വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര നല്‍കിയ അഭിമുഖമാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ച. വിജയ് ടിവിക്ക് വേണ്ടിയാണ് നയന്‍താര അഭിമുഖം നല്‍കിയത്.
അഭിമുഖത്തില്‍ തന്റെ മാതാപിതാക്കളെക്കുറിച്ച് നയന്‍താര പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണെന്നും താന്‍ ഏത് സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ലെന്നുമാണ് നയന്‍താര പറയുന്നത്.
‘സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ച് പറയും. അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളു അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം,’ നയന്‍താര പറയുന്നു.
തന്റെ അച്ഛന്റെ അസുഖത്തെക്കുറിച്ചും അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു. ജീവിതത്തില്‍ നിന്ന് തിരിച്ച് പോവാന്‍ ഒരു ടൈം മെഷീന്‍ കിട്ടുകയാണെങ്കില്‍ തന്റെ അച്ഛനെ പഴയ പോലെ കാണണമെന്നാണ് ആഗ്രഹമെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
‘അച്ഛനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ട് പതിമൂന്ന് വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതായിട്ട്. ഒരു കൊച്ചുകുട്ടിയെപ്പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്. അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്.
ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍ എല്ലാം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്. ആശുപത്രിയില്‍ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത് പഴയ പോലെ കാണണമെന്നുണ്ട്,’ നയന്‍താര പറഞ്ഞു.
താന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായെന്നും ഇത്രയും കാലമായി തന്റെ അമ്മ അച്ഛനെ നോക്കിയ പോലെ ആര്‍ക്കും സാധിക്കില്ലെന്നും നയന്‍താര പറയുന്നു.
കഴിഞ്ഞ മാസം നയന്‍താരയും പങ്കാളിയായ വിഘ്നേഷ് ശിവനും കൊച്ചിയിലെത്തി അച്ഛനെ കണ്ടിരുന്നു.