| Tuesday, 17th August 2021, 12:03 pm

ഒരു ടൈം മെഷീന്‍ കിട്ടിയാല്‍ തിരികെ പോയി ജീവിതത്തില്‍ എന്ത് മാറ്റം വരുത്തും?; മറുപടിയില്‍ വികാരാധീനയായി നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര നല്‍കിയ അഭിമുഖമാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ച. വിജയ് ടിവിയിക്ക് വേണ്ടിയാണ് നയന്‍താര അഭിമുഖം നല്‍കിയത്.

അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് വികാരാധീനയായി നയന്‍സ് മറുപടി പറയുന്നതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ടൈം മെഷീന്‍ കിട്ടിയാല്‍ ജീവിതത്തില്‍ നിന്ന് തിരിച്ച് പോയി മാറ്റം വരുത്തുന്നത് എന്ത് കാര്യമായിരിക്കും എന്നായിരുന്നു നടിയോടുള്ള ചോദ്യം.

അത്തരമൊരു അവസരം കിട്ടിയാല്‍ തന്റെ അച്ഛന്റെ ജീവിതത്തില്‍ മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് നയന്‍താര പറയുന്നത്.

‘അച്ഛനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ട് പതിമൂന്ന് വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതായിട്ട്. ഒരു കൊച്ചുകുട്ടിയെപ്പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്. അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്.

ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍ എല്ലാം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്. ആശുപത്രിയില്‍ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത് പഴയ പോലെ കാണണമെന്നുണ്ട്,’ നയന്‍താര പറഞ്ഞു.

താന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായെന്നും ഇത്രയും കാലമായി തന്റെ അമ്മ അച്ഛനെ നോക്കിയ പോലെ ആര്‍ക്കും സാധിക്കില്ലെന്നും നയന്‍താര പറയുന്നു.

കഴിഞ്ഞ മാസം നയന്‍താരയും പങ്കാളിയായ വിഘ്‌നേഷ് ശിവനും കൊച്ചിയിലെത്തി അച്ഛനെ കണ്ടിരുന്നു.

മിലിന്ദ് റാവു സംവിധാനം ചെയ്ത നെട്രിക്കണ്‍ ആണ് നയന്‍താരയുടെ ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം. മലയാളിയായ അജ്മല്‍ അമീറാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിഘ്‌നേഷ് ശിവനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nayanthara says about her father

We use cookies to give you the best possible experience. Learn more