തമിഴിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നയന്‍താര പിന്നീട് തമിഴിലേക്ക് ചേക്കേറി. പിന്നീട് തമിഴിലെ ഒന്നാം നമ്പര്‍ നായികയായി നയന്‍താര മാറുന്ന കാഴ്ചക്ക് സിനിമാലോകം സാക്ഷിയായി. തമിഴ്, മലയാളം എന്നീ ഭാഷകള്‍ കടന്ന് തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ നയന്‍താരക്ക് സാധിച്ചു.
ബോക്‌സ് ഓഫീസ് പവറിന്റെ പേരില്‍ നയന്‍താരയെ പല മാധ്യമങ്ങളും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. പിന്നീട് ഈ ടൈറ്റില്‍ താരത്തിന്റെ സിനിമകളുടെ ഭാഗമായി മാറി. എന്നാല്‍ ആ ടൈറ്റില്‍ തനിക്ക് ഒരു ബാധ്യത പോലെയാണെന്ന് പറയുകയാണ് നയന്‍താര. ഒരിക്കലും ഇത്തരം വിശേഷണങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തയാളാണ് താനെന്ന് നയന്‍താര പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ ടൈറ്റില്‍ ഉപയോഗിക്കരുതെന്ന് തന്റെ നിര്‍മാതാക്കളോട് യാചിക്കുകയാണെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.
ആ ഒരു ടൈറ്റില്‍ തന്റെ കരിയറിനെ നിര്‍വചിക്കുന്ന ഒന്നല്ല എന്നാണ് താന്‍ വിചാരിക്കുന്നതെന്നും അത്തരം വിശേഷണങ്ങള്‍ തന്നെ ഭയപ്പെടുത്താറുണ്ടെന്നും നയന്‍താര പറഞ്ഞു. എന്നാല്‍ തന്നോടുള്ള സ്‌നേഹവും ബഹുമാനവും കാരണമാകാം പലരും ആ ടൈറ്റില്‍ തനിക്ക് തരുന്നതെന്ന് ചിലപ്പോള്‍ തോന്നാറുണ്ടെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു നയന്‍താര.
‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ എനിക്ക് ഒരു ബാധ്യത പോലെയാണ്. ഇത്രയും വലിയ കരിയറില്‍ ഒരിക്കല്‍ പോലും ഞാന്‍ ഇത്തരം ടൈറ്റിലുകള്‍ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി എന്റെ പേരിന്റെ കൂടെ പലരും ഈ വിശേഷണം കൂടി ചേര്‍ക്കുന്നുണ്ട്. ഈ ടൈറ്റില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് എന്റെ സംവിധായകരോടും നിര്‍മാതാക്കളോടും ഞാന്‍ യാചിക്കാറുണ്ട്.
ഇതുപോലുള്ള വിശേഷണങ്ങളൊന്നും ഒരിക്കലും എന്റെ കരിയറിനെ നിര്‍വിചിക്കുന്ന ഒന്നായി ഞാന്‍ കണക്കാക്കില്ല. ഇത്തരം വിശേഷണങ്ങള്‍ എന്നെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്. എന്നോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാകാം അവര്‍ എന്നെയങ്ങനെ വിളിക്കുന്നത്. മറ്റ് ആര്ട്ടിസ്റ്റുകളെപ്പോലെ പെര്‍ഫോം ചെയ്യാനോ ഡാന്‍സ് ചെയ്യാനോ എനിക്ക് കഴിയില്ല. പക്ഷേ ഇപ്പോഴും ഞാന്‍ ഇവിടെയുണ്ട്. ഇത് മാത്രം മതി എനിക്ക്. മറ്റ് അലങ്കാരങ്ങളൊന്നും വേണ്ട,’ നയന്‍താര പറയുന്നു.
Content Highlight: Nayanthara saying Lady Superstar title is a burden for her