Film News
ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം, നയൻതാര ചിത്രം അന്നപൂരണി നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 11, 09:15 am
Thursday, 11th January 2024, 2:45 pm

നയൻ‌താര പ്രധാന വേഷത്തിൽ എത്തിയ അന്നപൂരണിയെന്ന ചിത്രം നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തു. നിർമാതാക്കളിലൊന്നായ സീ സ്റ്റുഡിയോയാണ് അവരുടെ വാർത്താക്കുറിപ്പിൽ വിവരം പുറത്തുവിട്ടത്.

അന്നപൂരണിക്കെതിരെ ഉയർന്നു വന്ന ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമാണ് നടപടി സ്വീകരിക്കാൻ കാരണമായത്. ചിത്രം മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് മുംബൈ പൊലീസിൽ പരാതി എത്തിയിരുന്നു.

മത വികാരം വൃണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നതിനോടൊപ്പം വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും സീ സ്റ്റുഡിയോ അവരുടെ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

ഹിന്ദു ഐടി സെല്ലാണ് മുംബൈ എൽ.ടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്ന് ടൈംസ് ഓഫ്‌ ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. തിയേറ്റർ റിലീസിനു ശേഷം ഡിസംബർ 29ന് ആയിരുന്നു ചിത്രം ഒ. ടി. ടിയിൽ എത്തിയത്. പിന്നാലെയാണ് ചിത്രം മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണം പല കോണുകളിൽ നിന്ന് ഉയർന്ന് വന്നത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്.

പാചക വിദഗ്ധയാവാൻ ആഗ്രഹിക്കുന്ന അവൾ നേരിടുന്ന പ്രതിസന്ധികളെല്ലാമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഫർഹാൻ എന്ന കഥാപാത്രമായെത്തുന്ന ജയ് ആണ് ചിത്രത്തിലെ നായകൻ. ശ്രീരാമൻ മാസബുക്കാണെന്ന് ചിത്രത്തിൽ ജയിയുടെ കഥാപാത്രം പറയുന്നുണ്ട്. ബിരിയാണി പാചകം ചെയ്യുന്നതിന് മുൻപ് നിസ്കരിക്കുന്ന നയൻതാരയേയും ചിത്രത്തിൽ കാണാം. അന്നപൂരണി ലവ് ജിഹാദിനെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വലിയ തോതിൽ ആരോപണം ഉയർന്നിരുന്നു.

Content Highlight: Nayanthara’s Film Annapoorani Removed By Netflix