| Tuesday, 19th November 2024, 12:10 pm

എനിക്ക് നേരെ ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടാകുന്നത് ആ തമിഴ് സിനിമയുടെ സമയത്ത്, ഏറ്റവും തകര്‍ന്ന നിമിഷം: നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗജിനി സിനിമയുടെ സമയത്താണ് തനിക്ക് നേരെ ആദ്യമായി ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടാകുന്നതെന്ന് പറയുകയാണ് നയന്‍താര. താന്‍ ഏറ്റവും തകര്‍ന്നു പോയത് ആ സമയത്താണെന്നും അപ്പോള്‍ തന്നെ പറ്റിയുള്ള ധാരാളം കമന്റുകള്‍ കാണാറുണ്ടായിരുന്നെന്നും നടി പറയുന്നു.

ഒരാളെ കുറിച്ച് ബോഡി ഷെയിമിങ് നിറഞ്ഞ കാര്യങ്ങളൊന്നും പറയാന്‍ പാടില്ലെന്നും അവരുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും നയന്‍താര പറഞ്ഞു. താന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത് മാത്രമാണ് ഓരോ സിനിമയിലും ചെയ്തതെന്നും അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ധരിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു. നയന്‍താര – ബിയോണ്ട് ദി ഫെയറി ടേല്‍ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ഏറ്റവും തകര്‍ന്നു പോയത് ഗജിനിയുടെ സമയത്താണ്. അന്ന് ഞാന്‍ എന്നെ പറ്റിയുള്ള ധാരാളം കമന്റുകള്‍ കാണാറുണ്ടായിരുന്നു. ‘ഇവള്‍ എന്തിനാണ് അഭിനയിക്കുന്നത്? ഇവള്‍ എന്തിനാണ് സിനിമയില്‍ തുടരുന്നത്? അവള്‍ ഒരുപാട് വണ്ണം വെച്ചു’ എന്നൊക്കെയുള്ള കമന്റുകള്‍ വരുമായിരുന്നു.

ഒരാളെ കുറിച്ച് അങ്ങനെയുള്ള കാര്യങ്ങളൊന്നും പറയാന്‍ പാടില്ല. പെര്‍ഫോമന്‍സിനെ കുറിച്ച് പറയുന്നതില്‍ യാതൊരു കുഴപ്പവുമില്ല. ചിലപ്പോള്‍ എന്റെ അഭിനയം മോശമായിരിക്കാം. പക്ഷെ എന്റെ ഡയറക്ടര്‍ ആവശ്യപ്പെട്ടത് മാത്രമാണ് ഞാന്‍ ഓരോ സിനിമയിലും ചെയ്തത്.

അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ഞാന്‍ ആ സിനിമയില്‍ ധരിച്ചത്. ഞാന്‍ ഒരു പുതുമുഖമല്ലേ. എനിക്ക് അപ്പോള്‍ തിരിച്ച് ഒന്നും പറയാന്‍ പറ്റില്ലല്ലോ. ഗജിനിയുടെ സമയത്താണ് എനിക്ക് നേരെ ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടാകുന്നത്. ഞാന്‍ എപ്പോഴും തനിച്ചായിരുന്നു.

നമ്മള്‍ ഒരു വിഷമഘട്ടത്തിലൂടെ പോകുമ്പോള്‍ ആരും കൂടെ ഉണ്ടാകുമെന്ന ഉറപ്പില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാള് പോലും എന്റെ അടുത്ത് വന്നിട്ട് പോട്ടെ സാരമില്ലെന്ന് പറഞ്ഞിട്ടില്ല.

പക്ഷെ ഓരോ നാളുകള്‍ കഴിയുമ്പോഴും ഞാന്‍ സ്‌ട്രോങ്ങായി മാറികൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഓപ്ഷന്‍. എനിക്ക് വേറെ വഴി ഇല്ലായിരുന്നു,’ നയന്‍താര പറയുന്നു.

Content Highlight: Nayanthara Talks About Body Shaming That She Face After Ghajini

Latest Stories

We use cookies to give you the best possible experience. Learn more