ചെന്നൈ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയെ പ്രശംസിച്ച് നടി നയന്‍താരയും. ‘നീതി നടപ്പിലായി’ എന്ന അടിക്കുറിപ്പോടെ താനിറക്കിയ ഔദ്യോഗിക കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് നയന്‍താര വിഷയത്തില്‍ പ്രതികരിച്ചത്.
കുറിപ്പില്‍ പറയുന്നതിങ്ങനെ- ‘ചൂടോടെ നടപ്പിലാക്കപ്പെട്ടാല്‍ നീതി നല്ലതാണ്. ഇത്രനാളും ഇതൊരു സിനിമാറ്റിക് ചൊല്ലായിരുന്നെങ്കില്‍ ഇപ്പോളതു യാഥാര്‍ഥ്യമായിരിക്കുകയാണ്. യഥാര്‍ഥ ഹീറോസ്- തെലങ്കാന പൊലീസ് അത് അവരുടെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്.
‘മനുഷ്യത്വത്തിനു വേണ്ടിയുള്ള ശരിയായ പ്രവൃത്തി’ എന്നാണു ഞാനിതിനെ വിളിക്കുക. ഈ രാജ്യത്തെ ഓരോ സ്ത്രീക്കും യഥാര്‍ഥ നീതി നടപ്പിലായ ഈ ദിവസം കലണ്ടറില്‍ രേഖപ്പെടുത്താന്‍ കഴിയും. മനുഷ്യത്വമെന്നാല്‍ ബഹുമാനിക്കുക, സ്‌നേഹം പ്രകടിപ്പിക്കുക, എല്ലാറ്റിനെയും തുല്യതയോടെ കാണുക എന്നതാണ്.
നീതി നടപ്പിലായതില്‍ സന്തോഷിക്കുക എന്നതിലുപരി, ഈ നിമിഷം നമ്മുടെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ ചിലതു പഠിപ്പിക്കേണ്ടുന്ന സമയമാണ്. സ്ത്രീകള്‍ക്കു സുരക്ഷിതമായ ഒരു ഇടമായി ഭൂമിയെ മാറ്റുമ്പോഴാണു പുരുഷന്മാര്‍ ഹീറോയാകുന്നത് എന്ന സന്ദേശം അവര്‍ക്കു പകര്‍ന്നുകൊടുക്കണം.’
നേരത്തേ പൊലീസിനു കൈയടിച്ച് മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നീരജ് മാധവ്, തന്‍വി റാം, രാധിക, കുമ്പളങ്ങി നൈറ്റ്സ് സംവിധായകന്‍ മധു സി. നാരായണ്‍ എന്നിവരാണ് പൊലീസിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ വി.സി സജ്ജനാരുടെ ചിത്രം ഷെയര്‍ ചെയ്ത് സ്നേഹ ചിഹ്നം നല്‍കിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ് സംവിധായകന്‍ മധു സി.നാരായണന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മധുവിന്റെ അഭിനന്ദനം.
നീതി നടപ്പാക്കപ്പെട്ടുവെന്നാണ് ടൊവിനോ തോമസിന്റെ പ്രതികരണം. ഫേസ്ബുക്കിലായിരുന്നു പൊലീസിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് ടൊവിനോയുടെ പ്രതികരണം. അതേ സമയം തന്നെ ടൊവിനോയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടൊവിനോ അഭിനയിച്ച മായാനദി എന്ന ചിത്രത്തിലെ മാത്തന്‍, കുപ്രസിദ്ധ പയ്യനിലെ അജയന്‍ എന്നീ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.