്ടിവന്നതെന്ന് നയന്‍താര പറയുന്നു. തനിക്ക് എതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നയന്‍താര. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര.

പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല താനെന്നും തന്നെ പിന്തുണച്ചവര്‍ നിരവധിയുണ്ടെങ്കിലും ഇത് ഒരു പി.ആര്‍ സ്റ്റണ്ടാണെന്ന് കരുതുന്ന ധനുഷിന്റെ ആരാധകരുണ്ട്, അതുകൊണ്ടാണ് താനിത് പറയുന്നതെന്നും നയന്‍താര വ്യക്തമാക്കി. തന്റെ സിനിമയെ പ്രൊമോട്ട് ചെയ്യുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും താരം പറഞ്ഞു.

‘ധൈര്യം സത്യത്തില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. ഞാന്‍ എന്തെങ്കിലും കെട്ടിച്ചമയ്ക്കുമ്പോള്‍ മാത്രമേ ഞാന്‍ ഭയപ്പെടേണ്ടതുള്ളൂ. ഞാന്‍ അത് ചെയ്യുന്നില്ലെങ്കില്‍ എനിക്ക് ഭയപ്പെടേണ്ടതില്ല. ഞാന്‍ ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍, കാര്യങ്ങള്‍ ഇതിനകം തന്നെ അതിരുകടന്നപ്പോള്‍, ഇനിയൊരിക്കലും തങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ ആര്‍ക്കും ധൈര്യമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ശരിയാണെന്ന് തോന്നുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ എന്തിന് ഭയപ്പെടണം? ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍,’ നയന്‍താര പറഞ്ഞു.

ധനുഷിന്റെ മാനേജറുമായി ഒന്നിലധികം തവണ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാന്‍ താനും തന്റെ പങ്കാളി വിഘ്നേശ് ശിവനും വിളിച്ചിരുന്നുവെന്നും എന്നാല്‍ ഒരിക്കല്‍ പോലും ധനുഷ് അതിന് സഹകരിക്കാത്തതിനാലാണ് തനിക്ക് തുറന്ന കത്ത് എഴുതേണ്ടി വന്നതെന്നും നയതാര പറഞ്ഞു.

Content Highlight: Nayanthara Talks About The Controversy With Dhanush

Latest Stories

We use cookies to give you the best possible experience. Learn more