Spoiler Alert
ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തിരിച്ച് വരവ്, പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു, ഗോള്‍ഡിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ഉയരാന്‍ ഇത്രയും കാരണങ്ങള്‍ തന്നെ ധാരാളമായിരുന്നു. സിനിമയില്‍ പുതിയൊരു ശൈലിക്ക് തന്നെയാണ് നേരത്തിലൂടെയും പ്രേമത്തിലൂടെയും അല്‍ഫോണ്‍സ് പുത്രന്‍ വഴി വെട്ടിത്തുറന്നിട്ടത്.
എന്നാല്‍ മൂന്നാമത്തെ ചിത്രം അല്‍ഫോണ്‍സിന്റെ കൈവിട്ട് പോകുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കണ്ടത്. ചിത്രം നിരാശപ്പെടുത്തിയെന്നാണ് അല്‍ഫോണ്‍സിന്റെ ആരാധകര്‍ പോലും പറയുന്നത്. പാളിപ്പോയ സംവിധാനവും തിരക്കഥയും ചിത്രത്തെ എന്‍ഗേജിങ്ങാക്കുന്നതില്‍ പരാജയപ്പെട്ടു.
കഥാപാത്രങ്ങളുടെ ആധിക്യവും ചിത്രത്തെ പിന്നോട്ട് വലിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിലൊരു അനാവശ്യമായ കഥാപാത്രമാണ് നയന്‍താരയുടേത് എന്നതാണ് പ്രേക്ഷകരെ ഏറ്റവും നിരാശപ്പെടുത്തിയത്. പേരിനൊരു നായിക, ഒറ്റവാക്കില്‍ നയന്‍താര അവതരിപ്പിച്ച സുമംഗലി ഉണ്ണികൃഷ്ണനെ അങ്ങനെ വിശേഷിപ്പിക്കാം. ഈ കഥാപാത്രം ചിത്രത്തിലില്ലെങ്കിലും ഒന്നും സംഭവിക്കില്ല.
നയന്‍താര എന്നത് ഒരു ബ്രാന്‍ഡ് ആണ്. സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണവര്‍. ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളില്‍ ഒരാള്‍. അഭിനയപ്രാധാന്യമുള്ള ലീഡ് റോളുകളില്‍ വന്ന് നയന്‍താര വിജയിപ്പിച്ച സിനിമകളെത്രയാണ്. പൃഥ്വിരാജിനെ മാത്രം കണ്ടല്ല, നയന്‍താരയെ കൂടി മുന്നില്‍ കണ്ടാണ് ആളുകള്‍ തിയേറ്ററിലേക്ക് വന്നത്. അങ്ങനെയൊരു താരത്തിന് യോജിച്ച തരത്തില്‍ ഒരു കഥാപാത്രത്തെ നല്‍കാന്‍ അല്‍ഫോണ്‍സിനായില്ല.
അല്‍ഫോണ്‍സിന്റെ ആദ്യചിത്രമായ നേരത്തില്‍ നസ്രിയയുടെ കഥാപാത്രത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രമായ പ്രേമം നായികമാരെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത് തന്നെ. എന്നാല്‍ മൂന്നാമത്തെ ചിത്രത്തില്‍ നായിക പോയിട്ട് പ്രാധാന്യമുള്ള ഒരു സ്ത്രീ കഥാപാത്രം പോലുമില്ല. ഉള്ളവരൊക്കെ തന്നെ വീട് നോക്കാനും ചായ ഇടാനും പെണ്ണ് കാണലിന് അണിഞ്ഞൊരുങ്ങി നില്‍ക്കാനുമൊക്കെയാണ് വരുന്നത്.
ചിത്രത്തില്‍ വന്ന പുല്‍ച്ചാടിക്കും ഉറുമ്പിനും കാളക്കും പോലും നയന്‍താരയെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നുണ്ട്. പത്തിലധികം കഥാപാത്രങ്ങളാണ് ഒരാവശ്യവുമില്ലാതെ ചിത്രത്തില്‍ വന്നുപോകുന്നത്.
ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ കഥാപാത്രങ്ങളുടെ ബാഹുല്യം പ്രേക്ഷകര്‍ എടുത്ത് പറഞ്ഞിരുന്നു. എങ്കിലും അല്‍ഫോണ്‍സിലുള്ള വിശ്വാസം കൊണ്ട് അന്ന് ഒരു കുറവായിട്ടായിരുന്നില്ല ഇക്കാര്യം പ്രേക്ഷകര്‍ പറഞ്ഞത്. പകരം പൃഥ്വിരാജും നയന്‍താരയും ഷമ്മി തിലകനും ലാലു അലക്‌സും ബാബുരാജുമെല്ലാം ഒന്നിക്കുമ്പോള്‍ ഒരു ദൃശ്യവിരുന്ന് തന്നെ ലഭിക്കുമെന്ന് പ്രേക്ഷകര്‍ വിചാരിച്ചു.
പക്ഷേ പലരും പ്രാധാന്യമോ പരസ്പരബന്ധമോ ഇല്ലാതെ ഒറ്റ സീനില്‍ മാത്രമാണ് ചിത്രത്തിലെത്തുന്നത്. സൗബിന്‍, ഗണപതി, സാബു മോന്‍, അബു സലിം, തെസ്‌നി ഖാന്‍ തുടങ്ങിയ കഥാപാത്രളൊക്കെ എന്തിനാണെന്ന് അല്‍ഫോണ്‍സിനെങ്കിലും അറിയാമോ എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.
ഇതില്‍ പല കഥാപാത്രങ്ങളും ഒരോ സീനുകളില്‍ വണ്ടിയോടിക്കാനും ഡാന്‍സ് കളിക്കാനും ചായ കുടിക്കാനുമൊക്കെ മാത്രം വരുന്നവരാണ്. ഇവരൊന്നും സിനിമയില്‍ ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. ഇതിനു പുറമേ ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, അല്‍ത്താഫ്, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു എന്നിവരൊക്കെ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം വന്നുപോകുന്നുണ്ട്.
Content Highlight: Nayanthara’s sumangali unnikrishnan is an unnecessary character in gold movie