തമിഴിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നയന്‍താര പിന്നീട് തമിഴിലേക്ക് ചേക്കേറി. പിന്നീട് തമിഴിലെ ഒന്നാം നമ്പര്‍ നായികയായി നയന്‍താര മാറുന്ന കാഴ്ചക്ക് സിനിമാലോകം സാക്ഷിയായി. തമിഴ്, മലയാളം എന്നീ ഭാഷകള്‍ കടന്ന് തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ നയന്‍താരക്ക് സാധിച്ചു.
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നയന്‍താര. സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ താന്‍ അഭിനയിച്ചത് ശരിയാകാത്തതുകൊണ്ട് സംവിധായകന്‍ ഫാസില്‍ ദേഷ്യപ്പെട്ടെന്നും അത് കേട്ട് ഉള്ളില്‍ നിന്ന് വികാരം പ്രകടപ്പിക്കണമെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞെന്നും നയന്‍താര പറയുന്നു. അദ്ദേഹം അത് നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത് തന്നെ വളരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.
കുറേ നേരം ചെയ്തിട്ടും ശരിയാകാത്തതുകൊണ്ട് അന്നത്തെ ദിവസം ബ്രേക്ക് തന്നെന്നും അടുത്ത ദിവസം നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നും നയന്‍താര പറഞ്ഞു. ദി ഹോളിവുഡ് റിപോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര.
‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ഫാസില്‍ സാറിന് എന്നോട് ശരിക്കും ദേഷ്യം തോന്നിയ ഒരു ദിവസം ഉണ്ടായിരുന്നു. ‘എനിക്ക് ഇത് ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഞാന്‍ എന്താണ് പറയുന്നതെന്ന് മനസലാകുന്നില്ല’ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ആദ്യമേ പറയട്ടെ, മലയാളത്തിലല്ല, നമ്മള്‍ സംസാരിക്കുന്ന ഭാഷയില്‍ നിന്ന് വ്യത്യസ്തമാണ് സിനിമാ ഭാഷ. ‘നയന്‍, നിങ്ങള്‍ ഉള്ളില്‍ നിന്ന് വികാരം പ്രകടിപ്പിക്കണം’ എന്ന് മോഹന്‍ലാല്‍ സാര്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം അത് നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്നെ വളരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
അതിന് ശേഷം ഫാസില്‍ സാര്‍ ശരിക്കും അസ്വസ്ഥനായി വിശ്രമിക്കാന്‍ പോയി. അദ്ദേഹം ഒരു മൂലയില്‍ തനിയെ ഇരുന്നു. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം തിരികെ വന്നിട്ട് ‘ശ്രദ്ധിക്കൂ, ഞാന്‍ നിന്നെ ശരിക്കും വിശ്വസിക്കുന്നു, ഞാന്‍ നിന്നെ വീണ്ടും വിശ്വസിക്കാന്‍ പോകുന്നു. എനിക്ക് ഒരു മികച്ച പ്രകടനം വേണം, എനിക്ക് തോല്‍ക്കാന്‍ കഴിയില്ല. ഞാന്‍ ഇന്ന് ഒരു ബ്രേക്ക് വിളിക്കുന്നു, നാളെ നീ തിരിച്ചു വരൂ, എന്നിട്ട് തീരുമാനിക്കാം’ എന്ന്.
എനിക്ക് അദ്ദേഹത്തിന്റെ അവസ്ഥ ഓര്‍ത്ത് സത്യത്തില്‍ സങ്കടം തോന്നി. അങ്ങനെ ഫാസില്‍ സാറിനെ പ്രീതിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ പരിശ്രമം ഫലം കണ്ടു. അടുത്ത ദിവസം അദ്ദേഹം എന്നോട് നിന്നെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ് ഹഗ് ചെയ്തു. വിസ്മയത്തുമ്പത്ത് എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്,’ നയന്‍താര പറയുന്നു.
Content Highlight: Nayanthara Talks About Mohanlal and Director Fazil