രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ അഭിനയിക്കാം; എ.ആര്‍ മുരുകദോസിന്റെ ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്
Tollywood
രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ അഭിനയിക്കാം; എ.ആര്‍ മുരുകദോസിന്റെ ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2019, 9:15 pm

നയന്‍താരയും രജനീകാന്തും അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുകദോസിനെ ട്വിറ്ററില്‍ മെന്‍ഷന്‍ ചെയ്താണ് ഡ്യൂക്ക് അവസരം ചോദിച്ചത്.

”എനിക്ക് തമിഴ് സംസാരിക്കാനറിയില്ല. ദീര്‍ഘനാളായി അമേരിക്കയില്‍ താമസിക്കുന്ന രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ എനിക്ക് അഭിനയിക്കാന്‍ കഴിയും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്കെന്നെ ഉള്‍പ്പെടുത്താന്‍ കഴിയും. അനിരുദ്ധിന് എല്ലാ താരങ്ങള്‍ക്കുവേണ്ടിയും ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?” – ഡ്യൂക്ക് ട്വിറ്ററില്‍ കുറിച്ചു.

‘സര്‍, ഇത് താങ്കള്‍ തന്നെയാണോ’ എന്നായിരുന്നു ബില്‍ ട്യൂക്കിന്റെ ട്വീറ്റ് കണ്ട് മുരുഗദോസിന്റെ പ്രതികരണം. ഡ്യൂക്കിന്റെ ട്വിറ്റര്‍ ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നും മുരുഗദോസ് സംശയം ഉന്നയിച്ചു.

എന്നാല്‍ ഇത് തന്റെ യഥാര്‍ഥ അക്കൗണ്ടാണെന്നും മുരുകദോസിന്റെ സിനിമകളുടെ ആരാധകനാണെന്നും ഡ്യൂക്ക് മറുപടി നല്‍കി. തനിക്ക് 76 വയസ്സായെന്നും നിക്കൊളാസ് കേജ് നായകനായ മാന്‍ഡിയിലാണ് ഒടുവില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ പ്രധാനവേഷത്തിലെത്തിയ കമാന്റോ, പ്രെഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബില്‍ ഡ്യൂക്ക്.