ഒരു പെണ്ണ് കസേര വലിച്ചിട്ടു കാണിച്ചു തരുന്നു; നക്ഷത്ര സിംഹാസനങ്ങള്‍ക്ക് ഞങ്ങളും അവകാശികളാണെന്ന്
FB Notification
ഒരു പെണ്ണ് കസേര വലിച്ചിട്ടു കാണിച്ചു തരുന്നു; നക്ഷത്ര സിംഹാസനങ്ങള്‍ക്ക് ഞങ്ങളും അവകാശികളാണെന്ന്
ഷിബു ഗോപാലകൃഷ്ണൻ
Tuesday, 26th November 2024, 12:55 pm

മലയാളത്തില്‍ നിന്നും പുറപ്പെട്ട ഏതെങ്കിലും ഒരു നടനെയോ നടിയെയോ വച്ച് ഇങ്ങനെയൊന്ന് നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ ആലോചിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാല്‍ അത്തരമൊരു സിംഹാസനത്തില്‍ എത്തിപ്പെട്ട ഒരേയൊരു മലയാളിയാണ് നയന്‍താര. അതിന് പിന്നില്‍ കച്ചവടം ഉണ്ടായിരിക്കാം, അതില്‍ നെറ്റ്ഫ്‌ളിക്‌സിനും നയന്‍താരക്കും പങ്കുണ്ടായിരിക്കാം.

എന്നാല്‍, അത്തരമൊരു കച്ചവട സാധ്യതയിലേക്കുള്ള നയന്‍താര എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് പിന്നില്‍ അവരുടെ നിശ്ചയമുണ്ട്. അവര്‍ക്കുള്ളിലാണ് അങ്ങനെയൊരു സിംഹാസനം ആദ്യമായി പണികഴിക്കപ്പെട്ടത്. തനിക്കു ചുറ്റുമുള്ള ലോകത്തെ അതിനു പാകപ്പെടുത്തി എടുത്തതിന് പിന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്ത അവരുടെ മനസുണ്ട്, മനഃശക്തിയുണ്ട്.

യഷ് ചോപ്ര, ഷാരൂഖ് ഖാന്‍, രാജമൗലി – ഇവര്‍ക്ക് ശേഷമുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യൂമെന്ററിയിലെ ഇന്ത്യന്‍ ചലച്ചിത്ര സാന്നിധ്യമാണ് നയന്‍താര. എന്നുപറഞ്ഞാല്‍ നാല്‍പത് വയസ്സിനുള്ളില്‍ അവര്‍ സൃഷ്ടിച്ചെടുത്ത കച്ചവട മൂല്യത്തിന്റെ മികവു കൊണ്ടാണ് അത് സംഭവിക്കുന്നത്.

നമ്മുടെ തിരുവല്ലയില്‍ ജീവിച്ച കോട്ടയത്തെ ഒരു കോളേജില്‍ പഠിക്കാന്‍ പൊയ്‌ക്കൊണ്ടിരുന്ന ഒരു പെങ്കൊച്ച് വീണും എഴുന്നേറ്റും എത്തിച്ചേര്‍ന്ന ഉയരമാണത്. വീണുപോകാവുന്ന ഇടര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുവന്ന ഉയരമാണ്. പൊട്ടിപ്പൊളിഞ്ഞു പോകുമായിരുന്ന ഒരു ജീവിതത്തെ അവര്‍ എത്ര തിളക്കത്തോടെയാണ് താരങ്ങളുടെ ഇടയില്‍ എത്തിച്ചത്.

ഇച്ഛകൊണ്ട് തിരിച്ചു നടന്ന ഒരാളെ ഈ ഡോക്യൂമെന്ററിയില്‍ കാണാം. ഒരാള് പോലും എന്നോട് ചോദിച്ചില്ല എന്നു പലതവണ നയന്‍താര പറയുന്നുണ്ട്. വീഴ്ചയുടെ നിമിഷങ്ങളില്‍ ഒറ്റക്ക് ആയിരുന്നുവെന്ന് ആവര്‍ത്തിക്കുന്നുണ്ട്.

സ്വന്തം ജീവിതം കാണിച്ചു കൊടുത്ത് അതിനെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞും മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു ലോകം സൃഷ്ടിച്ചു വിജയിക്കുമെന്ന് തീരുമാനിച്ച നിമിഷത്തെ കുറിച്ചു പറയുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ മാത്രമല്ല മനുഷ്യനെന്ന നിലയിലും രോമാഞ്ചം വരും.

അങ്ങനെ ഒന്നും ആര്‍ക്കും തോല്‍പ്പിച്ചു കളയാവുന്ന ഒന്നല്ല ജീവിതമെന്നും ആകാശങ്ങള്‍ പിന്നെയും ബാക്കിയുണ്ടെന്നും അവിടെ നക്ഷത്ര സിംഹാസനങ്ങള്‍ ഉണ്ടെന്നും അതിനു ഞങ്ങളും അവകാശികളാണെന്നും ഒരു പെണ്ണ് കസേര വലിച്ചിട്ടു കാണിച്ചു തരുമ്പോള്‍ അതിന് മുന്നിലിരുന്നു അന്തംവിടുന്നത് തന്നെയൊരു ഇതാണ്.

Content Highlight: Nayanthara: Beyond The Fairy Tale, Nayanthara’s Documentry In Netflix