| Tuesday, 12th December 2023, 4:33 pm

എന്റെ അപ്രൂവല്‍ ഇല്ലാതെ ഒരു സീനും പോവരുതെന്ന് പറഞ്ഞിരുന്നു, എന്നാല്‍ അത് മാത്രം എന്നോട് പറയാതെ ചെയ്തു: നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ ദയവ് ചെയ്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത് എന്ന് നടി നയന്‍താര. അങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ശകാരിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും നയന്‍താര പറഞ്ഞു. അന്നപൂരണി സിനിമയുടെ ഭാഗമായി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര. നടന്‍ ജയ്, സംവിധായകന്‍ നിലേഷ് കൃഷ്ണ എന്നിവരും നയന്‍താരക്കൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു.

അവതാരക ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണത്തെ പറ്റി ചോദിക്കുമ്പോഴായിരുന്നു താരത്തിന്റെ മറുപടി. ‘ദയവായി എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ അവര്‍ ശകാരിക്കുന്നത് പോലെയാണ് തോന്നുന്നത്,’ നയന്‍താര പറഞ്ഞു.

ഈ സമയം അന്നപൂരണി സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ടാഗ് വെച്ചതിനെ പറ്റി നിലേഷ് കൃഷ്ണയും പറഞ്ഞു. ‘സിനിമയുടെ തുടക്കത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ 75 ലോഗോ വരുമല്ലോ, അത് ഞാന്‍ സര്‍പ്രൈസ് ആയി വെച്ചിരുന്നതാണ്. പടം കാണുമ്പോള്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് ഞാന്‍ മാമിനോട് പറഞ്ഞിരുന്നു. ഒരു ഫാന്‍ബോയ് സംഭവമായിരിക്കട്ടെ എന്ന് വിചാരിച്ചു,’ നിലേഷ് പറഞ്ഞു.

താനെല്ലാം ചെക്ക് ചെയ്തിരുന്നുവെന്നും ഒന്നും തന്റെ അപ്രൂവല്‍ ഇല്ലാതെ പോവരുത് എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത് മാത്രം തന്നോട് പറയാതെ ചെയ്തുവെന്നുമായിരുന്നു ഇതിനോടുള്ള നയന്‍താരയുടെ പ്രതികരണം.

ഡിസംബര്‍ ഒന്നിനാണ് അന്നപൂരണി റിലീസ് ചെയ്തത്. സീ സ്റ്റുഡിയോസ് ട്രൈഡന്റ് ആര്‍ട്സ്, നാഡ് സ്റ്റുഡിയോസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍മിക്കുന്നത്.

ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, അച്യുത് കുമാര്‍, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Nayanthara about the lady superstar tag in annapoorani movie

We use cookies to give you the best possible experience. Learn more