ഹാപ്പി ബര്‍ത്ത് ഡേ നയന്‍താര,നിങ്ങള്‍ ഒരു മറുപടിയാണ്...
Entertainment
ഹാപ്പി ബര്‍ത്ത് ഡേ നയന്‍താര,നിങ്ങള്‍ ഒരു മറുപടിയാണ്...
അഭിനന്ദ് ബി.സി
Sunday, 17th November 2019, 5:45 pm

‘ഇവിടെ എത്ര നല്ല സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് തന്നെ കിട്ടണമെന്നില്ലല്ലോ. എനിക്ക് കിട്ടുന്ന റോളുകള്‍ ഇതാണ്. ഇതൊരു തൊഴില്‍ മേഖലയാണ്. ഇവിടെ പിടിച്ചു നിന്നേ പറ്റൂ.’

ഉള്‍ക്കാമ്പില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച കാലത്ത് നയന്‍താര  നല്‍കിയ വിശദീകരണമാണിത്. അന്ന് ഈ നടി പറഞ്ഞതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയവര്‍ എത്ര പേരുണ്ട് ?

നയന്‍ താരയുടെ ജന്‍മദിനമാണ് നാളെ.പതിനാറു വര്‍ഷം കടക്കുന്നു നയന്‍താരയുടെ തെന്നിന്ത്യന്‍ സിനിമയിലെ ജൈത്രയാത്ര തുടങ്ങിയിട്ട്.
കേവലം ഒരു തെന്നിന്ത്യന്‍ നടിയല്ല ഇന്ന് ഈ അഭിനേത്രി. താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ തനിക്ക് ലഭിക്കേണ്ട സ്ഥാനം പൊരുതി നേടിയ വ്യക്തിയാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മനസ്സിനക്കരെയിലൂടെ മലയാളികള്‍ക്കു മുമ്പിലെത്തെയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാവില്ല തെന്നിന്ത്യന്‍ സിനിമ അടക്കി വാഴുന്ന താരറാണിയായി നയന്‍താര മാറുമെന്ന്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൂപ്പര്‍ നായകന്‍മാര്‍ മാത്രം അടക്കി വാണ തെന്നിന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ അഭിനയജീവിതത്തിന് ചുരുങ്ങിയ വര്‍ഷങ്ങളുടെ ആയുസ്സേ പൊതുവേ ഉണ്ടാകാറുള്ളൂ. അതിനുള്ളില്‍ നാലോ അഞ്ചോ സൂപ്പര്‍സ്റ്റാറുകളുടെയൊപ്പം ഒന്നോ രണ്ടോ വീതം സിനിമ. ചിലതില്‍ പാട്ടുസീനുകള്‍. പുതിയമുഖങ്ങള്‍ വരുന്നതോടു കൂടി ഇവര്‍ ഔട്ടാകുന്നു. പുതുതായി വന്നവര്‍ ഇവര്‍ ചെയ്തതിന്റെ തനിയാവര്‍ത്തനം നടത്തുന്നു.

ഇതില്‍ വിയോജിപ്പുകളുള്ള നടിമാര്‍ക്ക് മാറി നില്‍ക്കാം. കാരണം പകരം ആളുണ്ട്. ഈ സ്റ്റീരിയോടൈപ്പുകളെ മലര്‍ത്തിയടിച്ച ആദ്യ നടിയായിരിക്കും ഒരു പക്ഷേ നയന്‍താര. തെന്നിന്ത്യയില്‍ നടിമാര്‍ക്ക് പൊതുവെ ലഭിക്കാത്ത ‘റിപ്പീറ്റഡ് ഫേസ് വാല്യൂ’ എന്ന ഘടകം നേടിയെടുത്ത അപൂര്‍വ്വം നടിമാരിലൊരാളാള്‍.

അതു പക്ഷേ സിനിമയിലെ പുരോഗമന വാദികളുടെ പിന്തുണയോടെയോ അഭിപ്രായ പ്രകടനങ്ങങ്ങളിലൂടെയോ പരാതികളിലൂടെയോ ഒന്നുമായിരുന്നില്ല.

തന്റേതായ രീതിയില്‍, തന്റേതായ തീരുമാനങ്ങളിലൂടെയാണ്. ആ തീരുമാനങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കുന്ന വിധിനിര്‍ണയങ്ങള്‍ക്കും നയന്‍താര നിന്നു കൊടുത്തിട്ടില്ല. ഈ രീതിയിലൂടെ ഈ നടി നേടിയെടുത്ത വിജയങ്ങള്‍ ചെറുതല്ല.

തമിഴ് സിനിമാ മേഖലയില്‍ ഒരു സത്രീ കേന്ദ്ര കഥാപാത്രമവതരിപ്പിക്കുന്ന സിനിമയും ബോക്‌സ് ഓഫീസില്‍ വിജയം കാണുമെന്ന് ഇവര്‍ തെളിയിച്ചു. പുരുഷ താരങ്ങള്‍ക്ക് കിട്ടുന്ന അതേ സ്റ്റാര്‍ വാല്യു ഒരു നടിക്കും കിട്ടുമെന്ന് കാട്ടി. നടന്‍മാര്‍ക്ക് കിട്ടുന്ന അതേ പ്രതിഫലത്തിന് നടിമാരും അര്‍ഹരാണെന്ന് തെളിയിച്ചു. ഒരു നടിയുടെ സിനിമാ ജീവിത വിജയം ബോളിവുഡിലെത്തിയാലേ സാധ്യമാകൂ എന്ന ധാരണ മാറ്റി. ഇതുവരെയും ഒരു ബോളിവുഡ് ചിത്രത്തില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല. നിലനില്‍ക്കുന്ന മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്താമെന്ന് നയന്‍താരക്ക് അത്രമാത്രം ഉറപ്പുണ്ടായിരുന്നു.

പക്ഷേ അത്ര എളുപ്പമായിരുന്നില്ല തിരുവല്ലയില്‍ ജനിച്ച ഡയാന എന്ന സാധാരണ ഒരു മലയാളി പെണ്‍കുട്ടിക്ക് ഈ ഉയരങ്ങളിലെത്തല്‍.

സത്യന്‍ അന്തിക്കാടിന്റെ സിനിമയായ മനസ്സിനക്കരെയില്‍ തുടങ്ങിയ നയന്‍താരയെ മലയാളികള്‍ ആദ്യം കൈ നീട്ടി സ്വീകരിച്ചിരുന്നില്ല എന്നാതാണ് യാഥാര്‍ഥ്യം.

കേരളത്തിലെ സിനിമാപ്രേക്ഷകര്‍ നടിമാരെ കുറിച്ചുണ്ടാക്കിയ പൊതുബോധത്തിനായിരുന്നു അവരുടെ ആദ്യ പ്രഹരം. അവര്‍ അവരുടെ കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം ധരിച്ചു. തന്റെ പ്രണയവും പ്രണയനഷ്ടത്തിലുമൊന്നും ഒരു ഒളിവോ മറവോ വെച്ചില്ല. കടിച്ചു കീറാന്‍ വന്ന സദാചാര ആക്രമണങ്ങളെ സധൈര്യം നേരിട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്നെ ഇഷ്ടപ്പെടാത്തവര്‍ എന്റെ സിനിമ കാണാതിരിക്കുക. ഞാന്‍ എന്റെ സംവിധായകര്‍ ആവശ്യപ്പെടുന്ന രീതിയിലാണ് അഭിനയിക്കുന്നത്. ഇഷ്ടമുള്ളവര്‍ കാണുക ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക. ‘, ഗ്ലാമറസായി അഭിനയിക്കുന്നതിന്റെ പേരില്‍ നിരന്തരമായി വന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ നല്‍കിയ മറുപടിയാണിത്. അത്രമാത്രം ആത്മ വിശ്വാസം ഈ നടി ഏതു വിഷമഘട്ടങ്ങളിലും കാണിച്ചു. അന്ന് മലയാളികള്‍ ആഘോഷിച്ച നടിമാരില്‍ പലരും ഇന്ന് ചിത്രത്തില്‍ പോലുമില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

ചന്ദ്രമുഖി എന്ന സിനിമയില്‍ രജനീകാന്തിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സൂപ്പര്‍ നായികമാരുടെ പട്ടികയിലേക്ക് നടി കടന്നു വരികയും ചെയ്തു.വിവാദങ്ങളുടെ തോഴിയായി മാറിയ നയന്‍താരയുടെ വ്യക്തി ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരുന്നു. നയന്‍താരയുടെ പ്രണയജീവിതം മാധ്യമങ്ങളില്‍ ആഘോഷമായി. വിവാഹം കഴിഞ്ഞു, ഒളിച്ചോടി തുടങ്ങിയ വാര്‍ത്തകള്‍ നല്‍കി മുഖ്യധാര മാധ്യമങ്ങള്‍ തങ്ങളുടെ അല്‍പ്പത്തരം പുറത്തെടുത്തു. ഇതൊന്നും തന്റെ സിനിമാ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നടി ശ്രദ്ധിച്ചു. പക്ഷേ കാമ്പില്ലാത്ത കഥാപാത്രങ്ങളാണ് നടിക്കധികവും ലഭിച്ചു കൊണ്ടിരുന്നത്. ഒരു പക്ഷേ ഇലക്ട്ര എന്ന ശ്യാമപ്രസാദിന്റെ സിനിമ മാത്രമാണ് സമാന്തരസിനിമ വിഭാഗത്തില്‍ നിന്നായി നടി അഭിനയിച്ചത്. പക്ഷേ താര പദവി അപ്പോഴും നിലനിര്‍ത്തി.

എന്നാല്‍ ഇടയ്ക്കൊരു തവണ നയന്‍താരയുടെ കാലിടറിയിട്ടുണ്ട്. പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതും അതിന്റെ പേരില്‍ മാധ്യങ്ങളില്‍ നിന്നുണ്ടായ ആക്രമണവും കാരണം ഒരു വര്‍ഷത്തോളം നയന്‍താര സിനിമയില്‍ നിന്ന് വിട്ടു നിന്നു.ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച നടി തെലുങ്ക് സിനിമയായ ശ്രീരാമ രാജ്യം എന്ന സിനിമയില്‍ സീതയെ അവതരിപ്പിച്ചു നടി അത്യുഗ്രന്‍ തിരിച്ചു വരവ് നടത്തി.

തുടര്‍ന്ന് അറ്റ്ലിയുടെ രാജാറാണി എന്ന സിനിമ വന്‍ വിജയമായതോടെ താരത്തിന്റെ കൈയ്യില്‍ കൈനിറയെ പടങ്ങളായി. മായ എന്ന ഹൊറര്‍ സിനിമ വന്‍വിജയമായതോടെ തനിക്കൊറ്റയ്ക്ക് ഒരു സിനിമ തോളിലേറ്റാം എന്ന് ഈ നടി തെളിയിച്ചു. പിന്നീട് തുടരെ തുടരെ സ്ത്രീകേന്ദ്രീകൃത സിനിമകളുടെ നായികയായി നടി മാറി. തെന്നിന്ത്യയില്‍ ഇന്നോളം ഒരു നടിയുടെ തിരിച്ചുവരവ് അവര്‍ ഉപേക്ഷിച്ച താരകീരീടം നേടാനുതകുന്നതായിരുന്നില്ല.

അതിനേക്കാളുപരി തന്നെ ഒരുകാലത്ത് അധിക്ഷേപിച്ചവരുടെ വായടപ്പിക്കാനും നടിക്കായി. തമിഴ് സിനിമയിലെ  പുരുഷ  താരങ്ങള്‍ക്ക് ഉള്ള അതേ ആരാധകവൃത്തത്തെ നടി സൃഷ്ടിക്കുകയും ചെയ്തു.

ഒരര്‍ത്ഥത്തില്‍ നയന്‍താര എന്നു പറയുന്ന നടി ഒരു മറുപടിയാണ്. തന്റെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്നവരോട്, ഉയര്‍ന്നു വരുന്തോറും വീണ്ടു വീണ്ടും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നവരോട് നിറമുള്ള സ്വപ്നങ്ങള്‍ നേടിയെടുക്കാനാഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും ഉറക്കെ പറയാവുന്ന മറുപടി.

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.