Film News
നയന്‍താരയുടെ ഡോക്യുമെന്ററി; ധനുഷിന്റെ ഹരജി പരിഗണിക്കരുതെന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ആവശ്യം തള്ളി ഹൈക്കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 28, 07:45 am
Tuesday, 28th January 2025, 1:15 pm

നയന്‍താരയുടെ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടി. ധനുഷിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.

പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു ധനുഷ് ഹരജി നല്‍കിയിരുന്നത്. ധനുഷിന്റെ ഹരജിയില്‍ ഫെബ്രുവരി അഞ്ചിന് വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി. അനുമതിയില്ലാതെ നാനും റൗഡി താന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരായ ഹരജിയാണ് പരിഗണിക്കുക.

അനുമതിയില്ലാതെ സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും നയന്‍താരയുടെ പങ്കാളിയുമായ വിഘ്‌നേഷ് ശിവന്‍, വിഘ്നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ എന്നിവര്‍ക്കെതിരെ ആയിരുന്നു ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഓഫീസ് മുംബൈയിലായതിനാല്‍ ഹരജി മദ്രാസ് ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നുമായിരുന്നു ധനുഷ് തന്റെ ഹരജിയിലൂടെ ആവശ്യപ്പെട്ടത്. ഇത് തള്ളണമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ആവശ്യം.

ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുള്ള നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നേരത്തെ തന്നെ യൂട്യൂബില്‍ പ്രചരിച്ചിരുന്നുവെന്നും അപ്പോള്‍ കേസ് നല്‍കാതിരുന്ന ധനുഷ് ഡോക്യുമെന്ററിക്ക് പിന്നാലെ കേസ് നല്‍കിയത് വ്യക്തിപരമായ തര്‍ക്കത്തിന്റെ പേരിലാണെന്നും നെറ്റ്ഫ്‌ളിക്‌സ് വാദിച്ചിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ചു.

Content Highlight: Nayanthara’s Documentary; The High Court rejected Netflix’s request not to consider Dhanush’s plea