|

അന്ധയായ ദൃക്‌സാക്ഷിയായി നയന്‍താര, പേടിപ്പിക്കുന്ന വില്ലനായി അജ്മല്‍; വയലന്‍സ് നിറച്ച് നെട്രികണ്ണിന്റെ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ട്രെയ് ലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. അജ്മലാണ് സൈക്കോ വില്ലനാകുന്നത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ നിന്നും ചിത്രം പ്രേക്ഷകനെ ആകാംക്ഷയുടെയും പേടിയുടെയും മുള്‍മുനയില്‍ നിര്‍ത്തുമെന്ന പ്രതീക്ഷയാണ് തരുന്നത്. ഇത്തരത്തിലുള്ള കമന്റുകളാണ് ട്രെയ്‌ലറിന് താഴെ നിറയുന്നതും.

ട്രെയ്‌ലറില്‍ നയന്‍താരയുടെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. വില്ലന്‍ കഥാപാത്രത്തിന്റെ ഭീഷണിയും പരിഹാസവും നിറഞ്ഞ ഡയലോഗുകള്‍ക്ക് മറുപടിയായി ‘നിനക്കൊന്നും എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല’ എന്നും ‘ഞാന്‍ നിന്നെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിനക്ക് കാണ്ടേണ്ടി വരുമല്ലോ എന്നോര്‍ത്ത് എനിക്ക് നിന്നോട് സഹതാപം തോന്നുന്നു’ എന്നും ദുര്‍ഗ പറയുന്നതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

നയന്‍താരയുടെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൊന്നായിരിക്കും നെട്രികണ്ണിലേതെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. അജ്മലിന്റെ പെര്‍ഫോമന്‍സും ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നയന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ്. നവീന്‍ സുന്ദരമൂര്‍ത്തിയാണ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.

ആര്‍.ഡി. രാജശേഖരന്‍ ക്യാമറയും ലോറന്‍സ് കിഷോര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായനാണ്.

വിഘ്‌നേഷ് ശിവന്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്. ഡിസ്‌നി ഹോട്‌സ്റ്റാറിലാണ് നെട്രികണ്‍ റിലീസ് ചെയ്യുന്നത്. റിലീസിങ്ങ് തീയ്യതി പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nayanthara starring new Tamil movie  Netrikann teaser out